രാത്രി ഡ്യൂട്ടിക്ക്​ പുറമെ​ പകൽ ജോലി: കെ.എസ്​.ഇ.ബിയുടെ കുറ്റാരോപണ മെമ്മോ നിലനിൽക്കില്ലെന്ന് ഹൈകോടതി

05:45 AM
13/10/2017
കൊച്ചി: രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ലൈൻമാൻമാർ പകൽ ജോലിക്ക് ഹാജരായില്ലെന്ന പേരിൽ കെ.എസ്.ഇ.ബി നൽകിയ കുറ്റാരോപണ മെമ്മോ നിലനിൽക്കില്ലെന്ന് ഹൈകോടതി. പള്ളുരുത്തി ഇലക്ട്രിക്കൽ ഡിവിഷനിലെ ലൈൻമാൻമാരായ കെ.ആർ. മണിലാൽ, കെ.എസ്. ഷാജി, പി.ആർ. തോമസ് എന്നിവർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. ഇതേ കാരണം ചൂണ്ടിക്കാട്ടി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത നടപടി ഹൈകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മൂവർക്കുമെതിരെ കെ.എസ്.ഇ.ബി കുറ്റാരോപണ മെമ്മോ നൽകിയത്. ലൈൻമാൻമാരുടെ ഡ്യൂട്ടി സമയം പ്രസിദ്ധപ്പെടുത്താനും അന്നത്തെ ഉത്തരവിൽ നിർദേശിച്ചിരുന്നു. ഫാക്ടറീസ് ആക്ട് അനുസരിച്ച് എട്ടുമണിക്കൂറാണ് ജോലിയെന്ന വാദം അംഗീകരിക്കാതിരുന്ന കെ.എസ്.ഇ.ബി രാത്രി ഡ്യൂട്ടി അനുവദിക്കുന്ന ദിവസങ്ങളിലും പകൽ സമയത്ത് ജോലിക്ക് ഹാജരാകണമെന്ന വാദം ഉന്നയിച്ചാണ് തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിച്ചത്. വൈദ്യുതിയുടെ കാര്യത്തിൽ ഫാക്ടറീസ് ആക്ട് ബാധകമല്ലെന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചത്. വിതരണത്തിനാണ് തൊഴിലാളികളുടെ സേവനമുള്ളതെന്നും ഉൽപാദനമല്ലെന്നുമായിരുന്നു വാദം. എന്നാൽ, ഇൗ വാദം മുൻ ഹരജികളിൽ ബോർഡ് ഉന്നയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈൻമാൻമാരുടെ സസ്പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ അപ്പീൽ നൽകിയിട്ടുമില്ല. ഇതൊന്നുമില്ലാതെ കുറ്റാരോപണ മെമ്മോ നൽകിയ നടപടി അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
COMMENTS