Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാനദണ്ഡങ്ങളിൽ...

മാനദണ്ഡങ്ങളിൽ മാറ്റംവരുത്തും; ദുരന്തബാധിതർക്ക് കൂടുതൽ നഷ്​ടപരിഹാരം നൽകും -മുഖ്യമന്ത്രി

text_fields
bookmark_border
ആലുവ: സംസ്‌ഥാനത്തുണ്ടായ പ്രളയ ദുരന്തബാധിതർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഇത്തരം ദുരന്തത്തിൽ നഷ്‌ടപരിഹാരം നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ച് കൊടുക്കാവുന്ന പരമാവധി തുകയുണ്ട്. അതിൽ മാറ്റംവരുത്തി കൂടുതൽ നഷ്‌ടപരിഹാരം ലഭ്യമാക്കും. പ്രളയപ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം ആലുവയില്‍ നടത്തിയ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ നല്‍കും. വീട് മാത്രം നഷ്ടമായവര്‍ക്ക് പുതിയ വീട് നിർമിക്കാൻ നാലുലക്ഷം രൂപ അനുവദിക്കും. വാസയോഗ്യമല്ലാത്ത സ്‌ഥലമാണെങ്കില്‍ പുതിയസ്‌ഥലം വാങ്ങാന്‍ ആറുലക്ഷം നല്‍കും. 'ലൈഫ്' പദ്ധതിയില്‍ ഉൾപെടുത്തിയാണ് വീട് നിർമിക്കാനാവശ്യമായ സഹായം നൽകുക. വീടും സ്‌ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷം സഹായം നല്‍കും. ക്യാമ്പിലെത്തിയവർ തിരികെ പോകുമ്പോള്‍ 3800 രൂപ അടിയന്തര ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്കും ആവശ്യമായ തുക അനുവദിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് അവ എളുപ്പത്തിൽ ലഭിക്കാന്‍ സൗകര്യമൊരുക്കും. ഇതിന് ഫീസ് ഈടാക്കില്ല. കൂടുതൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട പ്രദേശങ്ങളിൽ ഇതിന് പ്രത്യേക അദാലത്ത് നടത്തും. അതിവേഗം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍തന്നെ ലഭ്യമാക്കും. പാഠപുസ്തകങ്ങള്‍ നഷ്ടമായ കുട്ടികള്‍ക്ക് സ്‌കൂളില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യും. കര്‍ഷകർക്ക് നഷ്ടപരിഹാരത്തുക ഉയര്‍ത്തും. പുതിയ നിരക്കിലായിരിക്കും നഷ്ടപരിഹാരം നല്‍കുക. ദുരിതബാധിത പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാൻ ജല അതോറിറ്റിക്ക് നിര്‍ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് കുടിവെള്ളം വീടുകളില്‍ എത്തിക്കുന്നതിനുള്ള ചുമതല. കിണറുകള്‍ ശാസ്ത്രീയമായി ക്ലോറിനേഷന്‍ ചെയ്‌ത ശേഷമേ ഉപയോഗിക്കാവൂ. അടഞ്ഞുപോയ തോടുകളും അരുവികളും തുറന്ന് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കും. വെള്ളമിറങ്ങുന്ന സ്‌ഥലങ്ങളില്‍ പാമ്പുശല്യം രൂക്ഷമായിരിക്കും. പാമ്പു കടിയേല്‍ക്കാതെ സൂക്ഷിക്കണമെന്നും കടിയേല്‍ക്കുന്നവരുടെ ചികിത്സക്ക് മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്‌ഥലങ്ങളിൽ സന്ദർശനം നടത്തിയശേഷം നാലുമണിയോടെയാണ് മുഖ്യമന്ത്രി ആലുവയിലെത്തിയത്. ആലുവ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഇന്നസ​െൻറ് എം.പി, എറണാകുളം ജില്ലയിലെ എം.എല്‍.എ.മാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, റവന്യൂവകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story