Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്ഘാടനം കഴിഞ്ഞ്​​...

ഉദ്ഘാടനം കഴിഞ്ഞ്​​ ഒരുമാസം; ചേർത്തല ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തന സജ്ജമായില്ല

text_fields
bookmark_border
ചേർത്തല:- കോടികൾ ചെലവഴിച്ച് സ്ഥാപിച്ച ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങിയില്ല. ഡയാലിസിസിന് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന രോഗികൾ ആശങ്കയിൽ. ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ 17ന് എ.കെ. ആൻറണി എം.പി ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂനിറ്റാണ് പ്രയോജനപ്പെടാത്തത്. ഉപകരണങ്ങളും ജീവനക്കാരുമുൾപ്പെടെ എല്ലാ സൗകര്യങ്ങളും പൂർത്തിയായി. യു.പി.എസും ത്രീഫേസ് വൈദ്യുതി ലൈനും കിട്ടാൻ വൈകുന്നത് മൂലമാണ് പ്രവർത്തനം തുടങ്ങാത്തത്. യൂനിറ്റിലേക്ക് വൈദ്യുതിയും ജനറേറ്ററും ഉൾപ്പെടെയുണ്ടെങ്കിലും വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ജനറേറ്ററിലേക്ക് മാറുന്ന സമയത്തെ തടസ്സം ഒഴിവാക്കുന്ന യു.പി.എസ് അത്യാവശ്യമാണ്. കേരള ഇലക്ട്രിക്കൽ ലിമിറ്റഡിനാണ് യു.പി.എസിന് ഓർഡർ നൽകിയത്. അതേസമയം ഇവിടെ യൂനിറ്റ് പ്രവർത്തനം തുടങ്ങുന്നെന്ന് അറിഞ്ഞ് നിരവധി പേരാണ് ഡയാലിസിസ് നടത്തുന്നതിനായി അപേക്ഷയും നൽകി കാത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ദിവസം 12 പേര്‍ക്ക് ഡയാലിസിസ് നടത്താനാവും. അടുത്ത ഘട്ടത്തിൽ 18 പേർക്കായി ഉയർത്തും. നിലവിൽ പ്രദേശത്തെ വൃക്കരോഗികൾ ഭീമമായ തുക നൽകി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.നിർധനരായ രോഗികൾക്ക് പലപ്പോഴും ഇത് താങ്ങാനാവാതെ വരുകയും മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. ചേർത്തല ഗവ. ആശുപത്രിയിൽ ഇത്തരമൊരു യൂനിറ്റ് തുടങ്ങുന്നത് വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാർ കണ്ടത്. എ.കെ. ആൻറണിയുടെ വികസന ഫണ്ടിൽനിന്നും രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് സ്ഥാപിച്ചത്. എന്നാൽ, ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഇത്തരത്തിൽ ഉദ്ഘാടനം നടത്തിയ ട്രോമാകെയർ യൂനിറ്റി​െൻറ അവസ്ഥയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ഒന്നരകോടിയോളം രൂപ ചെലവഴിച്ച് നാല് വർഷത്തോളം മുമ്പ് ഉദ്ഘാടനം ചെയ്ത ട്രോമാകെയർ യൂനിറ്റ് ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാനാവാതെ കെട്ടിെവച്ചിരിക്കുകയാണ്. ഡയാലിസിസ് യൂനിറ്റി​െൻറ പ്രവര്‍ത്തന ചുമതല ആശുപത്രി മാനേജിങ് കമ്മിറ്റിക്കാണ്. 700 രൂപയോളമാണ് ഡയാലിസിസിന് ചെലവ് കണക്കാക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് സൗജന്യമാണ്. ഡയാലിസിസ് യൂനിറ്റിലേക്ക് രണ്ട് ടെക്‌നീഷ്യന്‍മാരെ നിയോഗിച്ചിട്ടുണ്ട്. ത്രീഫേസ് ലൈൻ കിട്ടാൻ വൈകുന്നതാണ് യൂനിറ്റ് പ്രവർത്തനം തുടങ്ങാൻ വൈകുന്നതെന്ന് ആശുപത്രിയുടെ ചുമതലയുള്ള നഗരസഭ ചെയർമാൻ ഐസക് മാടവന സ്ഥിരീകരിച്ചു. പുതിയ യു.പി.എസ് കിട്ടാൻ വൈകുന്നതിനാൽ താൽക്കാലികമായി യു.പി.എസ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് ശരിയായാൽ അണുനശീകരണം ഉൾപ്പെടെ നടപടിക്രമങ്ങൾ വേഗം പൂർത്തിയാക്കി ഡയാലിസിസ് ആരംഭിക്കാനാവും. ഔദ്യോഗികമായി അറിയിപ്പ് നൽകിയില്ലെങ്കിലും ഇപ്പോൾ തന്നെ 25 രോഗികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story