Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴക്ക് ശമനം:...

മഴക്ക് ശമനം: വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് ആശ്വാസം

text_fields
bookmark_border
മൂവാറ്റുപുഴ: മഴക്ക് ശമനമായതോടെ നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളപൊക്ക ഭീഷണി ഒഴിഞ്ഞു. ഞായറാഴ്ച കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ നഗരത്തിലെ വിവിധ പ്രദേശങ്ങളിലും പായിപ്ര പഞ്ചായത്തിലെ ആട്ടായത്തും നിരവധി വീടുകളിൽ വെള്ളം കയറി. നൂറോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച വൈകീട്ടുമുതലാണ് വെള്ളം കയറാൻ ആരംഭിച്ചത്. ഇത് തിങ്കളാഴ്ച പുലർച്ചെവരെ നീണ്ടു. അർധരാത്രിയോടെ നൂറോളം വീടുകളിൽ വെള്ളം കയറിയതിന് പുറമെ വ്യാപക കൃഷിനാശവുമുണ്ടായി. കനത്ത മഴയിൽ മൂവാറ്റുപുഴ താലൂക്കിൽ എട്ട് വീടാണ് ഭാഗികമായി തകർന്നത്. വെള്ളൂർക്കുന്നം വില്ലേജിൽ അഞ്ചും ഏനാനല്ലൂരിൽ രണ്ടും മുളവൂരിൽ ഒരു വീടുമാണ് തകർന്നത്. മാറാടിയിൽ മൂന്നുവീടുകളുടെ സംരക്ഷണഭിത്തി തകർന്നു. രണ്ട് കിണറുകൾ ഇടിഞ്ഞു. ദുരിതത്തിലായ 150 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിച്ചു. എം.സി റോഡിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം താളംതെറ്റിയിരുന്നു. നഗരത്തിലെ മൂന്ന്, അഞ്ച്, ആറ്, ഒമ്പത്, 24 വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളായ ഇലാഹിയ കോളനി, സ്റ്റേഡിയം പരിസരം, കടവുംപാട്, മൂന്നുകണ്ടം കോളനി, ആനിക്കാക്കുടി കോളനി എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. മൂന്നാം വാർഡിൽ ഒമ്പത് വീടുകളിലും അഞ്ചിൽ 29 വീടുകളിലും ആറാം വാർഡിൽ 38 വീടുകളിലും വെള്ളം കയറി. 24ാം വാർഡിൽ 16 വീടുകളിലാണ് വെള്ളം ഒഴുകിയെത്തിയത്. അഞ്ചാം വാർഡിൽ കൃഷി നശിച്ചു. 300 വാഴകളും ഇരുനൂറോളം ചേനകളും വെള്ളം കയറി നശിച്ചു. കൗൺസിലർമാരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമാമത്ത് സലിം, സി.എം. ഷുക്കൂർ, സുമിഷ നൗഷാദ്, ഷൈല അബ്‌ദുല്ല, രാജി ദിലീപ് എന്നിവർ നേതൃത്വം നൽകി. എൽദോ എബ്രഹാം എം.എൽ.എ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story