Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅച്ചടി വൈകുന്നു;...

അച്ചടി വൈകുന്നു; റേഷന്‍ കാര്‍ഡില്ലാതെ 57,852 കുടുംബങ്ങള്‍

text_fields
bookmark_border
കാക്കനാട്: പുതിയ റേഷന്‍കാര്‍ഡുകള്‍ എന്നു കിട്ടുമെന്നറിയാതെ ജില്ലയില്‍ 57,852 കുടുംബങ്ങള്‍ നെട്ടോട്ടത്തില്‍. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളാണ് റേഷന്‍ കാര്‍ഡില്ലാത്തതുമൂലം ദുരിതത്തിലായത്. ചികിത്സാനുകൂല്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസ സഹായങ്ങളും ഉള്‍പ്പെടെ ലഭിക്കണമെങ്കില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കണം. അച്ചടി വൈകുന്നതാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ജില്ലയിലെ ഏഴ് താലൂക്കുകളിലും രണ്ട് സിറ്റി റേഷനിങ് ഓഫിസുകള്‍ക്ക് കീഴിലുള്ള 18 റേഷന്‍ കടകളിലെ 57,852 കുടുംബങ്ങള്‍ക്കാണ് കാര്‍ഡുകള്‍ ലഭിക്കാനുള്ളത്. ഇതില്‍ 32,230 റേഷന്‍ കാര്‍ഡുകള്‍ ഇനി അച്ചടിച്ച് കിട്ടാനുണ്ട്. അര്‍ഹതയുണ്ടായിരുന്നിട്ടും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുക, ആനുകൂല്യം തട്ടിയെടുക്കാന്‍ വ്യാജവിവരം നല്‍കി ബി.പി.എല്‍ പട്ടികയിൽ കയറിക്കൂടുക, ഫോട്ടോയും പേരും മാറുക എന്നത് ഉള്‍പ്പെടെയുള്ള തെറ്റുകളും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് 6000 റേഷന്‍ കാര്‍ഡുകളാണ് സപ്ലൈ ഓഫിസുകളില്‍ തിരിച്ചേൽപിച്ചത്. ഒരാഴ്ചക്കുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കി അടുത്ത മാസം വിതരണം ആരംഭിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും തെറ്റു തിരുത്തി പുതിയ കാര്‍ഡുകള്‍ ഉടമകള്‍ക്ക് തിരിച്ചുനല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കാര്‍ഡുകളിലെ തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 25,622 കാര്‍ഡുകള്‍ ഉടമകള്‍ക്ക് നല്‍കാതെ മാറ്റി വെച്ചിരിക്കുകയാണ്. അച്ചടിയിലുണ്ടായ കാലതാമസമാണ് വിതരണം പ്രതിസന്ധിയിലാക്കിയതെന്നും അച്ചടിച്ച് ലഭിക്കുന്ന മുറക്ക് വിതരണം ചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ വി. രാമചന്ദ്രൻ പറഞ്ഞു. ജില്ലയില്‍ 1342 റേഷന്‍ കടകളിലായി 7,92,605 കാര്‍ഡുടമകളാണുള്ളത്. ഇവയില്‍ 1279 റേഷന്‍ കടകളില്‍ വിതരണം നടത്തി. 7,34,613 കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. കുന്നത്തുനാട് താലൂക്കില്‍ 49 കടകളിലും കൊച്ചി റേഷനിങ് ഓഫിസ്, കണയന്നൂര്‍ താലൂക്ക് എന്നിവിടങ്ങളിലെ ഏഴ് കടകളില്‍ വിതരണം പൂര്‍ത്തിയാവാനുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story