Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിസ്മയക്കാഴ്ചകളുമായി...

വിസ്മയക്കാഴ്ചകളുമായി കളിമുറ്റം അണിഞ്ഞൊരുങ്ങുന്നു

text_fields
bookmark_border
കൊച്ചി: അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടിയ കളിമുറ്റത്തിന് ശാപമോക്ഷം. പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളുടെയും തുരുമ്പ് കയറിയ കളിയുപകരണങ്ങളുടെയും ശ്മശാനഭൂമിയായ കുട്ടികളുടെ പാർക്ക് ഒടുവിൽ അണിഞ്ഞൊരുങ്ങുന്നു. അത്യാധുനിക റൈഡുകളും പുതിയ കളിയുപകരണങ്ങളും ഉൾപ്പെടുത്തി കൊച്ചിയിലെത്തുന്നവർക്ക് അരദിവസം ചെലവിടാനുള്ള ഇടമെന്ന നിലയിലാണ് പാർക്ക് മാറുന്നത്. നാലുകോടിയുടെ നവീകരണപ്രവർത്തനങ്ങൾക്കാണ് ഭരണാനുമതി. പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻ‍‍ഡ് അലൈഡ് ഇൻഡസ്ട്രീസാണ് (കെൽ) നവീകരണ പദ്ധതി തയാറാക്കിയത്. പദ്ധതി നടത്തിപ്പിനാവശ്യമുള്ള അധിക തുക ഹൈബി ഈഡൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ലഭ്യമാക്കും. നവീകരണം പൂർത്തിയാക്കി അടുത്ത ഏപ്രിലോടെ തുറക്കുകയാണ് ലക്ഷ്യം. 4,95,12,937 രൂപയുടെ പദ്ധതിയാണ് കെൽ വിഭാവനം ചെയ്തിരിക്കുന്നത്. മികച്ച തീം പാർക്കാക്കുകയാണ് ലക്ഷ്യം. പ്രവേശനകവാടം ഉൾപ്പെടെ മാറ്റിനിർമിക്കും. 2.4 കോടിയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. കിയോസ്ക്കുകളും കഫേറ്റരിയയും നിർമിക്കാൻ 63 ലക്ഷം, റൈഡിനുള്ള റോഡുകളും ദിശബോർഡുകളും സ്ഥാപിക്കാൻ 60 ലക്ഷം, ഉപയോഗശൂന്യമായ മ്യൂസിക് ഫൗണ്ടൻ മാറ്റി വാട്ടർ സ്ലൈഡ് കോംപ്ലക്സ് നിർമിക്കാൻ 56 ലക്ഷം, ജലാശയം നവീകരിച്ച് ബോട്ടിങ്ങിന് പാകപ്പെടുത്താൻ 38 ലക്ഷം, റബറൈസ്ഡ് ടൈലുകൾ പാകി സ്കേറ്റിങ് റിങ്ക് നവീകരിക്കാൻ 21 ലക്ഷം, സൗരോർജ പാനലുകൾ ഉൾപ്പെടുത്തി എൽ.എൻ.ജി പാർക്ക് നവീകരണത്തിന് 14 ലക്ഷം, ശൗചാലയം നവീകരണത്തിന്11 ലക്ഷം, മാലിന്യ നിർമാർജനത്തിന് 13 ലക്ഷം എന്നിങ്ങനെയാണ് തുക കണക്കാക്കിയിരിക്കുന്നത്. അത്യാധുനിക അഡ്വഞ്ചർ റൈഡുകൾക്കൊപ്പം പുല്ലുകളും തണൽമരങ്ങളും നട്ടുപിടിപ്പിച്ച് ഫോട്ടോ പോയൻറുകൾ സ്ഥാപിക്കും. ഭിന്നശേഷിക്കാർക്കുകൂടി പ്രയോജനപ്പെടുത്തുംവിധം റൈഡുകളും കളിയുപകരണങ്ങളും സജ്ജമാക്കിയാകും മിനി വാട്ടർ തീം പാർക്ക് തുറക്കുക. 1964ലാണ് പാർക്ക് സ്ഥാപിച്ചത്. കലക്ടർ അധ്യക്ഷനായ ജില്ല ശിശുക്ഷേമ സമിതിക്കാണ് പ്രവർത്തന ചുമതല. വീതിയേറിയ നടവഴികളും റോഡുകളുമായി ടോയ് കാർ റൈഡായിരുന്നു ഇവിടുത്തെ പ്രത്യേകത. കാലാന്തരത്തിൽ കളിയുപകരണങ്ങളുടെ ശവപ്പറമ്പായി ഇവിടം. നീന്തൽ പരിശീലനത്തിന് നിർമിച്ച സ്വിമ്മിങ്പൂൾ പിന്നീട് വാട്ടർ ഫൗണ്ടനായി. ഇപ്പോൾ അതുമില്ല. ശൗചാലയമോ മാലിന്യനിർമാർജന സൗകര്യമോ ഇല്ല. 2002ലാണ് ദേശീയ റിന്യൂവബിൾ എനർജി പാർക്ക് കൂടിയായ ഇവിടം ഏറ്റവുമൊടുവിൽ നവീകരിച്ചത്. നവീകരണത്തിനൊപ്പം സംരക്ഷണത്തിനും പ്രാധാന്യം -മന്ത്രി കൊച്ചി: എറണാകുളം ചിൽഡ്രൻസ് പാർക്ക് നവീകരിക്കുന്നതിനൊപ്പം മികച്ച രീതിയിൽ സംരക്ഷിക്കാനും പദ്ധതി ആവിഷ്കരിക്കുമെന്ന് വിനോദസഞ്ചാരമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാർക്ക് സൗന്ദര്യവത്കരണ പദ്ധതി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാർക്ക് സംരക്ഷണത്തിന് പൊതുമേഖല സ്ഥാപനങ്ങളോ വ്യക്തികളോ താൽപര്യം അറിയിച്ചാൽ പരിഗണിക്കും. വിനോദസഞ്ചാര വകുപ്പിനുതന്നെ ചെയ്യാനാവുമോയെന്ന കാര്യവും പരിശോധിക്കും. കൂടുതൽ തുക വേണ്ടിവരുമെങ്കിൽ അത് മുടക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു. പാർക്ക് സംരക്ഷണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന അധ്യക്ഷൻ ഹൈബി ഈഡൻ എം.എൽ.എയുടെ അഭ്യർഥനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെൽ എം.ഡി റിട്ട. കേണൽ ഷാജി എം. വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. കൊച്ചി മേയർ സൗമിനി ജയിൻ, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, വിനോദ സഞ്ചാര വകുപ്പ് റീജനൽ ജോയൻറ് ഡയറക്ടർ കെ.പി. നന്ദകുമാർ, ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി എസ്. ശ്യാമലക്ഷ്മി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story