Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളമിറങ്ങുന്നു;...

വെള്ളമിറങ്ങുന്നു; ആശങ്ക അകലുന്നു

text_fields
bookmark_border
പെരുമ്പാവൂർ: പെരുമ്പാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളമിറങ്ങി; ഒപ്പം ആശങ്കയും അകന്നു. ഡാമുകൾ തുറന്നതുമൂലം പെരിയാറി​െൻറ തീരങ്ങളിലും പാടത്തും തോടുകളിലും നിറഞ്ഞ വെള്ളം ഭാഗികമായി ഇറങ്ങി. ഒക്കൽ തുരുത്ത്, ചേലാമറ്റം കടവ്, വല്ലംകടവ്, പഴയ പാലം, പാലക്കാട്ട്താഴം, സൗത്ത് വല്ലം, ഗാന്ധിനഗർ, കണ്ടന്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. വ്യാഴാഴ്ച ഇടമലയാർ ഡാം തുറന്നതിനെത്തുടർന്നാണ് ഇവിടങ്ങളിൽ വെള്ളപ്പൊക്കഭീഷണി ഉണ്ടായത്. ഇടുക്കി ഡാമി​െൻറ ഷട്ടറുകൾ വെള്ളിയാഴ്ച തുറന്നെങ്കിലും ഈ ഭാഗങ്ങളിൽ വെള്ളം ഏറിയില്ല. കൊമ്പനാട് വില്ലേജിലെ ക്രാരിയേലി, ഒക്കൽ പഞ്ചായത്തിലെ തുരുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് ആദ്യം വെള്ളപ്പൊക്കഭീഷണി ഉണ്ടായത്. ഒക്കൽ തുരുത്തിലേക്കുള്ള വഴി വെള്ളത്തിൽ മുങ്ങിയതോടെ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. വല്ലംകടവി​െൻറ വഴിവരെ വെള്ളമെത്തിയിരുന്നു. ചേലാമറ്റം ക്ഷേത്രംകടവിൽ വെള്ളംകയറി വാവുബലിക്ക് നിർമിച്ച പന്തൽ തകർന്നതിനെത്തുടർന്ന് ശനിയാഴ്ചത്തെ വാവുബലിക്ക് പകരം സംവിധാനം ഒരുക്കുകയായിരുന്നു. കണ്ടന്തറ സദ്ദാം റോഡിലേക്ക് വെള്ളംകയറിയിരുന്നു. ഇവിടങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കംവരെ അധികൃതർ നടത്തി. വെള്ളിയാഴ്ച രാവിലെ മുതൽ വെള്ളം ഇറക്കമായിയിരുന്നു. എന്നാൽ, ഇടുക്കിയുടെ ഷട്ടറുകൾ തുറന്നതോടെ ഇരട്ടിയിലധികം വെള്ളം കണക്കുകൂട്ടി ആശങ്കയിലായിരുന്നു പ്രദേശവാസികൾ. പാലക്കാട്ട്താഴം പാലത്തിനുതാഴെയുള്ള തഖ്വ മസ്ജി​െൻറ നടക്കല്ലുവരെ കയറിയ വെള്ളം തോട്ടിലേക്ക് ഇറങ്ങി. നേരത്തേ, മുറ്റം തോടിന് സമാനമായിരുന്നു. പഴയ പാലം ഭാഗത്തെ വീടുകളിലേക്കും പാലത്തിലും വെള്ളം കയറിയത് പൂർണമായും ഇറങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം വെള്ളിയാഴ്ചതന്നെ പുനരാരംഭിച്ചിരുന്നു. പുത്തൻപാലത്തിനുകീഴിലെ തോട്ടിലും വെള്ളമിറങ്ങി പഴയ അവസ്ഥയിലായി. ഒക്കൽ സർക്കാർ എൽ.പി.എസ്, ക്രാരിയേലി സഹ. ബാങ്ക് ഓഡിറ്റോറിയം, കണ്ടന്തറ മസ്ജിദ് ഓഡിറ്റോറിയം എന്നിവിടങ്ങിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ 115 കുടുംബങ്ങൾ താമസിച്ചിരുന്നു. ഇവരിൽ പലരും ഇപ്പോൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഞായറാഴ്ചയോടെ പൂർണമായും ക്യാമ്പുകൾ വിടുമെന്നാണ് വിവരം. വ്യാഴം, വെള്ളി ദിവസങ്ങളിലെ കിവംദന്തികളും ആശങ്കയും ശനിയാഴ്ച പൂർണമായും ഒഴിഞ്ഞിരുന്നു. തിരക്കൊഴിഞ്ഞ വാവുബലി പെരുമ്പാവൂർ: കേരളത്തിലെ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രത്തിൽ ഇത്തവണ വാവുബലിക്ക് തിരക്കൊഴിഞ്ഞ കാഴ്ചയായിരുന്നു. സാധാരണയിൽനിന്ന് പത്തിലൊന്ന് വിശ്വാസികളേ ഇത്തവണ ഇവിടെ ബലിതർപ്പണത്തിന് എത്തിയുള്ളൂ. ഡാമുകൾ തുറന്നതിനെത്തുടർന്ന് വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ഭീതിയും പെരിയാറിൽ മുങ്ങി കർമങ്ങൾ നടത്താൻ അനുവദിക്കാതിരുന്നതുമാണ് ഇവിടേക്ക് ആളുകൾ എത്താൻ മടിച്ചത്. ഒരുലക്ഷം വിശ്വാസികളെയാണ് പ്രതീക്ഷിച്ചിരുന്നത്. വ്യാഴാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ പന്തൽ തകർന്നെങ്കിലും പകരം വിപുലസംവിധാനം ക്ഷേത്രപരിസരത്ത് സംഘാടകർ ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പുലർച്ചെ മുതൽ അനുഭവപ്പെടാറുള്ള ഗതാഗതക്കുകരുക്ക് ഇത്തവണ ഉണ്ടായില്ല. കെ.എസ്.ആർ.ടി.സി പെരുമ്പാവൂർ, അങ്കമാലി ഡിപ്പോകളിൽനിന്ന് ബസ് സർവിസ് നടത്തിയിരുന്നു. എന്നാൽ, മിക്കപ്പോഴും ഇവ കാലിയായി സഞ്ചരിച്ചു. സമീപ പ്രദേശങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നതിനാൽ ഇത്തവണ പലരും അവിടെ കർമങ്ങൾ നടത്തുകയായിരുന്നു. ചേലാമറ്റം ക്ഷേത്രത്തിൽ ബലിതർപ്പണം ആരംഭിച്ചശേഷം ആളെണ്ണം കുറഞ്ഞത് ആദ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story