Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:26 AM GMT Updated On
date_range 2018-03-30T10:56:58+05:30പണിമുടക്കിൽ എല്ലാവിഭാഗം തൊഴിലാളികളും പങ്കെടുക്കും ^സംയുക്ത ട്രേഡ് യൂനിയന്‍
text_fieldsപണിമുടക്കിൽ എല്ലാവിഭാഗം തൊഴിലാളികളും പങ്കെടുക്കും -സംയുക്ത ട്രേഡ് യൂനിയന്‍ കൊച്ചി: സ്ഥിരം തൊഴില്‍ സംവിധാനം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ ജില്ലയിലെ എല്ലാവിഭാഗം തൊഴിലാളികളും അണിചേരുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബി.എം.എസ് ഒഴികെ എല്ലാ തൊഴിലാളി സംഘടനകളും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓട്ടോ, ടാക്‌സി, ലോറി-മിനി ലോറി, ബസ്, ബോട്ട് തുടങ്ങിയ വാഹനങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. നാളെ മണ്ഡലം-ഏരിയ കേന്ദ്രങ്ങളില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. സ്ഥാപനങ്ങളില്‍ 29 മുതല്‍ നടത്തുന്ന വിശദീകരണയോഗങ്ങള്‍ തുടരും. ഏപ്രില്‍ ഒന്നിന് പ്രാദേശികമായി പന്തം കൊളുത്തി പ്രകടനവും നടത്തും. പണിമുടക്ക് ദിവസമായ ഏപ്രില്‍ രണ്ടിന് ജില്ല കേന്ദ്രമായ എറണാകുളത്ത് പ്രകടനം നടക്കും. പ്രാദേശിക കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കും. ജില്ലയിലെ വന്‍കിട വ്യവസായശാലകളായ കപ്പല്‍ശാല, എച്ച്.എം.ടി, എഫ്.എ.സി.ടി, കൊച്ചിന്‍ റിഫൈനറി, എച്ച്.ഒ.സി, എച്ച്.ഐ.എല്‍, കെ.പി.ബി.എസ്, കൊച്ചി തുറമുഖം സ്‌പെഷല്‍ ഇക്കണോമിക് സോണിലെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളി സംഘടനകള്‍ പണിമുടക്കാനുള്ള തീരുമാനം സംയുക്തമായി മാനേജ്മെൻറുകളെ അറിയിച്ചിട്ടുണ്ട്. ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്റ്റോറുകള്‍, പത്രം-പാല്‍ വിതരണം, മരണാവശ്യങ്ങള്‍, വിവാഹ വാഹനങ്ങള്‍, മലയാറ്റൂര്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ തുടങ്ങിയവ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. വാര്‍ത്തസമ്മേളനത്തില്‍ വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് സി.കെ. മണിശങ്കര്‍, കെ.കെ. ഇബ്രാഹിംകുട്ടി, കെ.എന്‍. ഗോപിനാഥ്, ജോൺ ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.
Next Story