Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ഥിതിഗതികൾ...

സ്ഥിതിഗതികൾ നിയന്ത്രണവിധേയം; നേരിടാൻ സജ്ജം -മന്ത്രി ഇ. ചന്ദ്രശേഖരൻ

text_fields
bookmark_border
* പ്രളയബാധിത മേഖലകളിൽ സൗജന്യറേഷൻ, ധനസഹായം ആലുവ: ഇടമലയാർ, ഇടുക്കി അണക്കെട്ടുകൾ തുറന്നതിനെത്തുടർന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ സാഹചര്യം വിലയിരുത്താൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖര​െൻറ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാനും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും എല്ലാ സജ്ജീകരണവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്ത നിവാരണം ജില്ല ഭരണകൂടം കാര്യക്ഷമമായി ഏകോപിപ്പിക്കുന്നുണ്ട്. ആശങ്കക്ക് അടിസ്ഥാനമില്ല. അർഹരായ എല്ലാ കുടുംബങ്ങൾക്കും സൗജന്യറേഷൻ ലഭ്യമാക്കും. അര്‍ഹരെ കണ്ടെത്താന്‍ വില്ലേജ്ഓഫിസര്‍മാരെ ചുമതലപ്പെടുത്തും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കൊപ്പം ദുരിതബാധിത മേഖലയിലുള്ളവർക്കും സഹായധനം വിതരണം ചെയ്യും. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തും. കര, നാവിക സേന, തീരദേശ സേന, ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന തുടങ്ങിയ വിഭാഗങ്ങളെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ആലുവ മണപ്പുറം, ചേലാമറ്റം, കീഴ്മാട്, കടമക്കുടി വില്ലേജിലെ പിഴല എന്നിവിടങ്ങളിലാകും സേന നിലയുറപ്പിക്കുക. ലൈഫ് ജാക്കറ്റുകൾ, ബോട്ടുകൾ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കും. വെള്ളപ്പൊക്കത്തെത്തുടർന്ന് പകർച്ചവ്യാധി പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും. ഇതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. വെള്ളമിറങ്ങിയശേഷം ചളി അടിഞ്ഞുകൂടിയ വീടുകൾ വൃത്തിയാക്കാൻ സഹായം നൽകുന്നത് പരിഗണിക്കും. പൊതുശുചീകരണത്തിനും പ്രത്യേക സംവിധാനമൊരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാകും ശുചീകരണം. കൃഷിനാശം സംബന്ധിച്ച് വിശദ കണക്കെടുക്കും. തെറ്റായ പ്രചരണങ്ങളിലൂടെ ജനങ്ങളിൽ ആശങ്ക പടർത്തരുത്. കൃത്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ സംവിധാനമുണ്ടാക്കും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ഓരോ പ്രദേശത്തെയും സ്ഥിതിഗതികൾ വിലയിരുത്തി. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, ജോയ്സ് ജോർജ് എം.പി, എം.എൽ.എമാരായ വി.ഡി. സതീശൻ, എസ്. ശർമ, ഹൈബി ഇൗഡൻ, അൻവർ സാദത്ത്, ജോൺ ഫെർണാണ്ടസ്, എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, എൽദോ എബ്രഹാം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽമുത്തലിബ്, ആലുവ നഗരസഭ ചെയർപേഴ്സൻ ജെസി എബ്രഹാം, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ, ആർ.ഡി.ഒമാരായ എസ്. ഷാജഹാൻ, എം.ടി. അനിൽകുമാർ, പൊലീസ് കമീഷണർ എം.പി. ദിനേശ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.ഡി. ഷീലാദേവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story