Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ ജനറൽ...

ആലപ്പുഴ ജനറൽ ആശുപ​ത്രി: ഡയാലിസിസ് സെൻറർ സമർപ്പണ ചടങ്ങ് പ്രതിഷേധത്തിൽ മുങ്ങി

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ആധുനിക ഡയാലിസിസ് സ​െൻറർ സമർപ്പണ ചടങ്ങ് പ്രതിഷേധത്തിൽ മുങ്ങി. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന മന്ത്രി ജി. സുധാകരനും ആലപ്പുഴ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരും വിട്ടുനിന്നതോടെ ചടങ്ങി​െൻറ മോടി നഷ്ടപ്പെടുകയും ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണൻ അടക്കമുള്ള കൗൺസിലർമാർ എത്തിയെങ്കിലും വേദിയിൽ ഇരിക്കാനോ സഹകരിക്കാനോ തയാറായില്ല. ഡി. ലക്ഷ്മണൻ ആദ്യംതന്നെ സംസാരിച്ചശേഷം പ്രതിപക്ഷം ഒന്നടങ്കം വേദി വിടുകയായിരുന്നു. സർക്കാറുമായി ആലോചിക്കാതെ നഗരസഭ ഏകപക്ഷീയമായി ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം നടത്തിയതാണ് പ്രതിഷേധത്തിന് കാരണം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്നും മന്ത്രി ജി. സുധാകരനുമായി നേരിട്ട് സംസാരിക്കാതെയാണ് അദ്ദേഹത്തി​െൻറ പേര് നോട്ടീസിൽ അച്ചടിച്ചതെന്നും പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണൻ ആരോപിച്ചു. പദ്ധതിയെക്കുറിച്ച് 52 കൗൺസിലർമാർക്കും ഒരുധാരണയുമില്ല. ഫണ്ട് ചെലവഴിച്ചതിലും ഉപകരണങ്ങൾ വാങ്ങിയതിലും സുതാര്യത ഉണ്ടായിട്ടില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം പ്രതിപക്ഷം സമ്മേളനം തടസ്സപ്പെടുത്താതെ വേദി വിടുകയായിരുന്നു. ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പിയെ ഉൾപ്പെടുത്തിയത് സംബന്ധിച്ച് മന്ത്രി ജി. സുധാകരൻ ചോദ്യം ചെയ്തിരുന്നു. ഡയലിസിസ് യൂനിറ്റി​െൻറ ഉദ്ഘാടനം സർക്കാറി​െൻറ അവകാശമാണെന്നും എം.പിക്ക് അതിൽ കൈകടത്താൻ അവകാശമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രതിഷേധിച്ച് മന്ത്രിയും ചടങ്ങിന് എത്തിയില്ല. പങ്കെടുത്ത കെ.സി. വേണുഗോപാൽ ഇതിന് മറുപടിയും നൽകി. എൽ.ഡി.എഫ് നടത്തുന്ന പൊതുപരിപാടികളിൽ തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെക്കൊണ്ട് ഒരു ഉദ്ഘാടനംപോലും ഇവർ ചെയ്യിച്ചിട്ടില്ല. താൻ എന്ത് അപരാധമാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ കൗൺസിലിൽതന്നെ പരിഹരിക്കാമായിരുന്നു. പദ്ധതിയെ തകർക്കാനാണ് എൽ.ഡി.എഫ് നീക്കമെന്ന് എം.പി കുറ്റപ്പെടുത്തി. തുടർന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് സ​െൻററി​െൻറ സ്വിച്ച് ഓൺ എം.പി നിർവഹിച്ചു. ചടങ്ങിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ക്ഷണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാരും ചടങ്ങിൽ പങ്കെടുത്തില്ല. ആശുപത്രി സൂപ്രണ്ട് ആർ. ശ്രീദേവി മാത്രമാണ് പങ്കെടുത്തത്. ആശുപത്രിയിൽ ചേർന്ന ചടങ്ങി​െൻറ മുന്നൊരുക്കയോഗത്തിലും ഡോക്ടർമാർ വിട്ടുനിന്നിരുന്നു. യോഗത്തിൽ കൗൺസിലർമാരായ രാജു താന്നിക്കൽ, ഇല്ലിക്കൽ കുഞ്ഞുമോൻ, യോഗത്തിൽ എ.എ. റസാഖ്, ബി. മെഹബൂബ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story