Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമറഞ്ഞത്​ എ​െൻറ...

മറഞ്ഞത്​ എ​െൻറ സ്​നേഹത്തണൽ

text_fields
bookmark_border
ഉമ്പായിക്കക്ക് എ​െൻറ ബാപ്പയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. പാട്ടുകളെക്കുറിച്ച് ബാപ്പ പറയാറുള്ളതൊക്കെ ഞങ്ങൾ തമ്മിലുള്ള സംസാരങ്ങളിൽ ഇടക്കിടെ കടന്നുവരാറുണ്ട്. ഞങ്ങൾ അയൽവാസികൾ കൂടിയായതിനാൽ പ്രത്യേക അടുപ്പമുണ്ടായിരുന്നു. തലയിൽ മഫ്ലറുമിട്ട് നടക്കാനിറങ്ങുന്ന ഉമ്പായിക്ക എ​െൻറ പ്രഭാതങ്ങളിലെ പതിവ് കാഴ്ചയാണ്. കാണുേമ്പാഴൊക്കെ സംഗീതത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതും ഉപദേശിച്ചതും. അടിപൊളിപ്പാട്ടുകൾ മാത്രം പോരാ. നീ ശുദ്ധസംഗീതത്തിലേക്ക് വരണം. ഹാർമോണിയം പ്രാക്ടീസ് ചെയ്യണം. സംഗീതത്തെക്കുറിച്ച് കൂടുതൽ പഠിക്കണമെന്നൊക്കെ എപ്പോഴും ഉപദേശിക്കുമായിരുന്നു. എ​െൻറ സഹപ്രവർത്തകരായ മറ്റ് ഗായകരോടും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ഇതൊക്കെത്തന്നെയാണ്. മറ്റുള്ളവർക്ക് എപ്പോഴും പ്രചോദനവും ഉൗർജവുമായിരുന്നു ആ വാക്കുകൾ. ആരെക്കുറിച്ചും മോശമായി ഒന്നും പറയില്ല. രോഗാവസ്ഥയിൽ കാണാൻ ചെല്ലുേമ്പാഴും സംസാരിച്ചതത്രയും സംഗീതത്തെക്കുറിച്ച് മാത്രമാണ്. ശുദ്ധസംഗീതത്തിൽ തേൻറതായ ശൈലിയിലൂടെ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഗായകനാണ് ഉമ്പായി. മലയാളികൾ അതിനെ സർവാത്മനാ അംഗീകരിക്കുകയും ചെയ്തു. ഗസലിന് മലയാളത്തിൽ സ്വീകാര്യത ഉണ്ടാക്കിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. സിനിമപാട്ടുകൾക്കപ്പുറം സാധാരണക്കാർ പോലും അദ്ദേഹത്തി​െൻറ പാട്ടുകളെ ഇഷ്ടപ്പെട്ടു. ഒരിക്കൽ ദക്ഷിണാഫ്രിക്കൻ രാജ്യമായ ബൊട്സ്വാനയിൽ പരിപാടി കഴിഞ്ഞിറങ്ങി ഞാൻ വണ്ടിയിലിരിക്കുേമ്പാൾ മൊബൈലിൽനിന്ന് ഉമ്പായിക്കയുടെ പാട്ട് കേട്ടു. ശ്രദ്ധിച്ചപ്പോൾ ഒപ്പമുള്ള മിമിക്രി ആർട്ടിസ്റ്റ് കോട്ടയം അജീഷി​െൻറ മൊബൈലിൽ നിന്നാണ്. ഉമ്പായിക്കയുടെ പാട്ടുകളാണ് താൻ രാത്രിയിൽ ഏറ്റവും കൂടുതൽ കേൾക്കുന്നതെന്ന അജീഷി​െൻറ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. മലബാർ മേഖലയിൽ അദ്ദേഹത്തിന് ആരാധകരുടെ വലിയൊരു വൃന്ദം തന്നെയുണ്ട്. മട്ടാഞ്ചേരിയിൽ ഹിന്ദുസ്ഥാനി സംഗീത വിദ്യാലയം സ്ഥാപിക്കുക എന്നത് അദ്ദേഹത്തി​െൻറ വലിയ ആഗ്രഹമായിരുന്നു. കാണുേമ്പാഴൊക്കെ അതേക്കുറിച്ച് പറയുമായിരുന്നു. വടക്കേ ഇന്ത്യയിലെ അദ്ദേഹത്തി​െൻറ സുഹൃത്തുക്കളായ ഒേട്ടറെ ഹിന്ദുസ്ഥാനി കലാകാരൻമാർ അവിടെവന്ന് ക്ലാസെടുക്കാൻ തയാറായിരുന്നു. മന്ത്രി എ.കെ ബാലൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരോടെല്ലാം ത​െൻറ സ്വപ്ന പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രാരംഭ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സ്വപ്നം ബാക്കിവെച്ച് യാത്രയായത്. ആരോഗ്യം നോക്കേണ്ട കാലത്ത് താൻ അത് ചെയ്തിരുന്നില്ലെന്നും നിങ്ങൾ അങ്ങനെയാകരുതെന്നും വ്യായാമം ചെയ്യണമെന്നും ഉമ്പായിക്ക ഉപദേശിക്കുമായിരുന്നു. നീ ഹാർമോണിയം വായിച്ച് ഒരു പാട്ടുപാടികേൾപ്പിക്കണമെന്ന് പലപ്പോഴും എന്നോട് പറഞ്ഞിരുന്നു. സ്നേഹത്തി​െൻറ തണലായിരുന്ന ഉമ്പായിക്കയുടെ വേർപാട് വ്യക്തിപരമായി എനിക്ക് തീരാനഷ്ടമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story