Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ മാറുന്നില്ല; ജില്ല...

മഴ മാറുന്നില്ല; ജില്ല പ്രളയഭീതിയിൽ

text_fields
bookmark_border
കൊച്ചി: ആശ്വാസത്തി​െൻറ പകലിന് പിന്നാലെ ജില്ലയെ കാത്തിരുന്നത് പ്രളയത്തി​െൻറ ദുരിതക്കാഴ്ചകൾ. മഴക്കെടുതിയെത്തുടർന്ന് നാലും അഞ്ചും ദിവസം ക്യാമ്പിലായിരുന്നവരിൽ പലരും ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് വീടുകളിലെത്തിയത്. മഴ മാറിനിന്ന പകലിൽ വെള്ളവും ചളിയും കയറിയ വീടുകൾ വൃത്തിയാക്കി താമസം തുടങ്ങിയതിനുപിന്നാലെ ചൊവാഴ്ചയാണ് മഴ ആർത്തലച്ച് പെയ്തത്. കനത്ത മഴ നിർത്താതെ പെയ്തതിനുപിന്നാലെ ഇടുക്കി, ഇടമലയാർ, മലങ്കര ഡാമുകൾ തുറന്നതോടെ വെള്ളം പെരിയാറിലേക്കും മൂവാറ്റുപുഴയാറിലേക്കും ഒഴുകിയെത്തി. അപകടകരമാംവിധം വെള്ളം ഉയർന്നതോടെ പെരിയാർ, മൂവാറ്റുപുഴയാറി​െൻറ തീരങ്ങളും നഗരപ്രദേശങ്ങളും ഒരുപോലെ വെള്ളത്തിനടിയിലായി. വീടുകൾ, വിവിധ സ്ഥാപനങ്ങൾ, ആശുപത്രികൾ ഉൾപ്പെടെ വെള്ളത്തിലായി. പലയിടത്തും ആളുകൾ കുടുങ്ങിയിരിക്കുന്നു. വിവിധ സേനവിഭാഗങ്ങൾ രംഗത്തുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, പതിനായിരക്കണക്കിന് ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടി. പെരിയാർ കവിഞ്ഞൊഴുകിയതോടെ ആലുവ പൂർണമായി മുങ്ങി. ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ആരോഗ്യാലയം ആശുപത്രി, മജാദ് ആശുപത്രി, മഴുവഞ്ചേരി ക്ലിനിക്, ബാങ്ക് ജങ്ഷന്‍, മുനിസിപ്പല്‍ പാര്‍ക്ക്, ആലുവ പാലസ്, ലക്ഷ്മി നഴ്സിങ് ഹോം, അന്‍വര്‍ ആശുപത്രി എന്നിവിടങ്ങളില്‍ വെള്ളം കയറി. ആലുവ ചന്തയും മീന്‍ മാര്‍ക്കറ്റും അടക്കം നഗരത്തിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളുമൊക്കെ വെള്ളത്തിനടിയിലായി. ദേശീപാതയും ഇടറോഡുകളും ഉള്‍പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധവും നിലച്ചു. പെരിയാറി​െൻറ കരകളിലുള്ളവരോടും എത്രയുംവേഗം മാറാൻ കർശന നിർദേശം നൽകി. ആലുവ പാലസില്‍ വെള്ളം കയറിയതിനാല്‍ ജില്ല കണ്‍ട്രോള്‍ റൂം പത്തടിപ്പാലത്തെ െഗസ്റ്റ് ഹൗസിലേക്ക് മാറ്റി. മലങ്കര ഡാം തുറന്നതോടെയാണ് മൂവാറ്റുപുഴയാറില്‍ അപ്രതീക്ഷിതമായി ജലനിരപ്പ്‌ ഉയർന്നത്. ഒരാഴ്‌ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തി​െൻറ കെടുതികളിൽനിന്നും ജനങ്ങൾ മുക്തരാകുംമുമ്പേയാണ് പ്രളയം വീണ്ടുമെത്തിയത്. വീടുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. പലർക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാനോ, ക്യാംപുകളിൽ അഭയം തേടാനോ കഴിയുമുമ്പേ നഗരത്തിലേക്കു വെള്ളം ഇരച്ചെത്തുകയായിരുന്നു. പെരുമ്പാവൂര്‍ മേഖലയും ഒറ്റപ്പെട്ട നിലയിലാണ്. കൂവപ്പടി, ഒക്കല്‍, മുടക്കുഴ, വേങ്ങൂര്‍ പഞ്ചായത്ത് മുഴുവനായും നഗരസഭയും വെങ്ങോല പഞ്ചായത്തിലെ കുറച്ച് ഭാഗങ്ങളും മുങ്ങി. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ താഴ്ഭാഗത്തെ നിലയില്‍ വെള്ളം കേറി. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ക്യാമ്പുകളിൽ ദുരിതബാധിതരെ എത്തിക്കുന്നതിനും ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനും തടസ്സം നേരിട്ടിരുന്നു. കോതമംഗലം ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ധര്‍മഗിരി ആശുപത്രിയുടെ ഒന്നാംനിലവരെ വെള്ളം കയറി. രോഗികളെ മൂന്നാം നിലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഊന്നുകല്‍ ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് കോതമംഗലം - അടിമാലി റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. മാമലകണ്ടം, മുള്ളരിങ്ങാട്, പൂഴംകുട്ടി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും ആളപായമില്ല. ഭൂതത്താന്‍കെട്ട് റോഡിലൂടെ ഗതാഗതം നിരോധിച്ചതോടെ വടാട്ടുപാറ, കുട്ടമ്പുഴ, പൂയംകുട്ടി മേഖലകള്‍ ഒറ്റപ്പെട്ടു. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങളും മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയര്‍ഫോഴ്സി​െൻറ സ്‌കൂബയിലും ഫൈബര്‍ ബോട്ടുകളിലുമാണ് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത്. വെള്ളം അപകടകരമായി ഉയര്‍ന്നതോടെ ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചു. പല മേഖലകളിലും വൈദ്യുതി ബന്ധവും നിലച്ചു. വാര്‍ത്തവിനിമയ സംവിധാനങ്ങളും തകരാറിലായി. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമാകുന്ന തരത്തിലായിരുന്നു കാര്യങ്ങൾ. അതേസമയം, ആളപായമോ അത്യാഹിതമോ കൂടാതെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story