Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപദ്ധതികളുടെ സ്പിൽഓവർ ഈ ...

പദ്ധതികളുടെ സ്പിൽഓവർ ഈ വർഷം മുതൽ ഉണ്ടാവില്ല -മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
കായംകുളം: പദ്ധതികളുടെ സ്പിൽഓവർ ഈ വർഷം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടാവില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഓരോ വർഷവും അനുവദിക്കുന്ന തുക ആ വർഷംതന്നെ ചെലവഴിച്ച് തീർക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണപുരോഗതി സംബന്ധിച്ച് കായംകുളം ടൗൺഹാളിൽ ചേർന്ന ജില്ലതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണഭോക്തൃ ലിസ്റ്റ് സമയത്ത് നൽകാത്തവരെക്കാൾ മുൻഗണന, സമയത്ത് തയാറാക്കുന്നവർക്ക് ലഭിക്കേണ്ടതുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ലൈഫി​െൻറ ആദ്യഗഡു എത്രയുംപെട്ടെന്ന് ഗുണഭോക്താക്കൾക്ക് നൽകണമെന്ന് നിർദേശം നൽകി. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം പ്ലാൻഫണ്ട് വിനിയോഗം 90 ശതമാനത്തിൽ എത്തിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. റവന്യൂ പിരിവ് 70 ശതമാനത്തിനുമുകളിൽ എത്തി. ഓരോ പഞ്ചായത്തിലും പ്രത്യേകദിവസം നിശ്ചയിച്ച് മികച്ച ജീവനക്കാരെ കണ്ടെത്തി ആദരിക്കണം. ഗെയിംസ് ഫെസ്റ്റിവൽ, സംരംഭക ക്ലബുകൾ, ഭിന്നശേഷിക്കാർക്ക് കലോത്സവം എന്നിവ ജാഗ്രതയോടെ നടത്തണം. മുളക്കുഴ, തണ്ണീർമുക്കം, രാമങ്കരി, പുന്നപ്ര പഞ്ചായത്തുകളാണ് ഈ വർഷത്തെ ഗുണഭോക്തൃലിസ്റ്റ് പൂർത്തിയാക്കി ബ്ലോക്കിനും ജില്ല പഞ്ചായത്തിനും കൈമാറിയതെന്നും അവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി എസ്.എസി-എസ്.ടി വിഭാഗത്തിൽ പൂർത്തിയാക്കേണ്ട വീടുകളുടെ തൽസ്ഥിതിയും ഫോട്ടോസഹിതം റിപ്പോർട്ടും തയാറാക്കി ജില്ല ലൈഫ് മിഷൻ കോഒാഡിനേറ്റർക്ക് നൽകാൻ ജില്ല പട്ടികജാതി ഓഫിസർക്ക് നിർദേശം നൽകി. കഴിഞ്ഞ വർഷം നൂറുശതമാനം ചെലവ് ചെയ്ത പഞ്ചായത്തുകളെയും പദ്ധതിവിഹിതം 100 ശതമാനം ചെലവഴിച്ച ഗ്രാമപഞ്ചായത്തുകളെയും നഗരസഭകളെയും മികച്ച നികുതിപിരിവ് നടത്തിയ പഞ്ചായത്തുകളെയും മന്ത്രി യോഗത്തിൽ ഫലകവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലയിലെ നഗര-ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് മേധാവികളും ജില്ല പ്ലാനിങ് ഓഫിസറുൾപ്പടെ ഉദ്യോഗസ്ഥരും പങ്കെടുത്തു. സംസ്ഥാനത്ത് 50 സ്മാർട്ട്വില്ലേജ് ഓഫിസുകൾകൂടി ആരംഭിക്കും -ഇ. ചന്ദ്രശേഖരൻ ചെങ്ങന്നൂർ: സംസ്ഥാനത്ത് 50 സ്മാർട്ട് വില്ലേജ് ഓഫിസുകൾ 2018-19 വർഷത്തിൽ ആരംഭിക്കുമെന്ന് സംസ്ഥാന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മുളക്കുഴ വില്ലേജ് ഒാഫിസിന് പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിനെ കൂടുതൽ ജനസൗഹൃദമാക്കി. പൊതുജനങ്ങൾക്ക് ഏറ്റവും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന വകുപ്പി​െൻറ അടിസ്ഥാനഘടകമായ വില്ലേജ് ഓഫിസി​െൻറ പ്രവർത്തനം ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രാഥമികഘട്ടം എന്ന നിലയിൽ വില്ലേജ് ഓഫിസ് സ്മാർട്ടാക്കുന്ന പദ്ധതി അതീവ ജാഗ്രതയോടെയാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ എസ്. സുഹാസ്, മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ്, ജില്ല പഞ്ചായത്ത് അംഗം വി. വേണു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രശ്മി രവീന്ദ്രൻ, എ.ഡി.എം ഐ. അബ്ദുൽസലാം, ആർ.ഡി.ഒ വി. ഹരികുമാർ, ജനപ്രതിനിധികൾ, വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story