Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം തകർത്ത മണ്ണിൽ​...

പ്രളയം തകർത്ത മണ്ണിൽ​ ജീവിതം തിരിച്ചുപിടിക്കാൻ മഹായജ്ഞം കുടിവെള്ളമില്ല; പലയിടത്തും പട്ടിണി

text_fields
bookmark_border
പ്രളയജലം ഇറങ്ങിയ വഴികളിലൂടെ... (എറണാകുളം) കൊച്ചി: തകർന്നടിഞ്ഞ ചുറ്റുമതിലുകൾ, വീട്ടുമുറ്റങ്ങളിൽ വിണ്ടുകീറിയ ചളിമൺ തിട്ടകൾ, വീടുകൾക്കുമുന്നിലും പിന്നിലും നനഞ്ഞുകുതിർന്ന വസ്ത്രങ്ങളുടെയും പുസ്തകങ്ങളുടെയും ഫർണിച്ചറി​െൻറയും കൂമ്പാരം, വീടും പരിസരവും ശുചീകരിക്കാൻ ദിവസങ്ങളായി ഉറക്കവും വിശ്രമവുമില്ലാതെ ജോലി ചെയ്ത് തളർന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നിസ്സഹായ മുഖങ്ങൾ... എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളിൽ വെള്ളമിറങ്ങിയ ഒാരോ വീട്ടിലെയും കാഴ്ചയാണിത്. ദുരന്തത്തെ അതിജീവിച്ചവർ ജീവിതം തിരിച്ചുപിടിക്കാനുള്ള മഹായജ്ഞത്തിലാണ്. ജില്ലയിൽ ആലുവ, പറവൂർ, കോതമംഗലം, പെരുമ്പാവൂർ മേഖലകളിലെ ഏലൂർ, കുറ്റിക്കാട്ടുകര, ചൂർണിക്കര, കുഞ്ഞുണ്ണിക്കര, ആലങ്ങാട്, കടുങ്ങല്ലൂർ, വെളിയത്തുനാട്, കുന്നുകര, പുത്തൻവേലിക്കര, പാനായിക്കുളം, കരുമാലൂർ, കടമക്കുടി, ചേരാനല്ലൂർ, വല്ലം, ഒക്കൽ, മുടിക്കൽ, ഒാണമ്പിള്ളി, കണ്ടന്തറ, കുട്ടമ്പുഴ, നേര്യമംഗലം, ചീക്കോട്, കാലടി, മറ്റൂർ, കാഞ്ഞൂർ പ്രദേശങ്ങളെയാണ് പ്രളയം കൂടുതൽ തകർത്തത്. വെള്ളമിറങ്ങിയതോടെ പലരും വീടുകളിൽ തിരിച്ചെത്തി. ഇടവഴികളെല്ലാം ചളിമൂടിക്കിടക്കുന്നു. കാൽനട പോലും ദുഷ്കരം. മഹാദുരന്തത്തി​െൻറ ഒാർമപ്പെടുത്തലായി ചുമരുകളിലും വാതിലുകളിലും ഉയർന്നൊഴുകിയ വെള്ളത്തി​െൻറ ചളിപ്പാടുകളുണ്ട്. എല്ലാവരും ശുചീകരണജോലികളിൽ വ്യാപൃതരാണ്. ചിലയിടങ്ങളിൽ സഹായത്തിന് കുടുംബശ്രീ അംഗങ്ങളും പൊലീസും സന്നദ്ധ പ്രവർത്തകരുമുണ്ട്. പകൽ മുഴുവൻ ശുചീകരണം. വൈകീട്ട് അന്തിയുറങ്ങാൻ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ പോകും. വീട് വാസയോഗ്യമാകുംമുമ്പ് ക്യാമ്പ് പൂട്ടിയതിനെതിരെ പലരും പരാതി നിരത്തി. വിണ്ടുകീറിയ ചുമരുകളും പൊളിഞ്ഞടർന്ന മേൽക്കൂരകളുമാണ് പല വീടുകളുടെയും അടയാളങ്ങൾ. കൈക്കുഞ്ഞുങ്ങളെയും വൃദ്ധരെയുംകൊണ്ട് അവിടെ ഉറങ്ങാൻ ആർക്കും ധൈര്യമില്ല. വെള്ളമൊഴിഞ്ഞ വീടുകളിൽ പ്രളയം ഒന്നും ബാക്കിവെച്ചിട്ടില്ല. വർഷങ്ങളായി സ്വരുക്കൂട്ടിയതെല്ലാം ചളിക്കൂമ്പാരമായി മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നത് പലരും കണ്ണീരോടെയാണ് കാണിച്ചുതന്നത്. പ്രളയബാധിത മേഖലകളിലെ ഭൂരിഭാഗം വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ചുറ്റുമതിൽ തകർന്നുകിടക്കുന്നു. കുഞ്ഞുണ്ണിക്കരയിൽ നൂറുകണക്കിന് വാഴകളും കുന്നുകരയിൽ ഏക്കർകണക്കിന് പാടശേഖരവും വെള്ളം കയറി നശിച്ചു. കുടിവെള്ളക്ഷാമമാണ് കുടുംബങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കിണറുകളെല്ലാം മലിനമായി. ഇവ ഉപയോഗയോഗ്യമാകാൻ സമയമെടുക്കും. സന്നദ്ധസംഘടനകൾ ടാങ്കറുകളിൽ എത്തിച്ചുനൽകുന്ന വെള്ളമാണ് ഏക ആശ്രയം. ഒരിക്കലും ജലക്ഷാമമറിയാത്ത ഗ്രാമങ്ങളിൽ പോലും കടുത്ത വേനലിലെന്നപോലെ റോഡരികിൽ കുടങ്ങൾ നിരത്തിവെച്ച് കുടിവെള്ളത്തിന് കാത്തുനിൽക്കുകയാണ് വീട്ടമ്മമാർ. ആലങ്ങാട് പഞ്ചായത്തിലെ കോട്ടപ്പുറത്തുള്ള ഇന്ദിര പ്രിയദർശിനി കോളനിനിവാസികളുടെ ജീവിതം കരളലിയിക്കുന്ന ദുരിതചിത്രമാണ്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന 22 കുടുംബങ്ങളാണ് ഇവിടെയുള്ളത്. പെരിയാറി​െൻറ കൈവഴിയായി സമീപത്തെ പുഴയിൽനിന്നുള്ള വെള്ളം എല്ലാ വീടുകളെയും മൂടിയൊഴുകി. ചില വീടുകൾ തകർന്നു, മറ്റു ചിലത് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലും. ക്യാമ്പുകളിൽനിന്ന് തിരിച്ചെത്തിയെങ്കിലും ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യം പോലും ഇല്ലാത്തതിനാൽ പലർക്കും ഒരുനേരം മാത്രമാണ് ആഹാരം. പുരുഷന്മാരെല്ലാം വീട് ശുചീകരിക്കുന്ന ജോലികളിൽ ഏർപ്പെട്ടതോടെ ജോലിക്ക് പോകാൻ കഴിയാത്തതിനാൽ പല കുടുംബങ്ങളുടെയും വരുമാനം മുടങ്ങി. ഒൗദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ ഇതുവരെ പ്രളയക്കെടുതിയിൽ മരിച്ചത് 22 പേരാണ്. പൊതുമരാമത്ത് വകുപ്പിനുകീഴിലെ 500 കി.മീറ്ററോളം റോഡ് തകർന്നു. ജില്ലക്ക് മൊത്തമുണ്ടായ നഷ്ടത്തി​െൻറ കണക്കും തകർന്ന വീടുകളുടെ എണ്ണവും ശേഖരിച്ചുവരുന്നതേയുള്ളൂ. പി.പി. കബീർ
Show Full Article
TAGS:LOCAL NEWS 
Next Story