Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിഗ്​നല്‍ ജങ്ഷനില്‍...

സിഗ്​നല്‍ ജങ്ഷനില്‍ ഗതാഗതം അടച്ചുകെട്ടി ട്രാഫിക് പരിഷ്‌കാരം; വാഹനക്കുരുക്കില്‍ വീര്‍പ്പുമുട്ടി യാത്രക്കാര്‍

text_fields
bookmark_border
കാക്കനാട്: സീപോര്‍ട്ട്--എയര്‍പോര്‍ട്ട് റോഡില്‍ സിഗ്നല്‍ ജങ്ഷനില്‍ രണ്ട് വശത്തേക്കുള്ള വാഹന ഗതാഗതം അടച്ചുകെട്ടിയുള്ള ട്രാഫിക് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം രൂക്ഷമായി. സിഗ്നല്‍ ജങ്ഷനില്‍നിന്ന് നഗരത്തിലേക്കും കിഴക്കന്‍ ഭാഗത്തേക്കുമുള്ള ഗതാഗതം തടഞ്ഞതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്. മൂന്നാഴ്ച മുമ്പാണ് യാത്രക്കാരെ വലക്കുന്ന ട്രാഫിക് പരിഷ്‌കാരം ഇടപ്പള്ളി ട്രാഫിക് പൊലീസ് നടപ്പാക്കിയത്. വാഹന നിയന്ത്രണം വന്നതോടെ സീപോര്‍ട്ട് റോഡ് ഉള്‍പ്പെടെ സിവില്‍ സ്റ്റേഷന് ചുറ്റും വാഹനങ്ങള്‍ കുരുക്കില്‍പെട്ട് മണിക്കൂറോളം കെട്ടിക്കിടക്കേണ്ട അവസ്ഥയിലാണ്. രാവിലെയും വൈകീട്ടുമാണ് വാഹനക്കുരുക്ക് രൂക്ഷം. ട്രാഫിക് പരിഷ്‌കാരത്തി​െൻറ ഭാഗമായി എറണാകുളം, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ സിഗ്‌നലിലൂടെ കടത്തിവിടുന്നില്ല. നഗരത്തില്‍നിന്ന് വരുന്ന വാഹനങ്ങള്‍ സിഗ്നല്‍ ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് സിവില്‍ സ്റ്റേഷന്‍ പടിഞ്ഞാേറ കവാടത്തിന് മുന്നില്‍ യു-ടേണ്‍ തിരിഞ്ഞുവേണം കിഴക്കുഭാഗത്തേക്ക് പോകാൻ. സിഗ്‌നല്‍ ജങ്ഷനില്‍ രണ്ട് ദിശയിലേക്ക് മാത്രമേ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുന്നുള്ളൂ. കിഴക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന് തെക്കുവശത്തെ ഇടറോഡിലൂടെ കയറിവേണം തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകാൻ. കിഴക്കുഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സീപോര്‍ട്ട് റോഡില്‍ പൊയ്യച്ചിറ മുകളില്‍ യു-ടേണ്‍ തിരിഞ്ഞുവേണം പോകാൻ. ഒരു കിലോമീറ്ററിനുള്ളില്‍ രണ്ട് യു-ടേണ്‍ പരിഷ്‌കാരമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. കിഴക്കന്‍ ഭാഗങ്ങളില്‍നിന്ന് ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ.എം.ജി ജങ്ഷനില്‍നിന്ന് തിരിഞ്ഞ് കാക്കനാട് ജങ്ഷന്‍ വഴി ജില്ല പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലൂടെ സീപോര്‍ട്ട് റോഡില്‍ പ്രവേശിച്ചുവേണം ആലുവ ഭാഗത്തേക്ക് പോകാൻ. ഇതുമൂലം ഓലിമുകള്‍ സിഗ്നല്‍ ജങ്ഷനിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വ്യാഴാഴ്ച തൃക്കാക്കര കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഗ്‌നല്‍ ജങ്ഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബുധനാഴ്ച സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story