Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇതര തൊഴിലാളികളുടെ...

ഇതര തൊഴിലാളികളുടെ പലായനം തടയാന്‍ കര്‍മ പരിപാടി

text_fields
bookmark_border
- കാക്കനാട്: വ്യാജപ്രചാരണം നടത്തി ഇതര സംസ്ഥാന തൊഴിലാളികളെ നാട് കടത്തുന്നതിനെതിരെ ശക്തമായ നടപടികളുമായി ജില്ല ഭരണകൂടം. തൊഴിലാളികളെ ഭയവിഹ്വലരാക്കുന്ന വ്യാജസന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി നടപടിയെടുക്കാന്‍ പൊലീസിന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്്ടിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. തൊഴില്‍ വകുപ്പിനാണ് ചുമതല. ഇതുകൂടാതെ, ജില്ലയിലെ വിദ്യാലയങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ റോഷ്നി പദ്ധതി നടപ്പാക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. കുടിയേറ്റ തൊഴിലാളികളുടെ മക്കള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന നാല് വിദ്യാലയങ്ങളാണ് പൈലറ്റ് പദ്ധതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. തൃക്കണാര്‍വട്ടം യൂനിയന്‍ എല്‍.പി സ്‌കൂള്‍, പുന്നുരുന്നി ഗവ. എല്‍.പി സ്‌കൂള്‍, കണ്ടന്തറ ഗവ. യു.പി സ്‌കൂള്‍, ബിനാനിപുരം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് റോഷ്നി പദ്ധതി നടപ്പാക്കുക. മലയാളഭാഷയില്‍ പ്രാവീണ്യം നല്‍കാന്‍ കോഡ് സ്വിച്ചിങ്, രാവിലെ ഒരു മണിക്കൂര്‍ കുട്ടികള്‍ക്ക് താല്‍പര്യമുള്ള ഭാഷയില്‍ പ്രത്യേക പരിശീലനം, ലഘുപ്രഭാത ഭക്ഷണം, ശില്‍പശാലകള്‍, പഠനയാത്രകള്‍ തുടങ്ങിയവയാണ് റോഷ്നി പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ബംഗാളി, ഒറിയ, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്ന വളൻറിയര്‍മാരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ 18 സര്‍ക്കാര്‍ വിദ്യാലയങ്ങളിലായി രണ്ടായിരത്തോളം ഇതര സംസ്ഥാന വിദ്യാർഥികളാണ് പഠിക്കുന്നത്. ഇടക്ക് പഠനം ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സര്‍വേകളില്‍ വ്യക്തമായ സാഹചര്യത്തിലാണ് റോഷ്നി പദ്ധതി ആവിഷ്‌കരിച്ചത്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പദ്ധതി വഴിയൊരുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story