Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളത്ത്​ ഒന്നര...

എറണാകുളത്ത്​ ഒന്നര ലക്ഷത്തോളം പേർ ക്യാമ്പിൽ

text_fields
bookmark_border
കൊച്ചി: മഴ ശക്തി കുറഞ്ഞിട്ടും പ്രളയക്കെടുതിയിൽ എറണാകുളം ജില്ലയിൽ അഞ്ചു മരണം. രക്ഷാപ്രവർത്തനത്തിനിടെ െവള്ളത്തിൽ വീണ രണ്ടു പേരെ വൈപ്പിൻ ഞാറക്കലിലും ചേരാനല്ലൂർ കുന്നുംപുറത്തുമായി കാണാതായി. ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടെ വള്ളം മറിഞ്ഞ് 12 ഒാളം പേർ ഒഴുക്കിൽപ്പെട്ടു. ഇതുവരെ 416 ക്യാമ്പ് തുറന്നു. 41093 കുടുംബങ്ങളിലെ 142022 പേരാണ് ഇവിടെ കഴിയുന്നത്. ഒേട്ടറെ പേർ ബന്ധുവീടുകളിൽ അഭയം തേടി. ആയിരക്കണക്കിന് ആളുകളാണ് വിവിധ സ്ഥലങ്ങളിൽ വീടുകളുടെ മുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ജില്ലയിൽ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി. നഗര പ്രദേശത്തുനിന്നു ബോട്ട് വഴി 7064 പേരെയും ഹെലികോപ്റ്റർ മാർഗം 20 പേരെയും മറ്റു വാഹനമാർഗങ്ങളുപയോഗിച്ച് 37976 പേരെയും രക്ഷപെടുത്തി. ഗ്രാമ പ്രദേശങ്ങളിൽനിന്ന് ബോട്ട് വഴി 346 പേരെയും ഹെലികോപ്റ്റർ മാർഗം 261 പേരെയും മറ്റു വാഹന മാർഗങ്ങളുപയോഗിച്ച് 25966 പേരെയും രക്ഷപെടുത്തി ആലുവയിൽ പല സ്ഥലങ്ങളിലും ഒന്നാം നിലക്ക് മുകളിലും വെള്ളമാണ്. പെരിയാർ കടന്നുപോകുന്ന ആലുവ, ഏലൂർ, പറവൂർ, കാലടി, മലയാറ്റൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകൾ വെള്ളത്തിലാണ്. ഏലൂക്കര, കയൻറിക്കര, കാലടി, ചൊവ്വര മേഖലകളിൽ നൂറുകണക്കിന് ആളുകളാണ് കുടുങ്ങിക്കിടന്നത്. രണ്ടു ദിവസമായി വീടുകളുടെ ടെറസിൽ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിയവരെ സഹായിക്കാൻ കൂടുതൽ ഹെലികോപ്ടറുകളും രക്ഷാപ്രവർത്തകരും രംഗത്തിറങ്ങി. കാലടിയിൽ മുസ്ലിം പള്ളിയിൽ കുടുങ്ങിയ ഗർഭിണിയെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. കാലടി സർവകലാശാലയിൽ 700ഓളം പേർ കുടുങ്ങിയ സ്ഥലത്ത് െഹലികോപ്ടർ സേവനം വെള്ളിയാഴ്ച ഉച്ചയോടെ എത്തി. കുട്ടികളെയും അസുഖബാധിതരെയുമാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഭക്ഷണവും വെള്ളവും ലൈഫ് ജാക്കറ്റുകളും കോപ്ടറിൽ എത്തിച്ചു നൽകി. ചിലയിടത്തു രക്ഷാദൗത്യത്തിനുപോയ ബോട്ടുകൾ കുടുങ്ങിയതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇവിടെയും ഹെലികോപ്ടറാണ് സഹായത്തിനെത്തിയത്. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി നിലച്ചതോടെ വാർത്ത വിനിമയ സംവിധാനങ്ങളും തകരാറിലായി. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററിനെക്കാള്‍ അല്‍പം താഴ്ന്നതോടെ ഇടമലയാർ അണക്കെട്ടില്‍നിന്ന് പുറന്തള്ളുന്ന വെള്ളത്തി​െൻറ അളവ് 1200 ഘനമീറ്റര്‍ ആയി കുറച്ചു. ഇപ്പോള്‍ ജലനിരപ്പ് 168.96 മീറ്ററാണ്. 36 മീറ്റര്‍ വരെ ഉയര്‍ന്ന ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ജലവിതാനം 34.70 ആയി കുറഞ്ഞു. എന്നാൽ, പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വ്യത്യാസമില്ല. കളമശ്ശേരി അപ്പോളോ ടയേഴ്സിന് മുന്നിൽ കൊച്ചി - സേലം ദേശീയപാതയിൽ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഗതാഗതം നിർത്തിവെച്ചു. എറണാകുളവും വടക്കൻ കേരളവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. പറവൂർ വഴി പടിഞ്ഞാറൻ മേഖലയിലൂടെയും പെരുമ്പാവൂർ, കാലടി വഴി കിഴക്ക് എം.സി റോഡിലൂടെയും വടക്കൻ ജില്ലകളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. എറണാകുളത്തേക്ക് തൃശൂരിൽനിന്നുള്ള ദേശീയപാത പൂർണമായും അടച്ചു. ട്രെയിൻ ഗതാഗതവും പൂർണമായി സ്തംഭിച്ചു. എറണാകുളത്തുനിന്ന് കോട്ടയം മേഖലകളിലേക്കും ബസ് ഗതാഗതം ഭാഗികമായി നിലച്ചു. ആലുവ, പറവൂർ ടൗണുകൾ വിജനമാണ്. മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിൽ അവശ്യ സാധനങ്ങൾ കിട്ടാത്ത സാഹചര്യം. രക്ഷാപ്രവർത്തനത്തിന് കൊണ്ടുപോകുന്ന ബോട്ടുകൾ ലക്ഷ്യസ്ഥാനത്തിന് മുമ്പ് തടഞ്ഞ് നിർത്തുന്ന സാഹചര്യവും ഉണ്ടായി. തുടർന്ന് പൊലീസ് സുരക്ഷയോെടയാണ് ബോട്ടുകൾ എത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story