Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2018 4:59 AM GMT Updated On
date_range 2018-02-14T10:29:59+05:30എരപ്പ് കൂട്ടക്കൊല: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsഅങ്കമാലി: മൂക്കന്നൂര്‍ എരപ്പ് കൂട്ടക്കൊലക്കേസിലെ പ്രതി അറക്കല്‍ ബാബുവിെൻറ (42) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സ്വത്ത് തര്‍ക്കവും പൂർവ വൈരാഗ്യവുംമൂലം പ്രതി കരുതിക്കൂട്ടിയാണ് കൊല നടത്തിയതെന്ന് അങ്കമാലി സി.ഐ എസ്. മുഹമ്മദ് റിയാസ് പറഞ്ഞു. ബാബുവിന് മാതാവ് വില്‍പത്രമായി നല്‍കിയതായി അവകാശപ്പെടുന്ന തറവാട്ട് വളപ്പിലെ രണ്ട് പ്ലാവുകള്‍ വില്‍ക്കാന്‍ മരം വെട്ടുകാരനുമായി എത്തിയപ്പോള്‍ തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ ശിവനും ഭാര്യ വത്സലയും തടയാന്‍ ശ്രമിച്ചു. വാക്കുതര്‍ക്കം രൂക്ഷമായതോടെ തെൻറ പെട്ടിഓട്ടോയില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ആദ്യം വത്സലയെയും തുടര്‍ന്ന് ശിവനെയും അതിനുശേഷം ശിവെൻറ മൂത്ത മകള്‍ സ്മിതയെയും പ്രതി നിരവധി തവണ വെട്ടിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ ശിവന്‍ പ്രാണരക്ഷാര്‍ഥം ഓടിയപ്പോള്‍ പിന്നാലെ ചെന്ന് വെട്ടിവീഴ്ത്തി. കൂടുതല്‍ തവണ വെട്ടിയത് സ്മിതയെയാണ്. തടയാൻ ശ്രമിച്ച മരംവെട്ടുകാരനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. തറവാട്ടുവളപ്പിൽ താമസിക്കുന്ന മറ്റ് സഹോദരങ്ങളെയും കുടുംബാംഗങ്ങളെയും വകവരുത്താന്‍ പ്രതി ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, പേടിച്ച് ആരും അടുക്കാതിരുന്നതുമൂലമാണ് കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതിരുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം കൊരട്ടി ചിറങ്ങരയിലെ അമ്പലക്കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ക്ഷേത്രത്തിലെ പൂജാരി സംഭവം കാണാനിടയായതിനാല്‍ പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച കത്തിയും ഇയാൾ സഞ്ചരിച്ച സ്കൂട്ടറും ഉടുതുണിയും കുളത്തില്‍നിന്ന് കണ്ടെടുത്തു. അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Next Story