Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടമലയാർ ഡാം തുറന്നു;...

ഇടമലയാർ ഡാം തുറന്നു; താഴ്​ന്നപ്രദേശങ്ങൾ വെള്ളത്തിൽ

text_fields
bookmark_border
കൊച്ചി: ജലനിരപ്പ് പരമാവധി സംഭരണശേഷി കവിഞ്ഞതിനെത്തുടർന്ന് ഇടമലയാർ അണക്കെട്ട് തുറന്നു. അണക്കെട്ടി​െൻറ നാല് ഷട്ടറിലൂടെ സെക്കൻഡിൽ 600 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. മൂന്ന് ഷട്ടർ രണ്ടു മീറ്റർ വീതവും ഒരു ഷട്ടർ ഒരു മീറ്ററുമാണ് ഉയർത്തിയത്. പെരിയാറിൽ ഒന്നര മീറ്റർ വരെ ജലനിരപ്പ് ഉയർന്നേക്കാമെന്നും എന്നാൽ, ആശങ്കപ്പെടാനില്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു. ഒന്ന്, രണ്ട് ഷട്ടറുകൾ വ്യാഴാഴ്ച രാവിലെ അഞ്ചിനും മൂന്നാം ഷട്ടർ ആറരക്കും നാലാം ഷട്ടർ എട്ടിനുമാണ് തുറന്നത്. തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിലും നാലുമണിക്കൂറിനുശേഷം കാലടി, ആലുവ മേഖലകളിലും വെള്ളമെത്തി. ഡാം രാവിലെ ആറിന് തുറക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, രാത്രിയിലെ കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് 169.95 മീറ്ററിൽ എത്തിയതോടെ ഒരു മണിക്കൂർ നേരത്തേ തുറന്നു. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടുകൂടി തുറന്നതിനാൽ രാത്രിയോടെ പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. നാല് ഷട്ടർ തുറന്നിട്ടുണ്ടെങ്കിലും ശക്തമായ നീരൊഴുക്കുള്ളതിനാൽ ഇടമലയാറിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല. ഇടമലയാർ ഡാം തുറന്നതോടെ ആലുവ മണപ്പുറവും ക്ഷേത്രവും വെള്ളത്തിനടിയിലായി. ക്ഷേത്രത്തി​െൻറ മേൽക്കൂരവരെ വെള്ളം ഉയർന്നു. കഴിഞ്ഞമാസം മൂന്നുതവണ മണപ്പുറം വെള്ളത്തിൽ മുങ്ങിയിരുന്നു. സന്ദർശകരെ നിയന്ത്രിക്കാൻ പൊലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയത്. ആലുവ നഗരത്തിലും സമീപ പ്രദേശങ്ങളിലും പുഴയിൽ ജലനിരപ്പ് 10 അടിയിലേറെ ഉയർന്നു. ചെമ്പകശ്ശേരി ഭാഗം, കിഴക്കേ ആലുവ, കരിമ്പാടം, പറാട്ട് ലെയിൻ, തോട്ടക്കാട്ടുകര മേഖലകളിലാണ് കൂടുതലായും വീടുകളിൽ വെള്ളംകയറിയത്. പെരുമ്പാവൂരിൽ ചേലാമറ്റം, കൊമ്പനാട്, മാറമ്പിള്ളി, വെങ്ങോല വില്ലേജുകളിലെ ചില സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിലാണ്. ഒക്കൽ തുരുത്ത്, ക്രാരിയേലി, ഗാന്ധിനഗർ, കണ്ടന്തറ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളംകയറി. വിവിധ സ്ഥലങ്ങളിൽ 97 കുടുംബങ്ങളിലെ 319 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോതമംഗലം കുട്ടമ്പുഴയിലെ നിരവധി കടകളിലും വീടുകളിലും വെള്ളം കയറി. മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതിനാൽ ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. കുട്ടമ്പുഴ- പൂയംകൂട്ടി റോഡിൽ കൂവപ്പാറക്കുസമീപം മണ്ണിടിഞ്ഞ് നാലു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story