Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷേമനിധി ബാങ്കുകളില്‍ ...

ക്ഷേമനിധി ബാങ്കുകളില്‍ സ്വീകരിക്കുന്നില്ല; വാഹന നികുതി അടക്കാന്‍ കഴിയാതെ ഉടമകള്‍ നെട്ടോട്ടത്തില്‍

text_fields
bookmark_border
കാക്കനാട്: തൊഴിലാളി ക്ഷേമനിധി സ്വീകരിക്കുന്നത് ബാങ്കുകള്‍ നിര്‍ത്തിവെച്ചതോടെ വാഹന നികുതി അടക്കാന്‍ കഴിയാതെ ഉടമകള്‍ നെട്ടോട്ടത്തില്‍. ആര്‍.ടി ഓഫിസുകളില്‍ വാഹന നികുതി സ്വീകരിക്കണമെങ്കില്‍ തൊഴിലാളി ക്ഷേമനിധി അടച്ചതി​െൻറ രശീത് ഹാജരാക്കണം. എന്നാല്‍, ക്ഷേമനിധി ബോര്‍ഡുമായി ഉണ്ടാക്കിയ കരാര്‍ സെപ്റ്റംബര്‍ 30ന് അവസാനിച്ചെന്നുപറഞ്ഞ് ബാങ്ക് അധികൃതര്‍ ക്ഷേമനിധി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നാണ് വാഹന ഉടമകളുടെ പരാതി. മോട്ടോര്‍ വാഹന നിയമമനുസരിച്ച് വാഹന നികുതി സ്വീകരിക്കണമെങ്കില്‍ തൊഴിലാളി ക്ഷേമനിധി അടച്ചതി​െൻറ രശീതും ഹാജരാക്കണം. എന്നാല്‍, ബാങ്കുകള്‍ ക്ഷേമനിധി സ്വീകരിക്കാത്തതിനാല്‍ ഉടമകള്‍ക്ക് വാഹന നികുതി അടക്കാനും കഴിയുന്നില്ല. ബാങ്കുകള്‍ ക്ഷേമനിധി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചാലും ക്ഷേമനിധി അടച്ചതി​െൻറ രശീത് ഇല്ലാതെ നികുതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ക്ഷേമനിധി അടച്ചതി​െൻറ രശീതില്ലാതെ നികുതി സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ലെന്ന് ആര്‍.ടി.ഒ റെജി പി. വര്‍ഗീസ് വ്യക്തമാക്കി. നിശ്ചിത സമയത്തിനകം നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പത്ത് ശതമാനം അധികം തുക പിഴ നല്‍കണം. വണ്ടിയോടിച്ച് കുടുംബം പുലര്‍ത്തുന്ന സാധാരണക്കാരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. സഹകരണ ബാങ്കുകളിലോ മറ്റ് ദേശസാത്കൃത ബാങ്കുകളിലോ ക്ഷേമനിധി അടക്കാൻ സൗകര്യമൊരുക്കുകയോ ക്ഷേമനിധി വിഹിതം ആര്‍.ടി ഓഫിസില്‍ത്തന്നെ സ്വീകരിക്കാനുള്ള നടപടിയെടുക്കുകയോ ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോറിക്ഷക്ക് മാസം 50 രൂപയാണ് ക്ഷേമനിധിയില്‍ അടക്കേണ്ട തുക. ടാക്സി കാറുകള്‍ക്ക് 100 രൂപയും ലൈറ്റ് ഗുഡ്സ് വാഹനങ്ങള്‍ക്ക് 200 രൂപയും അടക്കണം. മീഡിയം വാഹനങ്ങള്‍ 300 രൂപയും ഹെവി വാഹനങ്ങള്‍ 400 രൂപയും മാസം ക്ഷേമനിധി വിഹിതം നല്‍കണം. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പെന്‍ഷനും ലഭിക്കുന്നത് ക്ഷേമനിധിയില്‍നിന്നാണ്. എന്നാല്‍, ഇതി​െൻറ പ്രയോജനം തൊഴിലാളികള്‍ക്ക് പൂര്‍ണമായും ലഭിക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. അധികനാള്‍ ഈ തൊഴിലില്‍ തുടരാത്തവര്‍ക്ക് ഈ തുക നഷ്ടമാകുമെന്നും തൊഴിലാളികള്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story