Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടിക്കറ്റിന്​ പകരം...

ടിക്കറ്റിന്​ പകരം ബക്കറ്റുമായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

text_fields
bookmark_border
കൊച്ചി: നവകേരള നിർമിതിക്കായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താനാണ് കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ സംസ്ഥാനത്ത് കാരുണ്യയാത്ര നടത്തുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ 30നും മറ്റ് 12 ജില്ലകളിൽ സെപ്റ്റംബർ മൂന്നിനുമാണ് കാരുണ്യയാത്ര. ലഭിക്കുന്ന തുക സമാഹരിച്ച് മുഖ്യമന്ത്രിക്ക് നേരിട്ടു കൈമാറും. പതിനായിരത്തോളം ബസുകൾ കാരുണ്യയാത്രയിൽ സഹകരിക്കുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. പ്രളയത്തെത്തുടർന്ന് ദിവസങ്ങളോളം വരുമാനമില്ലാതെ കഴിഞ്ഞവരാണ് ബസ് ജീവനക്കാർ. എന്നാൽ, കേരളത്തെ ബാധിച്ച ദുരന്തത്തിൽ ജനത അതിജീവന മാർഗങ്ങൾ തേടുമ്പോൾ അവർക്കൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് സർവിസ് നടത്തുന്ന 80 ശതമാനം സ്വകാര്യ ബസുകളും ഫെഡറേഷന് കീഴിലാണ്. സദ്ദുദ്ദേശ്യത്തോടെ നടത്തുന്ന ഉദ്യമത്തിൽ അവരെല്ലാം പങ്കാളികളാകും. കാരുണ്യയാത്ര നടത്തുന്ന ദിവസം ടിക്കറ്റുണ്ടായിരിക്കില്ല. യാത്രക്കാർക്ക് തങ്ങളാൽ കഴിയുന്ന തുക പിരിവുപാത്രത്തിൽ ഇടാം. വിദ്യാർഥികൾ ഉൾപ്പെടെ പരമാവധി ആളുകൾ അന്നേദിവസം ബസുകളിൽ യാത്ര ചെയ്ത് സഹകരിക്കണം. കാരുണ്യയാത്രയോട് മറ്റേതെങ്കിലും സംഘടന ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story