Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിൽ രണ്ടു...

കുട്ടനാട്ടിൽ രണ്ടു വീടുകൾ പൂർണമായി നശിച്ചു; 11 വീടുകൾക്ക്​ ഭാഗികമായി നാശം, ലക്ഷക്കണക്കിന്​ നഷ്​ടം

text_fields
bookmark_border
കുട്ടനാട്: കനത്ത മഴയിൽ ചമ്പക്കുളം കൃഷി അസി. ഡയറക്ടറുടെ പരിധിയില്‍ 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി എ.ഡി.എ എന്‍. രമാദേവി അറിയിച്ചു. താലൂക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആറര ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. കൈനകരി അടക്കമുള്ള പഞ്ചായത്തുകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആവശ്യമെങ്കില്‍ കഞ്ഞിവീഴ്ത്തല്‍ കേന്ദ്രമാരംഭിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. രണ്ടാംകൃഷിയുണ്ടായിരുന്ന എടത്വ, വീയപുരം കൃഷിഭവന്‍ പരിധിയില്‍വരുന്ന ഊരാംവേലില്‍, മങ്കോട്ടച്ചിറ, എലവന്താനം, പോളത്തുരുത്ത് പാടശേഖരങ്ങളില്‍ പുറംബണ്ട് കവിഞ്ഞ് വെള്ളംകയറി കൃഷിനാശം ഉണ്ടായി. ഏക്കറിന് 35000 രൂപയിലധികം ചെലവഴിച്ച കര്‍ഷകര്‍ക്ക് നഷ്ടമേറെയാണ്. മങ്കോട്ട പാടശേഖരത്തി​െൻറ വടക്കു ഭാഗത്തേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. രണ്ടാം വിളവെടുപ്പ് ആരംഭിക്കാനിരിക്കുന്ന എടത്വ എരവുകരി, എരവുകരി വടക്ക്, ചുങ്കം പാടശേഖരങ്ങളില്‍ നെല്ലു വീണിട്ടുണ്ട്. പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടൊഴിവാക്കുന്നതിന് പമ്പിങ് പൂര്‍ണനിലയില്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴ ചങ്ങനാശേരി പാതയില്‍ പൂപ്പള്ളി, മാമ്പുഴക്കരി, കിടങ്ങറ ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഗതാഗതത്തിന് തടസ്സമില്ല. എടത്വ- വീയപുരം റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ മങ്കോട്ട തോടു കവിഞ്ഞെത്തിയ വെള്ളത്തിലാണ് കൃഷിനാശമുണ്ടായിരിക്കുന്നത്. മുട്ടാര്‍- കിടങ്ങറ റോഡില്‍ കുമരംചിറ പള്ളി, കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രം ഭാഗങ്ങളില്‍ വെള്ളം കയറി. കുമരംചിറ പള്ളിക്കമ്മിറ്റിയുെടയും നാട്ടുകാരുെടയും നേതൃത്വത്തില്‍ പാടത്തിനു നടുവിലൂടെ താൽക്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. മുട്ടാര്‍ വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണുള്ളത്. എടത്വ- വേഴപ്ര, മങ്കൊമ്പ് ക്ഷേത്രം റോഡ്, പുളിങ്കുന്ന് ജങ്കാര്‍ കടവ് എന്നിവിടങ്ങളിലും വെള്ളം കയറി. പുളിങ്കുന്ന്, തലവടി, മുട്ടാര്‍, എടത്വ, ചമ്പക്കുളം, രാമങ്കരി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചമ്പക്കുളം കൃഷിഭവനു കീഴിലെ രണ്ടാംകൃഷി 70 ദിവസം പിന്നിട്ട ഇടമ്പനാട് മാനങ്കേരി പാടശേഖരത്തിലും വെള്ളം കയറിത്തുടങ്ങി. 43 ഏക്കര്‍ പാടശേഖരത്തില്‍ 30 കര്‍ഷകരാണ് വിളവിറക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story