Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴയിൽ എന്തിലും...

ആലപ്പുഴയിൽ എന്തിലും ഏതിലും കക്ഷിരാഷ്​ട്രീയം

text_fields
bookmark_border
ആലപ്പുഴ: കക്ഷിരാഷ്ട്രീയം ഇല്ലാതെ ഒന്നുമില്ലെന്ന അവസ്ഥയാണ് ആലപ്പുഴക്ക്. അത് പാവപ്പെട്ടവർക്ക് ഗുണം ചെയ്യുന്ന പദ്ധതിയിലായാലുംശരി. രാഷ്ട്രീയം കലർത്തി ഒരുനല്ല പദ്ധതിയെ എങ്ങനെ വികലമാക്കാമെന്ന് കാണിക്കുന്ന നിരവധി സംഭവങ്ങൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്. അതിൽ അവസാനത്തേതാണ് ചൊവ്വാഴ്ച ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്ന ഡയാലിസിസ് യൂനിറ്റ് സമർപ്പണ ചടങ്ങ്. ആലപ്പുഴ നഗരസഭക്കായിരുന്നു അതി​െൻറ മേൽനോട്ടം. നഗരസഭ ഭരിക്കുന്നത് യു.ഡി.എഫ്. പ്രതിപക്ഷത്ത് സി.പി.എം. ഇരുകൂട്ടരും ഒത്തൊരുമിച്ച് പദ്ധതി മികവുറ്റതാക്കുന്നതിന് പകരം രാഷ്ട്രീയ മേൽക്കൈ നേടാൻ നീങ്ങിയപ്പോൾ ഉദ്ഘാടനച്ചടങ്ങ് കുളമായി. മന്ത്രി ജി. സുധാകരൻ വിട്ടുനിന്നു. നഗരസഭ പ്രതിപക്ഷവും മുഖം കാണിച്ച് മടങ്ങി. മന്ത്രി സുധാകരനെയും ആരോഗ്യമന്ത്രിയേയും വേണ്ട രീതിയിൽ ക്ഷണിച്ചില്ലെന്ന ആക്ഷേപവും ഉണ്ടായി. പാവപ്പെട്ടവർക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ചേരിതിരിഞ്ഞ് ആരോപണങ്ങൾ ഉന്നയിച്ചതോടെ ചടങ്ങ് പ്രഹസനമായി. ചില മുട്ടാപ്പോക്കുകൾ പറഞ്ഞാണ് നഗരസഭ പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചതെങ്കിൽ, മന്ത്രി സുധാകരൻ വിഷയത്തെ പർവതീകരിച്ചു. കെ.സി. വേണുഗോപാൽ എം.പിക്ക് ചടങ്ങിൽ പങ്കെടുക്കാൻ അവകാശമില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇത് സംസ്ഥാന സർക്കാറി​െൻറ പരിപാടിയാണെന്നുംഅദ്ദേഹം പറഞ്ഞു. വിവാദത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. പദ്ധതി വിവാദത്തിൽ തട്ടി അവസാനിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ അവസാനിക്കാൻ 15 ദിവസത്തോളം വേണ്ടിവരും അതുകഴിഞ്ഞാൽ എല്ലാം ശരിയാകുമെന്ന അത്മവിശ്വാസം തനിക്ക് ഉണ്ടെന്നും ചെയർമാൻ പറഞ്ഞു. മന്ത്രി സുധാകരൻ അൽപത്തം ഉപേക്ഷിക്കണം -എം. ലിജു ആലപ്പുഴ: മന്ത്രിപദവിയുടെ മഹത്ത്വം കണക്കിലെടുത്തെങ്കിലും അൽപത്തം ഉപേക്ഷിക്കാൻ ജി. സുധാകരൻ തയാറാകണമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു ആവശ്യപ്പെട്ടു. ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനവും സമർപ്പണവും തന്നിലേൽപിച്ചിട്ടും സ്വിച്ച് ഓൺകൂടി തനിക്ക് ലഭിക്കണം എന്ന് ശാഠ്യം പിടിച്ച് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച നടപടി അങ്ങേയറ്റം വികല മനസ്സി​െൻറ സൂചനയാണ്. സി.പി.എം നഗരസഭ ഭരിച്ചിരുന്നപ്പോൾ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാലിെനയും യു.ഡി.എഫ് സംസ്ഥാന മന്ത്രിമാെരയും നഗരസഭ പരിപാടികളിൽ ഒരിക്കലും ക്ഷണിച്ചിട്ടില്ല. ചടങ്ങിൽ പങ്കെടുക്കുന്ന ഡോക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സുധാകരന് അമിതാധികാര പ്രവണതയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story