Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം കവർന്നത്...

പ്രളയം കവർന്നത് 2,22,400 മിണ്ടാപ്രാണികളെ

text_fields
bookmark_border
കൊച്ചി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രക്ഷപ്പെടാൻ വഴിയില്ലാതെ ജില്ലയിൽ ചത്തുവീണത് 2,22,400 മിണ്ടാപ്രാണികൾ. ജില്ലയിൽ പ്രളയം കവർന്നെടുത്ത വളർത്തുമൃഗങ്ങളുടെ ഇതുവരെയുള്ള കണക്കാണിത്. ഇതിൽ 6087 എണ്ണം ആട്, മാട്, കന്നുകാലികളടക്കമാണ്. താറാവ്, കോഴി, കാട, ലൗബേർഡ്സ് തുടങ്ങിയ പക്ഷിക‍ളുടെ വിഭാഗത്തിൽ 2,16,313 എണ്ണത്തിനും ജീവൻ നഷ്ടമായി. കന്നുകാലികൾ, ആട്, കോഴി, താറാവ് എന്നിവയാണ് കൂടുതലും ചത്തത്. മൃഗസംരക്ഷണമേഖലക്ക് 18 കോടിയോളം രൂപയുടെ നഷ്ടമെന്നാണ് പ്രാഥമിക കണക്ക്. കണക്കെടുപ്പ് തുടരുന്ന സാഹചര്യത്തിൽ നഷ്ടത്തി​െൻറ തുക ഇനിയും ഉയരും. ഓരോ വിഭാഗത്തിലും ജീവൻ നഷ്ടമായ മൃഗത്തി​െൻറയും പക്ഷിയുടെയും പ്രത്യേകം കണക്കെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനു പുറമെ 1960 കൂടുകളും 4,73,450 കിലോ തീറ്റകളും നശിച്ചു. കോഴിക്കൂടുകളും തൊഴുത്തുകളും പലയിടത്തും പൂർണമായും തകർന്നു. സൊസൈറ്റികളിൽ സൂക്ഷിച്ചതും ക്ഷീര കർഷകർ വാങ്ങിവെച്ചതുമായ ചാക്കുകണക്കിന് തീറ്റകളാണ് ഉപയോഗശൂന്യമായത്. അപ്രതീക്ഷിതമായി വെള്ളം കയറിയപ്പോൾ സ്വന്തം ജീവൻ രക്ഷിക്കാൻ പലരും കേഴുകയായിരുന്നു. ഈ സമയങ്ങളിൽ വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. മനസ്സില്ലാ മനസ്സോടെയാണ് മിക്ക പ്രദേശങ്ങളിൽനിന്നും ആളുകൾ രക്ഷാപ്രവർത്തകരോടൊപ്പം ക്യാമ്പുകളിലേക്ക് പോയത്. അതേസമയം കന്നുകാലികളെ ഓർത്ത് ക്യാമ്പിേലക്ക് വരാൻ തയാറാകാത്തവരും നിരവധിയായിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ പല പ്രദേശങ്ങളിലും കന്നുകാലികളും ആടുകളുമടക്കം ചത്ത് പൊങ്ങിയത് സ്ഥിരം കാഴ്ചയായിരുന്നു. നിരവധി േപരുടെ വരുമാനമാർഗങ്ങളായിരുന്നു ഇവയെല്ലാം. കുന്നുകര, പുത്തൻവേലിക്കര, ആലുവ, പറവൂർ ഭാഗങ്ങളിലാണ് കൂടുതലായും നഷ്ടമെന്ന് ജില്ലമൃഗസംരക്ഷണ ഓഫിസർ ഡോ. കെ.എം. ദിലീപ് 'മാധ്യമ'ത്തോട് പറഞ്ഞു. പല ക്യാമ്പുകളിൽനിന്നും ജനങ്ങൾ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. അതിനാൽ തന്നെ പശുക്കളടക്കം വളർത്തുമൃഗങ്ങളുടെ കണക്ക് ഇനിയും ലഭിക്കാനുണ്ട്. എല്ലാ പ്രദേശങ്ങളിലും മൃഗാശുപത്രി കേന്ദ്രീകരിച്ച് കണക്കെടുപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story