Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ് തീർഥാടകർ...

ഹജ്ജ് തീർഥാടകർ മണിക്കൂ​റുകളോളം ഹൈദരാബാദിൽ കുടുങ്ങി

text_fields
bookmark_border
കൊച്ചി: എറണാകുളത്തുനിന്നുള്ള ഹജ്ജ് സംഘം ഭക്ഷണവും വെള്ളവുമില്ലാതെ വഴിയരികിൽ കുടുങ്ങിയതായി പരാതി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇവരുമായി സംഘം ബസിൽ കേരളത്തിലേക്ക് തിരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനുകീഴിൽ പോയ സംഘമാണ് ഹൈദരാബാദ് വിമാനത്താവളത്തിന് പുറത്ത് കഷ്ടപ്പെട്ടത്. നെടുമ്പാശ്ശേരിയിലേക്ക് വിമാന സർവിസ് റദ്ദാക്കിയ സാഹചര്യത്തിൽ ഹൈദരാബാദിലെത്തിച്ച് അവിടെനിന്ന് ബസിൽ കേരളത്തിലെത്തിക്കാമെന്നാണ് ഗ്രൂപ് അധികൃതർ പറഞ്ഞിരുന്നത്. ഇതനുസരിച്ച് വ്യാഴാഴ്ച പുലർച്ച രണ്ടോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയെങ്കിലും ഉച്ചവരെ ബസ് എത്തിയില്ല. ഇത്രയും ഹാജിമാർ വഴിയരികിൽ ഇരിക്കേണ്ടിവന്നെന്നും ഭക്ഷണവും ഉറക്കവും നഷ്ടപ്പെട്ടതോടെ ആളുകൾ അവശരായെന്നും സംഘത്തിലുണ്ടായിരുന്ന കോതമംഗലം സ്വദേശികളായ അലിയാർ, ഖാദർ എന്നിവർ പറഞ്ഞു. സ്ത്രീകളടക്കം 93 ഹാജിമാരും രണ്ട് വളൻറിയർമാരുമാണ് സംഘത്തിലുള്ളത്. ചൊവ്വാഴ്ച രാത്രിയാണ് ജിദ്ദയിൽനിന്ന് കുവൈത്തിലേക്ക് വിമാനം കയറിയത്. അവിടെനിന്ന് ബുധനാഴ്ച വൈകീട്ട് ഏഴിന് ഹൈദരാബാദിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലർച്ച രണ്ടിന് ഹൈദരാബാദിലെത്തിയാലുടൻ ബസിൽ പുറപ്പെടാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഉച്ചയോടെയാണ് ബസ് എത്തിയത്. വണ്ടി എത്തിയ ശേഷവും പുറപ്പെടാൻ കാത്തിരിക്കേണ്ടി വന്നത്രെ. ഗ്രൂപ് അധികൃതരോട് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയില്ലെന്നും പരാതിയുണ്ട്. സംഘം വ്യാഴാഴ്ച രാത്രി 11.30ന് നെടുമ്പാശ്ശേരിയിലെത്തേണ്ടതായിരുന്നു. എന്നാൽ, പ്രളയത്തെത്തുടർന്ന് വിമാനം റദ്ദാക്കിയതോടെയാണ് ഇവരുടെ ചുമതലയുണ്ടായിരുന്ന അൽ ജസീറ എയർവേസ് ഹൈദരാബാദിലെത്തിച്ച് എറണാകുളത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചതെന്ന് ഗ്രൂപ് അധികൃതർ പറഞ്ഞു. ഹൈദരാബാദിൽ നിന്ന് എറണാകുളത്തേക്ക് ആഭ്യന്തര വിമാനത്തിൽ എത്തിക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും അംഗങ്ങൾ കൂടുതലുള്ളത് തടസ്സമായി. ഇതോടെയാണ് ബസ് ഏർപ്പാടാക്കിയത്. ബസ് വൈകിയതോടെ ഹോട്ടലിൽ എത്തിച്ച് താൽക്കാലിക വിശ്രമസൗകര്യമൊരുക്കാമെന്ന് അറിയിച്ചെങ്കിലും ഹാജിമാർ സന്നദ്ധരായില്ലെന്നും ഗ്രൂപ് പ്രതിനിധി സഹൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story