Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുറുക്കുവഴിയിൽ...

കുറുക്കുവഴിയിൽ കെ.എസ്.ആർ.ടി.സി സർവിസ്; നഗരത്തിലെത്താൻ ബസ് മാറിക്കയറി യാത്രക്കാർ

text_fields
bookmark_border
കൊച്ചി: തിരക്കിൽനിന്ന് രക്ഷപ്പെടാൻ കെ.എസ്.ആർ.ടി.സി സർവിസുകൾ കുറുക്കുവഴി തേടുമ്പോൾ നഗരത്തിലെത്താൻ പാതിവഴിയിൽ ബസ് മാറിക്കയറി ജനങ്ങളുടെ ദുരിതയാത്ര. വിവിധ സ്ഥലങ്ങളിൽനിന്ന് എറണാകുളം സ്റ്റാൻഡിലേക്കെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മെട്രോ നിർമാണസമയത്ത് ഏർപ്പെടുത്തുന്ന താൽക്കാലിക ഗതാഗത പരിഷ്കാരമാണ് ഇപ്പോഴും പിന്തുടരുന്നത്. ഇതൊന്നുമറിയാതെ ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവർ പാതിവഴിയിലിറങ്ങി സ്വകാര്യ ബസോ ടാക്സിയോ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, വൈക്കം, മൂവാറ്റുപുഴ, തൊടുപുഴ, പിറവം, കോലഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ വൈറ്റില കടന്ന് കടവന്ത്രയിലെത്തി തിരിഞ്ഞ് കലൂർ റോഡിലൂടെ സലിം രാജൻ പാലം കയറിയാണ് എറണാകുളം സ്റ്റാൻഡിലേക്ക് പോകുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുള്ള ജോലിക്കാരുൾപ്പെടെ അനേകം യാത്രക്കാരുള്ള കടവന്ത്ര, പനമ്പിള്ളി നഗർ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, സൗത്ത്, എം.ജി റോഡ്, മഹാരാജാസ് ഗ്രൗണ്ട് മെട്രോ സ്റ്റേഷൻ, ഷേണായീസ് തുടങ്ങിയ ജങ്ഷനുകൾ അവഗണിച്ചാണ് കെ.എസ്.ആർ.ടി.സി ബസ് സർവിസ്. ആലപ്പുഴ വഴി വരുന്ന കൊല്ലം, തിരുവനന്തപുരം ബസുകളാകട്ടെ മെഡിക്കൽ ട്രസ്റ്റ് ജങ്ഷനിൽ ആളെയിറക്കി കടവന്ത്രയിലെത്തിയാണ് സ്റ്റാൻഡിലേക്ക് പോകുന്നത്. സൗത്ത്, എം.ജി റോഡ്, മഹാരാജാസ് ഗ്രൗണ്ട് മെട്രോ സ്റ്റേഷൻ, ഷേണായീസ് ജങ്ഷനുകളെ അവഗണിച്ചാണ് ഇവയുടെ സർവിസ്. നിരക്കിൽ വ്യത്യാസമില്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ എറണാകുളത്തേക്കാണ് ടിക്കറ്റ് എടുക്കുന്നത്. കടവന്ത്രയിലോ മെഡിക്കൽ ട്രസ്റ്റിലോ എത്തി തിരിയുമ്പോൾ മാത്രമാണ് ഉദ്ദേശിച്ച സ്ഥലത്തേക്ക് ബസ് പോകില്ലെന്ന് പലരും അറിയുന്നത്. ഇതോടെ അവിടെയിറങ്ങി സ്വകാര്യ ബസോ ഓട്ടോയോ ആശ്രയിക്കാൻ ഇവർ നിർബന്ധിതരാവുന്നു. ഇക്കാര്യത്തെച്ചൊല്ലി ബസുകളിൽ കണ്ടക്ടറും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റം നിത്യസംഭവമാണ്. ഗതാഗത പരിഷ്കരണത്തി​െൻറ ഭാഗമാണെന്നും തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നുമാണ് പലപ്പോഴും ബസ് ജീവനക്കാർ നൽകുന്ന മറുപടി. അതുപോലെ, എറണാകുളം സ്റ്റാൻഡിൽനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ സലിംരാജൻ പാലം കയറി കലൂർ വഴിയാണ് പോകുന്നത്. നേരേത്ത, പത്മ ജങ്ഷൻ, കച്ചേരിപ്പടി, നോർത്ത് വഴി കലൂരിലെത്തിയാണ് സർവിസ് നടത്തിയിരുന്നത്. മെട്രോ നിർമാണ സമയെത്ത താൽക്കാലിക ഗതാഗത പരിഷ്കാരംമൂലമാണ് ഇത്തരത്തിൽ സർവിസ് തുടരുന്നത്. ഇതുമൂലം ദീർഘദൂര ബസുകളിൽ കയറാൻ യാത്രക്കാർക്ക് കലൂരിൽ എത്തേണ്ട അവസ്ഥയാണ്. അതേസമയം, തൃശൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ നോർത്ത്, കച്ചേരിപ്പടി വഴിയാണ് സ്റ്റാൻഡിലെത്തുന്നത്. ഇൗ ബസുകൾക്ക് നോർത്തിൽ സ്റ്റോപ്പില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഇവിടെ സ്റ്റോപ്പില്ലാത്ത യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കച്ചേരിപ്പടിയിൽ ഇറങ്ങി ഏറെ ദൂരം നടന്നുവേണം റെയിൽവേ സ്റ്റേഷനിൽ എത്താൻ. 'വൈറ്റില ഹബിലെ വരുമാനം ഞങ്ങൾക്കുവേണ്ട' മെട്രോ, റോഡ്, ജല ഗതാഗത മാർഗങ്ങൾ ബന്ധിപ്പിക്കാനാണ് വൈറ്റില മൊബിലിറ്റി ഹബ്. സ്വകാര്യ ബസുകൾ ഹബ് കേന്ദ്രീകരിച്ചാണ് സർവിസ് നടത്തുന്നത്. ദീർഘദൂര ബസുകൾ സർവിസ് അവസാനിപ്പിക്കുന്നത് ഇവിടെയാണ്. സിറ്റി സർവിസുകളും ഹബ് ചുറ്റിയാണ് പോകുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകൾ ഹബിൽ കയറാറില്ല. യാത്രക്കാർ വൈറ്റില ജങ്ഷനിൽ ഇറങ്ങി ഹബിലേക്ക് നടക്കണം. നഗരത്തിലേക്ക് വരേണ്ടവർക്കും സ്വകാര്യ ബസുകൾ തന്നെയാണ് ആശ്രയം. അതേസമയം, തിരികെ പോകുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾ ഹബിലെത്തി യാത്രക്കാരെ കയറ്റാറുമുണ്ട്. ഹബിൽ കയറുന്നതിന് ബസൊന്നിന് 25 രൂപ നൽകണമെന്നതാണ് ഇത്തരമൊരു ക്രമീകരണത്തിന് കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. വരുമ്പോഴും പോകുമ്പോഴും ഹബിൽ കയറിയാൽ ബസൊന്നിന് 50 രൂപ നൽകണം. ചുരുങ്ങിയത് 10 മിനിമം ടിക്കറ്റ് കിട്ടിയാൽ തീരാവുന്ന പ്രശ്നത്തി​െൻറ പേരിലാണ് കെ.എസ്.ആർ.ടി.സി വലിയ വരുമാന സാധ്യത ഒഴിവാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story