Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയക്കെടുതി: മരണം...

പ്രളയക്കെടുതി: മരണം വർധിക്കുന്നു; മുഴുപ്പട്ടിണിയിൽ ജനം

text_fields
bookmark_border
കൊച്ചി: പ്രളയക്കെടുതിയിൽ എറണാകുളം ജില്ലയിൽ മരണം വർധിക്കുന്നു. ശനിയാഴ്ച 16 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഏതാനുംപേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ വർധിക്കാനാണ് സാധ്യത. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ജില്ലയിൽ പ്രളയക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 21 ആയി. ജില്ലയിൽ 597 ക്യാമ്പുകളിലായി 47,138 കുടുംബങ്ങളാണുള്ളത്. 1,81,607 പേരാണ് ക്യാമ്പുകളിൽ അഭയം തേടിയത്. അതേസമയം, തീവ്രമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ എറണാകുളത്ത് റെഡ് അലർട്ട് (അതീവ ജാഗ്രത നിർദേശം) തുടരുകയാണ്. പറവൂരിൽ പ്രാണരക്ഷാർഥം അഭയം പ്രാപിച്ച പള്ളിയുടെ മതിലിടിഞ്ഞായിരുന്നു ആറു പേരുടെ മരണം. അതേസമയം, ക്യാമ്പിൽ അസുഖം മൂർച്ഛിച്ചാണ് പിഞ്ചുകുഞ്ഞ് മരിച്ചത്. പറവൂരിൽ വ്യാഴാഴ്ച മതിലിടിഞ്ഞുണ്ടായ അപകടവിവരം വി.ഡി. സതീശൻ എം.എൽ.എയിലൂടെ ശനിയാഴ്ചയാണ് പുറംലോകമറിഞ്ഞത്. കുന്നുകര ഗ്രാമപഞ്ചായത്തില്‍ പടിഞ്ഞാറെ പള്ളിയിലെ പാരിഷ്ഹാളില്‍ അഭയം തേടിയ നോര്‍ത്ത് കുത്തിയതോട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെ വരാപ്പുഴ ചിറക്കകം കടയപ്പറമ്പിൽ സുനോജ്, മൂവാറ്റുപുഴ സ്വദേശി കെ.കെ. ബിനു(40) എന്നിവർ മരിച്ചു. ആലുവയിലും രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ വെള്ളത്തിൽ വീണ് മരിച്ചു. വെള്ളം നീന്തിക്കടക്കുന്നതിനിടെ പറവൂർ സ്വദേശി നൗഷാദ്(34), ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്ന വഴി ചങ്ങാടം മറിഞ്ഞ് ശ്രീനാരായണഗിരി തറയിൽ വീട്ടിൽ മണികണ്ഠൻ (24) എന്നിവർ മരിച്ചു. രോഗബാധിതരായ മൂന്നുപേർ പറവൂരിലെ വിവിധ ക്യാമ്പുകളിൽ ചികിത്സ കിട്ടാതെ മരിച്ചു. മുറവൻതുരുത്ത് കൊല്ലാറക്കൽ സതീശൻ(65), ആളംത്തുരുത്ത് സ്വദേശി ആദർശ്, പട്ടണം മുണ്ടേപ്പാടത്ത് രാജമ്മ(78) എന്നിവരാണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണ് കാണാതായ കോതമംഗലം പോത്താനിക്കാട് കൊച്ചുപാലിയത്ത് മാനുവേൽ ചാക്കോയുടെ (58) മൃതദേഹം ശനിയാഴ്ച ലഭിച്ചു. ബുധനാഴ്ച വീടിന് സമീപം വെള്ളം കയറുന്നതുകണ്ട് മടങ്ങുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയാ‍യിരുന്നു. വാളകം റാക്കാട് താണിച്ചുവട്ടിൽ ടി.എസ്. അനിൽകുമാർ(33), മൂവാറ്റുപുഴ കൊല്ലംകുടിയിൽ കെ.കെ. ബിനു(41)എന്നിവരാണ് ശനിയാഴ്ച വെള്ളത്തിൽ വീണ് മരിച്ചത്. ശക്തമായ മഴക്ക് വീണ്ടും സാധ്യതയുണ്ടെന്ന അറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. പറവൂർ, നീറിക്കോട്, പുത്തൻവേലിക്കര, മാളികംപീടിക, ഏലൂക്കര, കുഞ്ഞുണ്ണിക്കര, കയൻറിക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഗർഭിണികളടക്കമുള്ളവർ അടിയന്തര വൈദ്യസഹായം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇടുക്കി അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനിടെ അപകടങ്ങൾ സംഭവിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ശനിയാഴ്ച നാലുമണിവരെ 54,800 പേരെയാണ് രക്ഷപ്പെടുത്തിയത്. ഹെലികോപ്ടർ വഴി 252 പേരെയാണ് രക്ഷപ്പെടുത്തിയത്. പ്രളയക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് സംഘങ്ങൾകൂടി ജില്ലയിലെത്തി. നേവിയുടെ രണ്ട് ഹെലികോപ്ടറുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനുണ്ട്. നാവിക സേനയുടെ 20 ബോട്ടുകൾ കോസ്റ്റ് ഗാർഡി​െൻറ 11 ബോട്ടുകളും രംഗത്തുണ്ട്. സേനയുടെ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെയും സ്വകാര്യ വ്യക്തികളുടെയും ബോട്ടുകളടക്കം ഇരുനൂറ്റിപ്പത്തോളം ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിലുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story