Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോടുകൾ നിറഞ്ഞുകവിഞ്ഞു

തോടുകൾ നിറഞ്ഞുകവിഞ്ഞു

text_fields
bookmark_border
കാലടി: ചെറുതോണി, ഇടമലയാർ ഡാമുകൾ തുറന്നതിനാൽ പെരിയാറിൽ വെള്ളം ക്രമാതീതമായി ഉയർന്നത് ജനങ്ങളിൽ ആശങ്കയുണർത്തി. കാലടി, മലയാറ്റൂർ-നീലീശ്വരം, കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞു. കാലടി-മലയാറ്റൂർ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന നെട്ടിനംപിള്ളിക്കു സമീപം മുക്കടായി തോട് നിറഞ്ഞ് പാലവും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പാലത്തിനോട് ചേർന്നുള്ള കളിസ്ഥലവും മുങ്ങി. പെരിയാറി​െൻറ നടുക്കുള്ള കാലടി മഹാശിവരാത്രി മണപ്പുറവും 18 അടിയോളം ഉയരമുളള മഹാദേവ ക്ഷേത്രവും പൂർണമായും വെള്ളത്തിൽ മുങ്ങിയനിലയിലാണ്. ശൃംഗേരി മുതലകടവും ഇതിന് മുകളിലുള്ള സോപാനമണ്ഡപവും പൂർണമായും മുങ്ങി. വെള്ളം നിറഞ്ഞ പുഴ കാണാൻ രാവിലെ മുതൽ കാലടി ശ്രീശങ്കര പാലത്തിൽ ജനപ്രവാഹമായിരുന്നു. പാലത്തി​െൻറ ഇരുകരകളിലും വാഹനങ്ങൾ പാർക്ക് ചെയ്തത് മണിക്കൂറുകളോളം എം.സി റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് എത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചത്. റൂറൽ എസ്.പി രാഹുൽ ആർ. നായരും പാലത്തിൽ എത്തി. കാഞ്ഞൂർ പഞ്ചായത്തിൽ ചെങ്ങൽതോട് കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. ചെങ്ങൽ-തുറവുങ്കര റോഡിൽ അമ്പലനടയ്ക്കു സമീപം വെള്ളം റോഡിൽ നിറഞ്ഞതോടെ ഗതാഗതം നിശ്ചലമായി. ചെങ്ങൽതോട് അവസാനിക്കുന്ന എയർപോർട്ട് മേഖലയിൽ വെള്ളം ഒഴുക്ക് നിലച്ച സ്ഥിതിയാണ്. എയർപോർട്ടി​െൻറ സംരക്ഷണ ഭിത്തിയിൽ നീരൊഴുക്ക് നിലച്ച് വെള്ളം കെട്ടി. തുറവുങ്കര പ്രദേശത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലും പറമ്പുകളിലും വെള്ളം നിറഞ്ഞു. മേഖലയിലെ നൂറോളം കുടുംബങ്ങളെ കാഞ്ഞൂർ സ​െൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ, വട്ടത്തറ ഭാഗത്തുളള 22ഓളം കുടുംബങ്ങളെ ചെങ്ങൽ കോൺവ​െൻറ് സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്കും മാറ്റി. പാറപ്പുറം, വല്ലം കടവ് മേഖലയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ മലയാറ്റൂർ, മുളങ്കുഴി, കൊറ്റമം, നീലിശ്വരം മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞു. മലയാറ്റൂർ സ​െൻറ് തോമസ് പള്ളിയുടെ (താഴത്തെ പള്ളി)പാർക്കിങ് ഗ്രൗണ്ട് പൂർണമായും വെള്ളം നിറഞ്ഞ നിലയിലാണ്. നീലീശ്വരം പള്ളുപ്പേട്ട മേഖലയിലെ വിവിധ ചെറുകിട സ്ഥാപനങ്ങളിലും വെള്ളം നിറഞ്ഞ് പ്രവർത്തനം നിലച്ച സ്ഥിതിയാണ്. പള്ളുപ്പേട്ട പാലത്തിനു സമീപം വാഴയിൽ കുഞ്ഞുമോ​െൻറ വീട്ടിൽ വെള്ളം കയറി. വീട്ടുപകരണങ്ങൾ നശിച്ചു. ഇവരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. നീലിശ്വരം ഗവ. യുപി സ്കൂൾ, ഇല്ലിത്തോട് എൽ.പി സ്കൂൾ, സെബിയൂർ സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മലയാറ്റൂർ അടിവാരെത്ത മണപ്പാട്ട്ചിറ നിറഞ്ഞുകവിഞ്ഞ് ചുറ്റുമുള്ള റിങ്റോഡുകൾ വെള്ളത്തിൽ മുങ്ങി. തേക്കുംതോട്ടത്തിൽനിന്ന് ആറാട്ടുകടവ് ക്ഷേത്രത്തിലേക്കു പോകുന്ന പ്രധാന റോഡിൽ വെള്ളം കയറി. ഇല്ലിത്തോട്, മുളങ്കുഴി ഭാഗങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളംകയറി കാർഷിക വിളകൾ നശിച്ചു. ഇക്കോ ടൂറിസം മേഖലയായ മഹാഗണിത്തോട്ടത്തിലും മുളങ്കുഴി എവർഗ്രീൻ ഫോറസ്റ്റ് റേഞ്ച് ഓഫിസിലും വെള്ളം കയറി. മഞ്ഞപ്ര പഞ്ചായത്തിലെ കുഴിയംപാടം, വള്ളിക്കാത്തോട്, കരിങ്ങേൻപുറം, പുതുമന മേഖലകളിലെ കാർഷിക വിളകൾ വെള്ളത്തിൽ മുങ്ങി. പഞ്ചായത്തിലെ നടുവട്ടം ജെബി സ്കൂളിൽ ക്യാമ്പ് തുറന്നു. ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം, തെറ്റാലി, പുതിയറോഡ്, വെള്ളാരപ്പിള്ളി, ശ്രീമൂലനഗരം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി കൃഷിനശിച്ചു. ഇരുപത്തിഅഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വെള്ളം കയറിയ പ്രദേശങ്ങൾ കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ അൽഫോൻസ വർഗീസ്, എം.പി. ലോനപ്പൻ, അഡ്വ. കെ. തുളസി, അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story