Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിനിമ നിർമാതാവിനെ...

സിനിമ നിർമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

text_fields
bookmark_border
കൊച്ചി: സിനിമ നിർമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമ്മനത്ത് വാടകക്ക് താമസിക്കുന്ന എളംകുളം ഗാന്ധിനഗർ ചെറുതോട്ടിൽ ഫ്രെഡി ബാബു ആൽബർട്ടിനെയാണ് (22) ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കതൃക്കടവ് എടശ്ശേരി ബാറിനടുത്ത് നിർമാതാവ് സുബൈ‍റിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ഇയാൾ ഒളിവിലായിരുന്നു. മാർച്ച് 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ച മുതൽ ബാറിലിരുന്ന് മദ്യപിച്ച പത്തംഗം സംഘം രാത്രി ഒമ്പതോടെ അക്രമമുണ്ടാക്കി. ബഹളമുണ്ടാക്കിയാൽ പൊലീസിനെ വിളിക്കുമെന്ന് ജീവനക്കാർ അറിയിച്ചതാണ് സംഘത്തെ പ്രകോപിച്ചത്. തുടർന്ന് ജീവനക്കാരെ വെല്ലുവിളിക്കുകയും മർദിക്കുകയും ചെയ്തശേഷം പുറത്തേക്കിറങ്ങി. ഇതിനിടെ, പുതിയ സിനിമയുടെ ചർച്ചക്ക് ഹോട്ടലിൽ മുറിയെടുത്തിരുന്ന സുബൈർ ഫോണിൽ സംസാരിച്ച് വരുന്നതുകണ്ട് പൊലീസിനെ വിളിക്കുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് സ്റ്റാൻഡ് ഉപയോഗിച്ചാണ് തലക്കടിച്ചത്. ബോധരഹിതനായ സുബൈറിനെ ഹോട്ടൽ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങൾക്കുശേഷമാണ് ബോധം തെളിഞ്ഞത്. അടിയേറ്റ് മുൻനിരയിലെ പല്ലുകളും നഷ്ടപ്പെട്ടു. കൊല്ലം സ്വദേശിയായ സെക്യൂരിറ്റിക്കാരനെയും സംഘം ആക്രമിച്ചിരുന്നു. ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും കേസിലെ മറ്റുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ, പാലാരിവട്ടം സ്റ്റേഷനുകളിൽ മയക്കുമരുന്ന്, അടിപിടി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ എം.എൻ. സുരേഷ്, എ.എസ്.ഐ റഫീഖ്, സി.പി.ഒമാരായ അനീഷ്, അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്്തത്.
Show Full Article
TAGS:LOCAL NEWS 
Next Story