Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുരക്ഷക്ക് നേരെ...

സുരക്ഷക്ക് നേരെ 'കണ്ണടച്ച്' സിറ്റി പൊലീസി​െൻറ നിരീക്ഷണ കാമറകള്‍

text_fields
bookmark_border
കാക്കനാട്: കടുത്ത സുരക്ഷ വെല്ലുവിളി ഉയരുമ്പോഴും കൊച്ചി സിറ്റി പൊലീസി​െൻറ സുരക്ഷ കാമറകള്‍ കണ്ണ് തുറക്കുന്നില്ല. പതിനായിരക്കണക്കിനു യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന കൊച്ചി നഗരത്തില്‍ രണ്ടോ, മൂന്നോ ജങ്ഷനുകളില്‍ ഒഴികെ സിറ്റി പൊലീസി​െൻറ ഒരു നിരീക്ഷണ കാമറപോലും പ്രവര്‍ത്തിക്കുന്നില്ല. മെട്രോ റെയില്‍ നിര്‍മാണവും കനത്ത മഴയുമാണ് കാമറകള്‍ക്ക് തകരാർ സംഭവിക്കാന്‍ കാരണമെന്നാണ് പൊലീസ് വിശദീകരണം. ഏറ്റവും കുടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കൊച്ചിയില്‍ നിരീക്ഷണ കാമറകള്‍ മിഴിയടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. കൊച്ചി സിറ്റി സര്‍വയലന്‍സ് ആന്‍ഡ് ട്രാഫിക് മോണിറ്ററിങ് സംവിധാനത്തി​െൻറ കീഴിലാണ് കൊച്ചിയിലും പരിസരത്തും പൊലീസ് കാമറകള്‍ സ്ഥാപിച്ചത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൊച്ചിയിലാണ്. നടിയെ ആക്രമിച്ച കേസ് മുതല്‍ ഏറ്റവും ഒടുവിലത്തെ അഭിമന്യു വധക്കേസ് വരെയുള്ള പലതിലും നിര്‍ണായക തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ ആശ്രയിക്കുന്നത് നിരത്തുകളിലെ നിരീക്ഷണ കാമറകളെയാണ്. എന്നാല്‍, കൊച്ചി നഗരത്തിലുള്ള 99 കാമറകളിലുള്ള 25 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം അസി. പൊലീസ് കമീഷണര്‍ വിവരാവകാശ അപേക്ഷകന് രേഖമൂലം മറുപടി നല്‍കി. മെട്രോ ജോലികളും വൈറ്റില ഒാവര്‍ബ്രിഡ്ജ് നിര്‍മാണവും ഈയടുത്ത കാലത്തെ ശക്തമായ കാറ്റും മഴയും മൂലം കേബിളുകളും കാമറകളും തകരാന്‍ ഇടയാക്കിയെന്ന് പൊലീസ് വിശദീകരിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രതികൂല കാലാവസ്ഥയും കാരണം 74 കാമറകളാണ് പ്രവര്‍ത്തന രഹിതമായത്. മെട്രോ ഓടി ഒന്നാം വാര്‍ഷികം കഴിഞ്ഞിട്ടും സുരക്ഷ കാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. നഗരത്തിലെ കാമറകൾ ഇങ്ങനെ 63 ഫിക്‌സഡ് കാമറകളും 36 ഡോം കാമറകളുമാണ് നഗരത്തില്‍ പൊലീസ് സ്ഥാപിച്ചത്. ഹൈകോര്‍ട്ട് ജങ്ഷന്‍, നെഹ്‌റു സ്റ്റേഡിയം (മൂന്നെണ്ണം), തേവര പൊലീസ് സ്റ്റേഷന്‍, ഇന്‍ഫൊപാര്‍ക്ക്(നാലെണ്ണം), കടവന്ത്ര(മൂന്നെണ്ണം), കച്ചേരിപ്പടി ജങ്ഷന്‍ (രണ്ടെണ്ണം), നോര്‍ത്ത് ടൗണ്‍ഹാള്‍( മൂന്നെണ്ണം), ജഡ്ജസ് അവന്യൂ (മൂന്നെണ്ണം), എന്‍.എച്ച്.ബൈപ്പാസ് പാലാരിവട്ടം(അഞ്ചെണ്ണം) ദേശാഭിമാനി ജങ്ഷന്‍(നാലെണ്ണം), പാലാരിവട്ടം ജങ്ഷന്‍-(നാലെണ്ണം), പാലാരിവട്ടം എസ്.എന്‍. ജങ്ഷന്‍(മൂന്നെണ്ണം), ബി.ടി.എച്ച് ജങ്ഷന്‍, പാലാരിവട്ടം സ​െൻറ് മാര്‍ട്ടിന്‍ ചര്‍ച്ച്, സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍-(നാലെണ്ണം), മനോരമ ജങ്ഷന്‍(മൂന്നെണ്ണം), കലൂര്‍ ചര്‍ച്ച്, എന്‍.എച്ച് ബൈപ്പാസ് പാലാരിവട്ടം എന്നിവിടങ്ങളിലെ നിരീക്ഷണ കാമറകളാണ് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നത്. ഡി.സിസി ജങ്ഷന്‍(മൂന്നെണ്ണം), സൗത്ത് റെയില്‍വേ സ്റ്റേഷന്‍(രണ്ടെണ്ണം), കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്്(രണ്ടെണ്ണം), ഇടപ്പള്ളി ചര്‍ച്ച്, ഇടപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷന്‍(മൂന്നെണ്ണം), ഇടപ്പള്ളി ജങ്ഷന്‍( അഞ്ചെണ്ണം), വൈറ്റില ഹബ് എന്നിവിടങ്ങളിലെ നിരീക്ഷണ കാമറകള്‍ മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് തകരാര്‍ സംഭവിെച്ചന്നും പൊലീസ് പറയുന്നു. മെട്രോ നിര്‍മാണം ആരംഭിച്ചപ്പോള്‍ മുതലാണു നിരീക്ഷണ കാമറകള്‍ ഇല്ലാതായതെന്നു പൊലീസ് പറയുന്നു. ഏതെങ്കിലും വീടുകളിലോ, വ്യാപാര സ്ഥാപനങ്ങളിലോ സ്ഥാപിച്ച കാമറയെ ആശ്രയിക്കുക മാത്രമാണു പൊലീസിന് മുന്നിലുള്ള ഏക വഴി. വര്‍ഷങ്ങളായി നശിച്ചുകിടക്കുന്ന കാമറകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനു കെല്‍ട്രോണുമായി പുതിയ കരാര്‍ വെക്കാനുള്ള ശ്രമം തുടങ്ങിയിരുന്നുവെങ്കിലും യാഥാര്‍ഥ്യമായില്ല. വാഹനങ്ങളുടെയും ആളുകളുടെയും സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിക്കാനും അത് കണ്‍ട്രോള്‍ റൂമിലിരുന്ന് വിലയിരുത്താനും നടപടിയെടുക്കാനുമാണ് കാമറകള്‍ സ്ഥാപിച്ചത്. 24 മണിക്കൂറും സിറ്റിയിലെ ക്രമസമാധാനപാലനത്തിന് സഹായകരമായിരുന്ന കാമറകള്‍ പ്രവര്‍ത്തിക്കാതായിട്ടും ആഭ്യന്തരവകുപ്പോ സര്‍ക്കാറോ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story