Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗന്ദര്യവത്​കരണം...

സൗന്ദര്യവത്​കരണം വ്യാപാരികളുടെ പരാതി; മെട്രോ അധികൃതർ പരിശോധന നടത്തി

text_fields
bookmark_border
ആലുവ: സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട വ്യാപാരികളുടെ പരാതികളെത്തുടർന്ന് മെട്രോ അധികൃതർ പരിശോധന നടത്തി. നിർമാണ പ്രവൃത്തികൾ പ്രതികൂലമായി ബാധിക്കുമെന്ന വ്യാപാരികളുടെ ആശങ്ക പരിശോധിക്കാനാണ് കെ.എം.ആർ.എൽ ഉദ്യോഗസ്‌ഥർ പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് മെട്രോ ബൈപാസ് സ്‌റ്റേഷൻ മുതൽ പുളിഞ്ചോട് കവലവരെയുള്ള ഭാഗങ്ങളിൽ പരിശോധിച്ചത്. ഡയറക്ടർ തിരുമൺ അർജുനൻ, ജനറൽ മാനേജർ ചന്ദ്രബാബു, എ.ജി.എം. മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പുളിഞ്ചോട് കവല മുതൽ ബൈപാസ് വരെ റോഡി​െൻറ ഇരുവശവും പരിശോധിച്ചു. വ്യാപാരികളുടെ പരാതികൾ കേൾക്കാൻ ഉദ്യോഗസ്‌ഥർ തയാറായി. അശാസ്ത്രീയ നിർമാണം ആരോപിച്ച് ആലുവ മർച്ചൻറ്സ് അസോസിയേഷനാണ് കെ.എം.ആർ.എല്ലിന് പരാതി നൽകിയത്. അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബുവി​െൻറ നേതൃത്വത്തിൽ വ്യാപാരികൾ മെട്രോ അധികൃതരുമായി സംസാരിച്ചു. നഗര സൗന്ദര്യവത്കരണത്തിന് എതിരല്ലെന്നും എന്നാൽ വ്യാപാരികൾക്കുകൂടി തടസ്സമില്ലാതെ പദ്ധതി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പദ്ധതിയിൽ ന്യായമായ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ഉദ്യോഗസ്‌ഥർ വ്യാപാരികൾക്ക് ഉറപ്പ് നൽകി. നടപ്പാതക്ക് സമീപം വീതിയുള്ള സ്‌ഥലങ്ങളിൽ പാർക്കിങ്ങിനുകൂടി സ്‌ഥലം അനുവദിക്കും. നിലവിൽ പുറമ്പോക്കിലാണ് മിക്ക സ്‌ഥാപനങ്ങളിലെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതാണ് നഗരത്തിൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നത്. ഭേദഗതി വ്യാപാരികളെക്കൂടി ബോധ്യപ്പെടുത്തിയശേഷമേ നടപ്പാക്കാവൂയെന്ന് അസോസിയേഷൻ ഭാരവാഹികൾ അൻവർ സാദത്ത് എം.എൽ.എയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ വ്യാപാരികളുടെ നേതൃത്വത്തിൽ സൗന്ദര്യവത്കരണം തടസ്സപ്പെടുത്തിയിരുന്നു. തുടർന്ന് എം.എൽ.എ ഇടപെട്ടാണ് മെട്രോ അധികൃതരുമായി ചർച്ച ചെയ്യാൻ അവസരമൊരുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story