Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടതുകര കനാലി​െൻറ...

ഇടതുകര കനാലി​െൻറ തകര്‍ച്ച: അടിയന്തര നടപടി വേണം - ബ്ലോക്ക് പഞ്ചായത്ത്

text_fields
bookmark_border
അങ്കമാലി: ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്‌കീമി​െൻറ ഇടതുകര മെയിന്‍ കനാലി​െൻറ ജലപ്രളയത്തില്‍ തകര്‍ന്ന ബണ്ടുകള്‍ അടിയന്തരമായി പുനര്‍നിർമിക്കണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആഗസ്റ്റ് 16,17,18 തീയതികളില്‍ ചാലക്കുടി പുഴയിലുണ്ടായ വെള്ളപ്പൊക്കമാണ് ഇടതുകര മെയിന്‍ കനാലി​െൻറ ആദ്യത്തെ അഞ്ച് കിലോ മീറ്റര്‍ ഭാഗത്ത് വിവിധ ഭാഗങ്ങളില്‍ ബണ്ട് തകരാനിടയാക്കിയത്. തുമ്പൂര്‍മുഴി ഡാം മുതല്‍ കട്ടിങ് വരെയുള്ള വിവിധ ഭാഗങ്ങളില്‍ ബണ്ട് തകര്‍ന്ന് ഒലിച്ചുപോയിരിക്കുന്നു. കട്ടിങ്ങില്‍ ബണ്ടിടിഞ്ഞ് കനാല്‍ തടസ്സപ്പെട്ട് കിടക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ബണ്ട് പുനര്‍നിര്‍മാണം നടത്തിയാല്‍ മാത്രമേ കനാലിലൂടെ വെള്ളം തിരിക്കാനാകൂ. ജില്ലയിലെ മൂക്കന്നൂര്‍, കറുകുറ്റി, തുറവൂര്‍, അയ്യമ്പുഴ, മഞ്ഞപ്ര, കാലടി, പാറക്കടവ്, തൃശൂര്‍ ജില്ലയിലെ മേലൂര്‍, കൊരട്ടി, അന്നമനട പഞ്ചായത്തുകളില്‍ ജലസേചനം നടത്തുന്നത് ഇടതുകര മെയിന്‍ കനാലിലൂടെയാണ്. കര്‍ഷകസമിതികളുടെ നേതൃത്വത്തിലുള്ള 13 കമ്യൂണിറ്റി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും കേരള വാട്ടര്‍ അതോറിറ്റിയുടെ താബോര്‍ ശുദ്ധജല വിതരണ പദ്ധതിയുടെയും അയ്യമ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെയും ആറ് സ്വജല്‍ധാര കുടിവെള്ള പദ്ധതികളുടെയും ഇരുപതിലേറെ ചെറിയ കുടിവെള്ള പദ്ധതികളുടെയും ജലസ്രോതസ്സ് ഇടതുകര മെയിന്‍ കനാലാണ്. കനാലി​െൻറ തകര്‍ച്ചയില്‍ മുപ്പതിനായിരത്തിലേറെ കുടുംബങ്ങള്‍ ആശങ്കയിലാണ്. മഴ മാറിയതോടെ താബോര്‍, കോക്കുന്ന്, പറമ്പയം, ദേവഗിരി, ആനപ്പാറ, വാതക്കാട് പ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയിലായി. കുടിവെള്ള കിണറുകള്‍ വറ്റിത്തുടങ്ങി. കാര്‍ഷിക മേഖലയ്ക്കും വലിയ ക്ഷീണം ചെയ്തിട്ടുണ്ട്. വെയില്‍ കടുത്തതോടെ ജാതി, വാഴ തുടങ്ങിയ വിളകളെ ഉണക്ക് ബാധിച്ചുതുടങ്ങി. ബ്രാഞ്ച് കനാലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൂതംകുറ്റി ബ്രാഞ്ച് കനാലി​െൻറ മൂലേപ്പാറ ഭാഗം തകര്‍ന്നു. കാലടി മെയിന്‍ കനാലിനും ആനപ്പാറ, കൊമരപ്പാടം ബ്രാഞ്ച് കനാലുകള്‍ക്കും സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ടി.എം. വർഗീസ് പ്രമേയം അവതരിപ്പിച്ചു. സിജു ഈരാളി പിന്താങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വത്സ സേവ്യര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.വൈ. വർഗീസ്, ഷാജു വി. തെക്കേക്കര, ചെറിയാന്‍ തോമസ്, എം.പി. ലോനപ്പന്‍, ജയ രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.പി. ജോർജ്, കെ.പി. അയ്യപ്പന്‍, ഗ്രേസി റാഫേല്‍, അംഗങ്ങളായ ഷേര്‍ളി ജോസ്, എ.എ. സന്തോഷ്, എല്‍സി വർഗീസ്, റെന്നി ജോസ്, വനജ സദാനന്ദന്‍, അല്‍ഫോണ്‍സ പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story