Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണം ഊർജിതം; ജില്ല ...

ശുചീകരണം ഊർജിതം; ജില്ല മുന്നോട്ട്

text_fields
bookmark_border
കൊച്ചി: ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ജില്ലയിലെ ആളുകൾ. പറവൂർ, ആലുവ, കടമക്കുടി, പിഴല മേഖലകളിലെ വലിയ ശതമാനം ആളുകളും തിരിച്ച് വീടുകളിലെത്തി. ദിവസങ്ങൾ നീണ്ട ശുചീകരണ പ്രവർത്തനങ്ങൾക്കുശേഷമാണ് ആളുകൾ വീടുകളിലേക്ക് മടങ്ങുന്നത്. ക്യാമ്പുകളിൽനിന്ന് പകൽ വീട്ടിലെത്തി വൃത്തിയാക്കി മടങ്ങുകയായിരുന്നു ഇവർ. വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഭക്ഷണം പാകം ചെയ്യുന്നതടക്കം കാര്യങ്ങളിൽ തടസ്സമുണ്ട്. പൂർണമായും ഭാഗികമായും വീടുകൾ നഷ്ടപ്പെട്ടത് ആയിരങ്ങൾക്കാണ്. വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അടുക്കളയടക്കം തകർന്നുവീഴുകയും ചെയ്തതോടെ നിരവധി ആളുകൾക്ക് ഭക്ഷണം പാകം ചെയ്യാൻ സൗകര്യമില്ലാതായിട്ടുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളുള്ളവരും വീട് പൂർണമായും നഷ്ടപ്പെട്ടവരുമായ ആളുകൾ നാല് താലൂക്കിലായി ഇപ്പോഴും താമസിച്ചുവരുന്നു. പറവൂരിൽ 82 ക്യാമ്പിലായി 13,615 കുടുംബങ്ങളിൽനിന്നുള്ള 49,770 പേരുണ്ട്. ഇവരിൽ 8603 പേർ കുട്ടികളാണ്. ആലുവയിലെ 24 ക്യാമ്പിൽ 1577 കുടുംബത്തിൽനിന്നുള്ള 6200 പേർ താമസിക്കുന്നുണ്ട്. കണയന്നൂർ താലൂക്കിൽ നാല് ക്യാമ്പിലായി 115 കുടുംബത്തിൽനിന്നുള്ള 456 പേരാണ് താമസിക്കുന്നത്. കൊച്ചിയിൽ ഒരു ക്യാമ്പാണ് അവശേഷിക്കുന്നത്. ഇവിടെ 18 കുടുംബത്തിൽനിന്നുള്ള 66 പേർ താമസിക്കുന്നു. കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ പൂർണമായും ക്യാമ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചു. സർക്കാർ ഏജൻസികൾ, നിരവധി സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വീടുകളുടെ ശുചീകരണം നടക്കുന്നുണ്ട്. രണ്ടുദിവസംകൊണ്ട് ശുചീകരണം പൂർത്തിയാക്കാനുള്ള കർമപദ്ധതിയാണ് ജില്ല ഭരണകൂടം ആവിഷ്കരിക്കുന്നത്. പ്രവർത്തനം അവസാനിപ്പിക്കുന്ന ക്യാമ്പുകളുടെ ശുചീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഇതും അടിയന്തരമായി പൂർത്തീകരിക്കണമെന്ന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story