Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 4:59 AM GMT Updated On
date_range 2018-03-06T10:29:59+05:30പീഡനം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് മടി
text_fieldsപറവൂർ: വിദേശ പൗരത്വമുള്ള യുവതിയെ റിസോർട്ടിൽ പീഡിപ്പിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നു. ഉത്തരവിനെതിരെ അപ്പീൽ പോയി അനുകൂല ഉത്തരവ് സമ്പാദിച്ച് അറസ്റ്റ് ഒഴിവാക്കാൻ പൊലീസ് അവസരമൊരുക്കുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പ്രതിയായ റിസോർട്ട് ഉടമ തൃശൂർ സ്വദേശി വിനീത് വിശ്വംഭരനെ സഹായിക്കാൻ തൃശൂരിലെ ചില സി.പി.എം നേതാക്കൾ ഡി.ഐ.ജിതലത്തിൽ ഇടപെട്ടിരുന്നതായും ആരോപണമുണ്ട്. ഈ മാസം ഒന്നിനാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. ബ്രിട്ടീഷ് പൗരത്വമുള്ള ഡൽഹി സ്വദേശിനിയാണ് പറവൂർ മാളവന സ്റ്റേഷൻകടവ് റോഡിലെ ക്രാങ്കനൂർ ഹിസ്റ്ററി കഫേ റിസോർട്ടിൽ പീഡനത്തിന് ഇരയായത്. 2017 ഒക്ടോബർ 26നാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. യുവതി പുത്തൻവേലിക്കര പൊലീസിൽ പരാതിയും അങ്കമാലി മജിസ്ട്രേറ്റ് മുമ്പാകെ മൊഴിയും നൽകി. പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തില്ല. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. ഇതോടെ പ്രതിയുടെ ഉന്നതബന്ധം പുറത്തായി. യുവതിയും പ്രതിയും ജാംഷഡ്പൂരിൽ സഹപാഠികളായിരുന്നു. ലണ്ടനിൽ സ്ഥിരതാമസമാക്കിയ യുവതി കുടുംബസമേതം ഒക്ടോബറിൽ കേരളത്തിലെത്തി. ചെറായിയിൽ ഒരു റിസോർട്ടിലായിരുന്നു താമസം. യുവതി എത്തിയ വിവരമറിഞ്ഞ വിനീത് വിശ്വംഭരൻ യുവതിയെ തെൻറ റിസോട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. സന്ദർശനം കഴിഞ്ഞ് മടങ്ങിയ യുവതി ഇ-മെയിൽ മുഖേനയാണ് പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ജാമ്യത്തിനായി ജില്ല കോടതിയെ സമീപിച്ചെങ്കിലും തള്ളി. പിന്നീട് ഹൈകോടതിയും ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. പീഡനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നുകഴിഞ്ഞിട്ടുണ്ട്.
Next Story