Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൻ കവർച്ചക്ക്...

വൻ കവർച്ചക്ക് തയാറെടുത്ത രണ്ടുപേർ പൊലീസ് പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: ഓണാവധി ലക്ഷ്യമിട്ട് വൻ കവർച്ചക്ക് തയാറെടുത്ത രണ്ടുപേരെ പിടികൂടിയതായി പെരുമ്പാവൂർ പൊലീസ് അറിയിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശ് (55), കണ്ണൂർ സ്വദേശിയും ആസ്‌ട്രേലിയയിൽ ഒമ്പത് വർഷമായി സ്ഥിരതാമസമാക്കിയ പിേൻറാ എന്ന അശ്വിൻ (39) എന്നിവരെയാണ് പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ്, എസ്.ഐ പി.എ. ഫൈസൽ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ച 4.30ന് പെരുമ്പാവൂർ എം.സി റോഡിെല അഡ്സൺ ഏജൻസീസ്‌ എന്ന സ്ഥാപനത്തിൽനിന്ന് ഓക്സിജൻ സിലിണ്ടർ പ്രതികൾ മോഷ്ടിച്ചിരുന്നു. ഈ സിലിണ്ടർ ഉപയോഗിച്ച് വൻ കവർച്ച നടത്താൻ സാധ്യത ഉണ്ടെന്ന നിഗമനത്തിൽ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയിരുന്നു. എറണാകുളം വൈറ്റിലയിൽനിന്ന് വാങ്ങിയ കട്ടർ ഉപയോഗിച്ചാണ് പെരുമ്പാവൂരിൽ പ്രതികൾ മോഷണം നടത്തിയത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ മാരാരിക്കുളത്തെ റിസോർട്ടിൽനിന്ന് പിടികൂടുകയായിരുന്നു. ഒന്നാം പ്രതി ജയപ്രകാശ് 12 കേസിൽ പ്രതിയാണ്. രണ്ടുകേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2013ൽ തിരുവനന്തപുരം ആറ്റിങ്ങലിെല പോപുലർ ഫിനാൻസ് എന്ന സ്ഥാപനത്തിൽ നാലുപേരോടൊപ്പം മുഖംമൂടി ധരിച്ചെത്തി കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി 55 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ്. കവർച്ചയിൽനിന്ന് പങ്കുലഭിച്ച 40 പവനും അഞ്ചുലക്ഷവുംകൊണ്ട് വിദേശത്തേക്ക് കടന്ന ജയപ്രകാശ് 2014ൽ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്. തുടർന്ന് ഒന്നര മാസം മുമ്പ് അപ്പീൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോതമംഗലതെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരുകയായിരുന്നു. 23 വർഷം പ്രവാസിയായിരുന്ന ജയപ്രകാശ് രണ്ടാം പ്രതി പിേൻറായെ ഈ കാലയളവിലാണ് പരിചയപ്പെടുന്നത്. ആസ്‌ട്രേലിയയിൽ ഓർഗാനിക് ഫുഡ് ബിസിനസ് നടത്തുന്ന പിേൻറാ ആസ്‌ട്രേലിയയിൽനിന്ന് നെതർലൻഡിലേക്ക് ബിസിനസ് മാറ്റുന്നതിന് ശ്രമങ്ങൾ നടത്തിവരുകയായിരുന്നു. എന്നാൽ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന പിേൻറാ ഇത് തരണംചെയ്യാനാണ് ജയപ്രകാശുമായി ചേർന്ന് കവർച്ച ആസൂത്രണം ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയായി മാരാരിക്കുളം റിസോർട്ടിൽ തങ്ങിയിരുന്ന പ്രതികൾ ഓണാവധി ലക്ഷ്യമിട്ട് എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ബിവറേജസ് ഔട്ട്ലറ്റ്, സ്വർണക്കടകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ കവർച്ച ചെയ്യാൻ തീരുമാനിച്ചു. പെരുമ്പാവൂരിലെ ഓക്സിജൻ സിലിണ്ടർ വ്യാപാരത്തെക്കുറിച്ച് അറിയാമായിരുന്ന പ്രതികൾ ആലപ്പുഴയിൽനിന്ന് കാറിൽ എറണാകുളത്തെത്തി ബാൾ കട്ടർ, ഡ്രില്ലിങ് മെഷീൻ, ഗ്യാസ് കിറ്റ് കൂടാതെ വിവിധ തരം ഹൈസ്പീഡ് ഗ്രൈൻഡറും വാങ്ങിയാണ് പെരുമ്പാവൂരിലെത്തി സിലിണ്ടർ മോഷ്ടിച്ചത്. ഓണാവധി കലക്ഷൻ മുന്നിൽകണ്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് വൻ കവർച്ച നടത്താൻ ആയിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story