Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒരുക്കം പൂർണം;...

ഒരുക്കം പൂർണം; തീർഥാടകരെക്കാത്ത് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ്​

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഹാജിമാരെ സ്വീകരിക്കാൻ ഒരുങ്ങി. എയർക്രാഫ്റ്റ് മെയിൻറനൻസ് ഹാങ്കറിനോട് ചേർന്നുള്ള സിയാൽ അക്കാദമിയിലാണ് ഈ വർഷത്തെ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. 31ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. കേരളത്തിനുപുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും നെടുമ്പാശ്ശേരി വഴിയാണ് പുണ്യഭൂമിയിലേക്ക് യാത്രയാകുന്നത്. കഴിഞ്ഞ മൂന്ന് വർഷവും എയർക്രാഫ്റ്റ് മെയിൻറനൻസ് ഹാങ്കറിലായിരുന്നു ക്യാമ്പ്. ഇത്തവണ സാങ്കേതിക തടസ്സങ്ങൾമൂലം തൊട്ടടുത്ത സിയാൽ അക്കാദമിയിലേക്ക് മാറ്റുകയായിരുന്നു. ഹാജിമാർക്ക് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹാജിമാർ, വളൻറിയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ താമസം, ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ് സെൽ ഓഫിസ്, അലോപ്പതി-ഹോമിയോ വിഭാഗങ്ങൾ, ബാങ്ക് കൗണ്ടറുകൾ തുടങ്ങിയവക്ക് അക്കാദമി കെട്ടിടത്തിൽ തന്നെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. നമസ്കാര സ്ഥലം, കോൺഫറൻസ് ഹാൾ, വിശ്രമകേന്ദ്രം എന്നിവക്ക് താൽക്കാലിക പന്തൽ ഒരുക്കി. കാൻറീൻ സൗകര്യങ്ങളും വിപുലപ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറോളം വളൻറിയർമാരാണ് സേവനത്തിനുണ്ടാവുക. 1300 മുതൽ 1400 വരെ തീർഥാടകർക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യമുണ്ട്. നമസ്കാര ഹാളിൽ 1200 പുരുഷന്മാർക്കും 800 സ്ത്രീകൾക്കും ഒരേസമയം നമസ്കരിക്കാം. കോൺഫറൻസ് ഹാളിൽ ഒരേസമയം രണ്ടായിരത്തോളം പേർക്ക് ഇരിക്കാനും സൗകര്യമുണ്ട്. കാൻറീനിൽ ഒരേസമയം 250 പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയും. പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ പൊതുജനങ്ങൾക്ക് ക്യാമ്പിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹാജിമാരെ യാത്രയാക്കാൻ എത്തുന്നവർ രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുള്ള വിമാനത്താവളത്തിലെ 'ടി-3' ടെർമിനലിൽനിന്ന് മടങ്ങണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് പ്രവർത്തനം ബുധനാഴ്ച മുതൽ നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. 66 ലക്ഷം രൂപ ചെലവിൽ സിയാലാണ് എല്ലാ ഒരുക്കവും പൂർത്തിയാക്കിയത്. എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ നേതൃത്വം നൽകി. ഹജ്ജ് സെൽ അംഗം സി.എം. അഷ്കറാണ് ക്യാമ്പി​െൻറ രൂപരേഖ തയാറാക്കിയത്. ആലുവയിലെ ചൈതന്യ ഡെക്കറേഷൻസിനായിരുന്നു നിർമാണച്ചുമതല.
Show Full Article
TAGS:LOCAL NEWS 
Next Story