Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെട്ടിച്ചമച്ച പോക്സോ ...

കെട്ടിച്ചമച്ച പോക്സോ കേസിൽനിന്ന്​ കാർഗിൽ യുദ്ധഭടന്​ മോചനം

text_fields
bookmark_border
ചാരുംമൂട്: അയൽവാസി പോക്സോ കേസിൽ കുടുക്കിയ കാർഗിൽ യുദ്ധഭടന് മോചനം. പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യവും മെഡിക്കൽ റിപ്പോർട്ടുമാണ് തുണയായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പേരിൽ നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തിൽ ഷാജിയാണ് (45) പോക്സോ കേസിൽ തടവിലായത്. ചാരിറ്റബിൾ ട്രസ്റ്റി​െൻറ പേരിൽ ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതാണ് കേസ് കെട്ടിച്ചമക്കാൻ കാരണം. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഷാജിയെ അറസ്റ്റുചെയ്യുകയായിരുന്നു. 55 ദിവസങ്ങൾക്ക് ശേഷം ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ചെങ്കിലും ജോലി നഷ്ടപ്പെട്ട ഷാജിയും കുടുംബവും ഒറ്റപ്പെട്ടു. കോടതിയുടെ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തി. ഷാജിയെ കേസുമായി ബന്ധപ്പെടുത്താൽ പൊലീസ് സാഹചര്യത്തെളിവുകൾ ചമച്ചത് ശക്തമായിരുന്നു. എന്നാൽ, പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ ബലപ്രയോഗമോ ലൈംഗിക പീഡനമോ നടന്നിട്ടില്ലെന്ന് കണ്ടെത്തി. പെൺകുട്ടി നുണ പരിശോധനക്ക് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി. സംഭവത്തെക്കുറിച്ച് വ്യത്യസ്ത മൊഴികളാണ് നൽകിയത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്കും കൗൺസലിങ്ങിനും വിധേയമാക്കിയ ഡോക്ടർമാർ നൽകിയ റിപ്പോർട്ടും കേസ് കളവാണെന്ന നിഗമനത്തിലെത്താൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു. പരിശോധനയിൽ 72 മണിക്കൂറിനിടയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും സംഘം ചേർന്ന് പീഡിപ്പിച്ചതി​െൻറ പരിക്ക് ശരീരത്തിൽ ഇല്ലെന്നും വ്യക്തമായി. ഷാജിയും മറ്റൊരാളും ചേർന്ന് ഒമ്നി വാനിൽ കയറ്റിക്കൊണ്ടുപോയി നൂറനാട്ടെ കായൽക്കരയിൽ വെച്ച് പീഡിപ്പിച്ചെന്നും നഗ്ന ചിത്രങ്ങൾ പകർത്തിയെന്നുമായിരുന്നു ആദ്യ മൊഴി. പിന്നീട് സംഭവം നടന്നത് കാവിലാണെന്നും പുഞ്ചനിലത്തി​െൻറ കരയിലാണെന്നും പെൺകുട്ടി മാറ്റി പറഞ്ഞു. സംഭവ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് ഭാര്യയുമായി കൊച്ചിയിലേക്ക് പോയിരുന്നെന്നാണ് ഷാജി പറയുന്നത്. കേസിൽ കുടുക്കിയ അയൽവാസിയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ ഷാജിക്ക് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. കൊച്ചിയിലേക്ക് പോയപ്പോൾ നൂറനാട് സ്റ്റേഷനിലെ റൈറ്ററെ വിളിച്ച് പറഞ്ഞിരുന്നതാണ്. എന്നാൽ, സംരക്ഷണത്തിനു ചുമതലപ്പെട്ട പൊലീസ് കേസും പ്രശ്നങ്ങളുമുണ്ടായതോടെ താൻ വീട്ടിലുണ്ടായിരുന്നതായി റിപ്പോർട്ട് എഴുതിയെന്നാണ് ഷാജി പറയുന്നത്. അതേസമയം കേസ് എടുത്തതിനുശേഷം ഷാജി ഒളിവിൽ പോയത് കുറ്റക്കാരനാണെന്നത് കൊണ്ടാണെന്ന് പൊലീസ് പറഞ്ഞത്. പെൺകുട്ടി പീഡനത്തിന് ഇരയായില്ലെന്ന മെഡിക്കൽ റിപ്പോർട്ട് കിട്ടിയതിനു ശേഷമാണ് ഷാജിയെ അറസ്റ്റു ചെയ്തത്. ഈ റിപ്പോർട്ട് ഉള്ളതിനാൽ ജാമ്യം കിട്ടുമെന്ന് കരുതിയിരുന്നുവെന്നും ഷാജി പറയുന്നു. കള്ളക്കേസിൽ കുടുക്കിയെന്ന് ഷാജി നൽകിയ പരാതിയിൽ 15 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇരയായ പെൺകുട്ടിയെയും ചോദ്യം ചെയ്തതിന് ശേഷം കേസിൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കേസ് ചമയ്ക്കാൻ കൂട്ടുനിന്നുവെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ മനുഷ്യാവകാശ കമീഷൻ, പൊലീസ് കംപ്ലെയ്ൻറ് അതോറിറ്റി എന്നിവിടങ്ങളിലും ഷാജി പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story