Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം സമ്മേളനങ്ങൾ...

സി.പി.എം സമ്മേളനങ്ങൾ തുടങ്ങുന്നു; തെരഞ്ഞെടുപ്പിൽ ബദൽ പട്ടിക അവതരിപ്പിക്കുന്നത്​ വിഭാഗീയ പ്രവർത്തനമായി പരിഗണിക്കുമെന്ന്​ മുന്നറിയിപ്പ്

text_fields
bookmark_border
കൊച്ചി: ബ്രാഞ്ച് സമ്മേളനത്തോടെ സി.പി.എം പാർട്ടി സമ്മേളനങ്ങൾ വെള്ളിയാഴ്ച തുടങ്ങും. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിക്കാൻ ഒരു മാസമാണ് സമയപരിധി. ഇത്തവണ സമ്മേളനങ്ങളിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയാറാക്കാനും കമ്മിറ്റികൾ രൂപവൽകരിക്കാനുമൊക്കെ വ്യക്തമായ മാർഗനിർദേശമാണ് പാർട്ടി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്. മാർഗനിർദേശങ്ങൾ പൂർണാർഥത്തിൽ പ്രാവർത്തികമായാൽ നല്ലൊരു വിഭാഗം പ്രവർത്തകർ പാർട്ടിക്ക് പുറത്താകുമെന്നതാണ് അവസ്ഥ. കമ്മിറ്റി തെരഞ്ഞെടുപ്പ് സമയത്ത് ബദൽ പട്ടിക അവതരിപ്പിക്കുന്നത് വിഭാഗീയ പ്രവർത്തനമായി പരിഗണിക്കുമെന്ന് കേന്ദ്ര കമ്മിറ്റി സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മേൽകമ്മിറ്റി ഒൗദ്യോഗികമായി പേര് നിർദേശിക്കില്ല. സമ്മേളനത്തിന് മേൽനോട്ടം വഹിക്കുന്ന മേൽകമ്മിറ്റി അംഗം ആവശ്യമെങ്കിൽ പൊതു ധാരണയിെലത്താൻ സഹായിക്കുക മാത്രമേ ചെയ്യാവൂ. പുതിയ കമ്മിറ്റികൾക്കുള്ള പാനലും നേതൃത്വവും നിർണയിക്കേണ്ടത് സഖാക്കളെ ശരിയായി വിലയിരുത്തിയാകണം. രാഷ്ട്രീയ സംഘടനാ ശേഷി, കമ്മ്യൂണിസ്റ്റ് ഗുണധർമ്മങ്ങൾ എന്നിവയൊക്കെ പരിഗണിക്കണം. കമ്മിറ്റികളിൽ എല്ലാ തലത്തിലും സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നാണ് നിർദേശം. പാർട്ടിയിൽ കൂടുതലായി സ്ത്രീകളെയും യുവാക്കളെയും ചേർക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ നിർബന്ധമായും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. യുവാക്കളുടെ പ്രാതിനിധ്യവും വർധിപ്പിക്കണം. മദ്യപാനം, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവയൊക്കെ ഉള്ളവരെ വിലയിരുത്തണം. ഏതെങ്കിലും പാർട്ടി അംഗത്വത്തിനെതിരെ ജീവിതശൈലി, അഴിമതി, കമ്യൂണിസ്റ്റ് മാനദണ്ഡലംഘനം എന്നിവ സംബന്ധിച്ച് പരാതി ഉണ്ടായിട്ടുണ്ടെങ്കിൽ എന്തു നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കണം. വർഗീയ ശക്തികൾക്കെതിരെ വിപുല െഎക്യം കെട്ടിപ്പടുക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഏരിയ കമ്മിറ്റികൾ തയാറാക്കുന്ന റിപ്പോർട്ടിൽ റെഡ്വളൻറിയർമാരുടെ എണ്ണം, ഇവർക്ക് നൽകിയ പരിശീലനം, സെൽഫ് ഡിഫൻസ് സംവിധാനമുണ്ടെങ്കിൽ അതി​െൻറ വിവരം, യോഗ, മാർഷൽ ആർട്ട്സ്, കരാേട്ട, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രവർത്തനം എന്നിവ സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. വി.എസ്. പക്ഷം ഏറക്കുറെ നിർജീവമായ സാഹചര്യത്തിൽ ഇത്തവണ സമ്മേളനങ്ങൾ പൊതുവെ ശാന്തമാകുമെന്നാണ് കരുതുന്നത്. എന്നാൽ എം.എ. ബേബിയോടും തോമസ് െഎസക്കിനോടും അനുഭാവം പുലർത്തുന്ന വിഭാഗം ഒൗദ്യോഗിക പക്ഷത്തിനെതിരെ ശക്തമായി നിലനിൽക്കുന്നത് എറണാകുളത്തെ സമ്മേളനങ്ങൾക്ക് ചൂടുപകരും. ജില്ലയിൽ 2757 ബ്രാഞ്ച് കമ്മിറ്റിയാണ് ഉള്ളത്. 171 ലോക്കൽ കമ്മിറ്റിയും 20 ഏരിയ കമ്മിറ്റിയും ഉണ്ട്. ബ്രാഞ്ച് കമ്മിറ്റിക്ക് പരമാവധി 80 വീട് എന്ന നിർദേശം പ്രാവർത്തികമായാൽ ജില്ലയിൽ നല്ലൊരു വിഭാഗം ബ്രാഞ്ച് കമ്മിറ്റികൾ വിഭജിക്കേണ്ടി വരുമെന്നതാണ് സ്ഥിതി.
Show Full Article
TAGS:LOCAL NEWS 
Next Story