Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപമ്പിങ് ഫലം...

പമ്പിങ് ഫലം ചെയ്​തില്ല; വെള്ളക്കെട്ട്​ ഒഴിയാതെ എ.സി റോഡ്​

text_fields
bookmark_border
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളക്കെട്ടൊഴിവാക്കാൻ പമ്പിങ് ആരംഭിച്ചിട്ടും റോഡിലെ ജലനിരപ്പില്‍ മാറ്റമില്ല. കനത്ത മഴയും വേലിയേറ്റവുംമൂലം പാടത്തേക്ക് വീണ്ടും വെള്ളമെത്തുന്നതാണ് ജലനിരപ്പിനെ ബാധിക്കുന്നത്. തിങ്കളാഴ്ച ഉച്ചമുതല്‍ ആരംഭിച്ച കനത്ത മഴയില്‍ എ.സി റോഡിലെ ചില ഭാഗങ്ങൾകൂടി വെള്ളക്കെട്ടിലായി. മടവീണ ചമ്പക്കുളം എഴുകാട് പാടത്ത് മട കുത്തുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പി​െൻറ രണ്ട് പമ്പ് സെറ്റുകൾ ഉപയോഗിച്ച് പാടത്ത് പമ്പിങ് ആരംഭിച്ചു. എന്നാല്‍, മോട്ടോര്‍ തറകളിലെ പമ്പുകള്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ജലനിരപ്പ് താഴ്‌ന്നെങ്കില്‍ മാത്രമേ പെട്ടിയും പറയും ഉപയോഗിച്ച് പമ്പിങ് നടത്താനാകൂ. എ.സി റോഡിന് സമീപത്തെ മൂലപൊങ്ങമ്പ്ര പാടശേഖരത്തില്‍ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പമ്പിങ് തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ചിരുന്നു. എന്നാല്‍, പമ്പിങ്ങിനിടെ ഡ്രഡ്ജറിലെ ബാറ്ററി തകരാറായതുമൂലം പമ്പിങ് നിര്‍ത്തി െവച്ചിരുന്നു. പിന്നീട് ഉച്ചയോടെ അറ്റകുറ്റപ്പണി നടത്തിയാണ് പമ്പിങ് ആരംഭിച്ചിരിക്കുന്നത്. വൈകീട്ടുണ്ടാകുന്ന വേലിയേറ്റത്തില്‍ പാടത്തേക്ക് വീണ്ടും വെള്ളം കയറുന്നുണ്ട്. ഇതിനാല്‍ത്തന്നെ പമ്പിങ് ആരംഭിച്ചിട്ടും റോഡിലെ വെള്ളക്കെട്ടിന് കാര്യമായ മാറ്റമില്ല. പള്ളിക്കൂട്ടുമ്മയിലും നെടുമുടിയിലും എത്തുന്നവര്‍ ട്രാക്ടറിനെ ആശ്രയിച്ചാണ് മറുകര കടക്കുന്നത്. നസ്രത്ത് മുതല്‍ പണ്ടാരക്കുളം വരെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. ഇവിടെ വെള്ളക്കെട്ട് കുറക്കാൻ ഏഴോളം പാടങ്ങളില്‍ പമ്പിങ് ആരംഭിച്ചിട്ടുണ്ട്. നാട്ടായം, പടച്ചാല്‍, പൊങ്ങ, പൊങ്ങ പൂപ്പള്ളി, കടന്നങ്കാട്ട്, ഇടശ്ശേരി തെക്ക്, വടക്ക് പാടങ്ങളിലാണ് പമ്പിങ് നടക്കുന്നത്. പടച്ചാല്‍ പാടത്ത് മട കുത്തുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ എ.സി റോഡില്‍ എവീസ് ഹോട്ടലിന് സമീപവും പള്ളിക്കൂട്ടുമ്മ ജങ്ഷന് കിഴക്കുഭാഗത്തും വീണ്ടും വെള്ളം കയറിയിട്ടുണ്ട്. മട വീണ പാടശേഖരങ്ങളുടെ പുറംബണ്ടിലെ വീടുകളില്‍ ഇപ്പോഴും വെള്ളക്കെട്ടാണ്.
Show Full Article
TAGS:LOCAL NEWS 
Next Story