Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂടുമാറാൻ...

കൂടുമാറാൻ സ്ഥലമില്ലാത്ത ഫയർഫോഴ്സിന് ഒഴിയാൻ വീണ്ടും നോട്ടീസ്

text_fields
bookmark_border
മൂവാറ്റുപുഴ: കൂടുമാറാൻ സ്ഥലമില്ലാതെ വലയുന്ന ഫയർഫോഴ്സിനോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നഗരസഭ വീണ്ടും നോട്ടീസ് നൽകി. മൂവാറ്റുപുഴ നഗരസഭയാണ് അഗ്നിശമന സേനയോട് മൂന്നു ദിവസത്തിനകം നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് ഒഴിയാൻ ആവശ്യപ്പെട്ടത്. സൗകര്യം തീരെയില്ലാത്ത നഗരത്തിലെ ആശ്രമം ബസ് സ്റ്റാൻഡിലെ ഷെഡിലേക്ക് മാറാമെന്ന് നോട്ടീസിൽ പറയുന്നു. എന്നാൽ, എവിടേക്കു പോകുമെന്നറിയാതെ വലയുന്ന ഉദ്യോഗസ്ഥർക്ക് കെട്ടിടം മാറരുതെന്ന നിർദേശമാണ് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. ലത പാലത്തിനു സമീപത്തെ നഗരസഭ ഷോപ്പിങ് കോംപ്ലക്സിനു താഴത്തെ നിലയിലാണ് നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. രണ്ട് പതിറ്റാണ്ടുമുമ്പാണ് നഗരസഭ ഷോപ്പിങ് കോംപ്ലക്സി​െൻറ അടിഭാഗം നൽകി സ്‌റ്റേഷൻ ഇങ്ങോട്ടുമാറ്റിയത്. കോംപ്ലക്സ് പ്രവർത്തിക്കുന്ന സ്ഥലത്തി​െൻറ ഒരുഭാഗം ഫയർസ്റ്റേഷൻ നിർമിക്കാൻ നൽകാമെന്ന ധാരണ ഉണ്ടായിരുന്നങ്കിലും പിന്നീട് ഇതൊഴിവാക്കി എവറസ്റ്റ് കവലക്കുസമീപം നഗരസഭ മറ്റൊരു സ്ഥലം നൽകുകയായിരുന്നു. ഇതിനിടെ, കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കോംപ്ലക്സിൽനിന്ന് ഫയർസ്റ്റേഷൻ മാറ്റാൻ ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകിയെങ്കിലും പോകാൻ സ്ഥലമില്ലാതെ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽതന്നെ പിടിച്ചുനിൽക്കുകയായിരുന്നു. ഇതിനിടെ, കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് വീഴുമെന്ന റിപ്പോർട്ടിനെത്തുടർന്ന് നഗരസഭ വീണ്ടും മൂന്നുതവണ അഗ്നിശമന സേനയോട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നഗരവാസികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് നഗരസഭ തീരുമാനം പിൻവലിച്ചു. ജീർണിച്ച കെട്ടിടം പൊളിച്ച് പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. നിലവിലെ സ്ഥലത്തുതന്നെ സ്ഥലം ലഭിക്കുമെങ്കിൽ അഗ്ിശമന സേനയുടെ പുതിയ കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിർമിക്കാനാകും. ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പുലഭിച്ചാൽ താൽക്കാലികമായി മാറാനും അഗ്നിശമന സേന തയാറാണ്. എന്നാൽ, ഇവിടെനിന്ന് പൂർണമായി ഒഴിവാക്കിവിടാനാണ് നഗരസഭയുടെ നീക്കം. ഫയർ സ്റ്റേഷൻ ഒഴിവാക്കാനുള്ള ശ്രമം ഭരണകക്ഷി നേതാവി​െൻറ പിടിവാശി മൂലമെന്ന് മൂവാറ്റുപുഴ: ഒരുവിഭാഗം കൗൺസിലർമാരും പൗരപ്രമുഖരടക്കമുള്ളവരും ആവശ്യപ്പെട്ടിട്ടും ഫയർ സ്റ്റേഷൻ ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നത് ഭരണകക്ഷി നേതാവി​െൻറ പിടിവാശി മൂലമാണന്ന് ആരോപണം. നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിനു സമീപത്തു തന്നെയുള്ള സ്ഥലം അഗ്നിശമന സേനക്ക് നൽകാനെന്ന പേരിൽ എഴുതിവാങ്ങിയ നഗരസഭ ഈ സ്ഥലത്തു നിന്നാണിപ്പോൾ ഇവരെ ഒഴിപ്പിക്കാൻ നീക്കം നടത്തുന്നത്. ഇവിടെത്തന്നെ അഗ്നിശമന സേനക്ക് കെട്ടിടം നിർമിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേസ് വരെയുണ്ടായി. ഇതിനിടെയാണ് വീണ്ടും ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ നേരത്തെ എവറസ്റ്റ് കവലക്കു സമീപം 15 സ​െൻറ് ഭൂമി നഗരസഭ വിട്ടുനൽകാൻ തീരുമാനമെടുത്തിരുന്നു. ഇവിടെ കെട്ടിടം നിർമിക്കാൻ ഒരുക്കവും പൂർത്തിയായതാണ്. എന്നാൽ, മൂവാറ്റുപുഴ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ അനുവദിച്ച പണം സ്ഥലം അനുയോജ്യമെല്ലന്നു കണ്ടെത്തിയതോടെ ആഭ്യന്തരവകുപ്പ് തടഞ്ഞു. നഗരസഭ വിട്ടുകൊടുത്ത 15 സ​െൻറ് ഭൂമി ഫയർ സ്റ്റേഷന്‍ നിർമിക്കുന്നതിന് അനുയോജ്യമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് െകട്ടിട നിർമാണത്തിന് അനുവദിച്ച 2.75 കോടി രൂപ തടഞ്ഞത്. കുറഞ്ഞത് 50 സ​െൻറ് ഭൂമിയെങ്കിലും നൽകിയാൽ മാത്രമേ പണം അനുവദിക്കാനാകൂ എന്നാണിപ്പോൾ ആഭ്യന്തര വകുപ്പി​െൻറ നിലപാട്. ഇതിനിടയിലാണ് ആശ്രമം ബസ് സ്റ്റാൻറിലെ ഒരു ഷെ‍ഡിലേക്ക് അഗ്നിശമന സേനയുടെ പ്രവർത്തനം മാറ്റിക്കൊള്ളാൻ നഗരസഭ നിർദേശിച്ചത്. രക്ഷാസൗകര്യങ്ങളുള്ള ആംബുലന്‍സ്, രണ്ട് ഡിങ്കി ബോട്ടുകള്‍, ഫ്ലോട്ടിങ്പമ്പ്, ഫോം മേക്കിങ് പമ്പ്, ടോർക്ക് ഫ്രീ ബ്രാഞ്ച് പൈപ്പ്, ഡൈവിങ് സ്യൂട്ടുകൾ, ഫയർ എൻജിനുകൾ തുടങ്ങി ഒട്ടേറെ ആധുനിക രക്ഷ ഉപകരണങ്ങളുമായി ഒരു ഷെഡിലേക്ക് സേനയുടെ പ്രവർത്തനം എങ്ങനെ മാറ്റാനാകുമെന്നാണ് അഗ്നിശമനസേന ചോദിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story