Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ്​ മർദനം:...

പൊലീസ്​ മർദനം: മൂന്ന്​ മുന്‍ ഉദ്യോഗസ്ഥരെ ജയിലിലടക്കുമെന്ന് സർക്കാർ

text_fields
bookmark_border
കൊച്ചി: 30 വർഷം മുമ്പ് ദമ്പതികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച കേസില്‍ സുപ്രീംകോടതി ശിക്ഷ ശരിവെച്ചിട്ടും കീഴടങ്ങാത്ത മൂന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ രണ്ടാഴ്ചക്കകം പിടികൂടി ജയിലിലടക്കുമെന്ന് ഹൈകോടതിക്ക് സർക്കാറി​െൻറ ഉറപ്പ്. മർദനക്കേസിലെ പ്രതികളായ തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ സി.ഐയായിരുന്ന സി.എസ്. രാമചന്ദ്രന്‍ നായര്‍, എസ്‌.ഐയായിരുന്ന സുബൈര്‍കുഞ്ഞ്, ഹെഡ്‌കോൺസ്റ്റബിളായിരുന്ന അബ്ദുല്‍കലാം എന്നിവരെ പിടികൂടി ജയിലിലടക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇവരെ പിടികൂടി ശിക്ഷാവിധിക്ക് വിധേയമാക്കിയതി​െൻറ റിപ്പോർട്ട് ഈ മാസം 20ന് നല്‍കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. വര്‍ക്കല സ്വദേശിയും ഗള്‍ഫില്‍ ബിസിനസുകാരനുമായിരുന്ന ജി. ബാലചന്ദ്രനെയും ഭാര്യ മീനെയയും 1988 സെപ്റ്റംബര്‍ 16ന് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. നടത്തിപ്പുകാരനായ തമിഴ്‌നാട്ടുകാരന് ബാലചന്ദ്ര​െൻറ കൈവശമുള്ള കശുവണ്ടി ഫാക്ടറി വില്‍ക്കണമെന്നാവശ്യപ്പെട്ടാണ് മർദിച്ചത്. ഗര്‍ഭിണിയായ മീനയെ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് ബാലചന്ദ്രന്‍ നെടുമങ്ങാട് കോടതിയില്‍ പരാതി നല്‍കിയെങ്കിലും തള്ളി. മൂന്നു പൊലീസുകാരും പ്രതിയാണെന്ന് 1993 ഫെബ്രുവരിയില്‍ ആറ്റിങ്ങല്‍ സെഷന്‍സ് കോടതി വിധിച്ചു. രണ്ടുവകുപ്പിൽ വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. എന്നാൽ, പ്രതികളുടെ അപ്പീലിൽ ഹൈകോടതി സിംഗിൾ ബെഞ്ച് സെഷന്‍സ് കോടതി വിധി റദ്ദാക്കി. തുടർന്ന് ബാലചന്ദ്ര​െൻറ അപ്പീലിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പ്രതികൾക്ക് ശിക്ഷ മൂന്നുമാസമായി കുറച്ചുനൽകുകയും ചെയ്തു. ഇതിനെതിരെ പ്രതികൾ സുപ്രീംകോടതിയിൽ നൽകിയ ഹരജി തള്ളി. ഇതിനിടെ, പ്രതികൾ നൽകിയ അേപക്ഷയെത്തുടർന്ന് രണ്ടുപേർക്ക് സര്‍ക്കാര്‍ ശിക്ഷയിളവ് നല്‍കി. ഇതിനെതിരെ ബാലചന്ദ്രന്‍ നൽകിയ ഹരജിയിൽ 2010ല്‍ ഹൈകോടതി ശിക്ഷയിളവ് റദ്ദാക്കി. എന്നാൽ, പ്രതികൾക്ക് അനുകൂലമായി ഡിവിഷന്‍ ബെഞ്ച് ഉത്തരവുണ്ടായി. ബാലചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചതോടെ വീണ്ടും പ്രതികൾ ശിക്ഷ അനുഭവിക്കണമെന്ന വിധിയുണ്ടായി. കേസിലെ നിയമനടപടികളെല്ലാം പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം സി.ജെ.എം കോടതി പ്രതികളെ ശിക്ഷിക്കാനുള്ള നടപടികള്‍ 2017 മേയ് രണ്ടിന് സ്വീകരിച്ചെങ്കിലും പ്രതികള്‍ ഒളിവിലാണെന്ന് തിരുവനന്തപുരം ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകി. സുപ്രീംകോടതി തടവുശിക്ഷ ശരിവെച്ചിട്ടും പൊലീസുകാര്‍ പുറത്ത് നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജി. ബാലചന്ദ്രന്‍ ഹൈകോടതി രജിസ്ട്രാര്‍ ജനറലിന് പരാതി നല്‍കി. ഇൗ പരാതി സ്വമേധയാ ഹരജിയായി കോടതി പരിഗണിക്കുകയായിരുന്നു. പൊലീസി​െൻറ നടപടി കോടതിയലക്ഷ്യവും നിയമസംവിധാനത്തെ അപഹസിക്കുന്നതും നിയമസംവിധാനത്തെ തകര്‍ക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് സ്വമേധയാ കേസെടുത്തത്. ഇതിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്. പ്രധാന പ്രതിയായ സി.എസ്. രാമചന്ദ്രന്‍ നായര്‍ എസ്.പിയായാണ് സർവിസില്‍നിന്ന് വിരമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story