സ്വയം നഗ്നചിത്രമെടുത്ത് പൊലീസിനെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്
text_fieldsമട്ടാഞ്ചേരി: സ്വന്തം നഗ്നചിത്രമെടുത്ത് മറ്റൊരു യുവാവിെൻറ മേൽ കുറ്റമാരോപിച്ച് പൊലീസിനെ അറിയിച്ച് കേസെടുപ്പിച്ച 18കാരിക്കെതിരെ കേസെടുത്തു. തോപ്പുംപടി സ്വദേശിനിക്കെതിരെയാണ് തോപ്പുംപടി പൊലീസ് കേസെടുത്തത്. യുവതി എറണാകുളത്ത് മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് യുവാവിനെ പരിചയപ്പെട്ടത്. ഇവിടത്തെ ജോലി ഉപേക്ഷിച്ചശേഷം യുവതി ബന്ധുവീട്ടിൽ താമസിച്ചപ്പോഴും യുവാവുമായുള്ള ബന്ധം തുടർന്നു. ഇതിനിടെ, ബന്ധുവായ യുവതിയുടെ എ.ടി.എം കാർഡ് കൈവശപ്പെടുത്തി പലപ്പോഴായി 70,000 രൂപ പിൻവലിച്ചു. വിവരമറിഞ്ഞ ബന്ധു യുവതിയെ ചോദ്യം ചെയ്തപ്പോൾ ചേർത്തലക്കാരനായ സുഹൃത്ത് തെൻറ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമത്തിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞു. യുവാവ് ഒരുലക്ഷം രൂപ വാങ്ങിയതായും അറിയിച്ചു.
വീട്ടുകാരോടും ഇക്കാര്യം പറഞ്ഞു. തുടർന്ന് തോപ്പുംപടി പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെതിരെ കേസെടുപ്പിച്ചു. അസിസ്റ്റൻറ് കമീഷണറും ഉയർന്ന ഓഫിസർമാരും ഉൾപ്പെടുന്ന സംഘം കേസന്വേഷണം തുടങ്ങിയപ്പോഴാണ് യുവതി കെട്ടിച്ചമച്ചതാണ് കേസ് എന്നറിയുന്നത്. യുവതി സ്വയം നഗ്നചിത്രമെടുത്ത് യുവാവിെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് സൃഷ്ടിച്ച് അവിടെനിന്ന് യുവതിയുടെ മൊബൈൽ േഫാണിലേക്ക് അയച്ചാണ് വീട്ടുകാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിച്ചത്. ചോദ്യംചെയ്യലിൽ യുവതി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചു. തുടർന്നാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.