Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവസ്തു ഇടപാടുകളിൽപെട്ട...

വസ്തു ഇടപാടുകളിൽപെട്ട വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് അഞ്ചുവര്‍ഷം

text_fields
bookmark_border
ചേര്‍ത്തല: അഞ്ചുവര്‍ഷം മുമ്പ് നഗരത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെക്കുറിച്ച അന്വേഷണം ഉൗര്‍ജിതമാക്കണമെന്ന് ആവശ്യം ഉയരുന്നു. ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് നെടുമ്പ്രക്കാട് വെളിയില്‍ ഹയറാമ്മയെയാണ് (അയിഷ -62) കാണാതായിരിക്കുന്നത്. ബിന്ദു പദ്മനാഭന്‍ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയടക്കമുള്ളവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ട്. 2013ല്‍ മകന്‍ മജീദാണ് കാണാതായത് ചൂണ്ടിക്കാട്ടി ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണങ്ങള്‍ നടന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പ്യൂണ്‍ ആയിരുന്ന ഹയറാമ്മ വിരമിച്ചശേഷം മകനോടൊപ്പം എറണാകുളത്തായിരുന്നു കഴിഞ്ഞിരുന്നത്. 2012ലാണ് നെടുമ്പ്രക്കാെട്ട സഹോദരന്‍ ഹനീഫയുടെ വീടിനുസമീപം താമസം തുടങ്ങിയത്. ഇവിടെ സ്വന്തമായി ഭൂമി വാങ്ങുന്നതിന് കരാർ ഉറപ്പിച്ചശേഷമാണ് ഇവര്‍ താൽക്കാലികമായി താമസം തുടങ്ങിയത്. അതിനിടെ, 2013 മേയില്‍ കാണാതാവുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവര്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. ഹയറാമ്മയെ കാണാതായശേഷം തിരികെ വന്ന് എറണാകുളത്ത് മകനോടൊപ്പം താമസിച്ച ഭര്‍ത്താവ് യൂസുഫ് രണ്ടുവര്‍ഷം മുമ്പ് മരിച്ചു. ഇവരുടെ ഒരുമകന്‍ സിയാദ് മലപ്പുറത്താണ് താമസിക്കുന്നത്. അയല്‍വാസിയായ വീട്ടമ്മ വഴിയായിരുന്നു ഹയറാമ്മ സ്ഥലം കരാറുറപ്പിച്ചത്. ഇവരുമായി ഹയറാമ്മക്ക് സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നതായി വിവരമുണ്ട്. അയല്‍വാസിയായ വീട്ടമ്മക്ക് ബിന്ദു പദ്മനാഭന്‍ കേസിലെ പ്രതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ ഇടെപടലിലാണ് സ്ഥലത്തി​െൻറ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കാണാതായ ശേഷമാണ് കരാറുറപ്പിച്ചിരുന്ന വസ്തു ആദ്യ ഉടമതന്നെ വില്‍പന നടത്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിലും സാമ്പത്തിക ഇടപാടുകള്‍ അയല്‍വാസിയായ വീട്ടമ്മയുമായിട്ടായിരുന്നു. 2013 മേയിൽ പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറിയിലേക്കെന്ന് പറഞ്ഞാണ് ഹയറാമ്മ വീട്ടില്‍നിന്ന് പോയത്. ഇക്കാര്യം എറണാകുളത്തുള്ള മകന്‍ മജീദിനെയും ഫോണില്‍ അറിയിച്ചിരുന്നു. രണ്ടുദിവസത്തിനുശേഷം അയല്‍വാസികള്‍ കാണാതായ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് മക്കള്‍ ചേര്‍ത്തലയിലെത്തി പരാതി നല്‍കിയത്. ആറുമാസത്തിനുശേഷം മൂവാറ്റുപുഴയാറ്റില്‍ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍, മക്കളെത്തിയെങ്കിലും ഇത് ഹയറാമ്മ അല്ലെന്ന് ഉറപ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ നീളുന്ന സാഹചര്യത്തിലാണ് ബിന്ദു പദ്മനാഭന്‍ കേസിലെ പ്രതിക്ക് ഹയറാമ്മയുടെ തിരോധാനത്തിന് പിന്നിലും ബന്ധമുണ്ടാകാമെന്ന സംശയം നാട്ടുകാര്‍ക്കൊപ്പം ബന്ധുക്കളിലും ഉടലെടുത്തിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story