Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജ്വലിക്കുന്ന...

ജ്വലിക്കുന്ന വിപ്ലവനാളുകളുടെ ഓർമയിൽ ചീരമ്മ

text_fields
bookmark_border
വടുതല: ആയുസ്സി​െൻറ ഭൂരിഭാഗവും വിശ്വസിച്ച പ്രസ്ഥാനത്തിനായി മാറ്റിവെച്ച പോരാട്ടത്തി​െൻറ നാളുകൾ വയലാര്‍ നികര്‍ത്തില്‍ കെ.സി. ചീരമ്മയെന്ന പഴയ വിപ്ലവകാരിക്ക് മനസ്സിൽനിന്ന് മായ്ക്കാനാവില്ല. ജീവിതത്തി​െൻറ സായംസന്ധ്യയില്‍ രോഗപീഡകളാൽ പരസഹായം ആവശ്യമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോഴും 1942ലെ 19കാരിക്ക് അവ നൽകുന്ന ഉൗർജം ചെറുതല്ല. നവതിയിലേക്ക് അടുക്കുേമ്പാഴും രക്തസാക്ഷിമണ്ഡപത്തിനടുത്ത വീട്ടിൽ മായാത്ത സമരോർമകളിൽ പഴയകാലത്തേക്ക് തിരിഞ്ഞുനടക്കുേമ്പാൾ അവർ അറിയാതെ വാചാലയാവും. വീടിനുമുന്നിലെ കായലില്‍ ബോട്ടില്‍ പട്ടാളം വന്നിറങ്ങിയത് വിവരിക്കുേമ്പാൾ ചീരമ്മയുടെ മുഖത്ത് ഇപ്പോഴും സമരാവേശം. സമരത്തിന് പോകേണ്ടെന്ന സഖാക്കളുടെ ഉപദേശം വകവെക്കാതെയാണ് 80-ാം വയസ്സില്‍ ചീരമ്മ കൈനകരിയില്‍ ഭൂസമരത്തിനെത്തിയത്. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ തൊഴിലാളിവര്‍ഗം നടത്തിയ ഉജ്ജ്വലപോരാട്ടത്തില്‍ ചുറുചുറുക്കോടെ ചെങ്കൊടിേയന്തി പോരാട്ടം നയിച്ച ചീരമ്മയുടെ കാതില്‍ ഇന്നും ബ്രിട്ടീഷ് പട്ടാളത്തി​െൻറ ബൂട്ടി​െൻറ കാതടപ്പിക്കുന്ന ശബ്ദം. ട്രാന്‍സ്പോര്‍ട്ട് സമരത്തില്‍ നീണ്ടകാലം ജയില്‍വാസം അനുഭവിച്ചു. 1970ല്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തു. 28 ദിവസം ആലപ്പുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു. പിന്നീട് 16 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചു. കോണ്‍ഗ്രസ് നേതാവ് ദേവകികൃഷ്ണന്‍ (വയലാർ രവിയുടെ മാതാവ്), പുന്നപ്ര-വയലാര്‍ സമരസേനാനി കെ.കെ. കമലാക്ഷി, പി.എ. കാര്‍ത്യായനി എന്നിവര്‍ക്കൊപ്പമായിരുന്നു കയർത്തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച് സംഘടന പ്രവര്‍ത്തനം. പുന്നപ്ര-വയലാര്‍ സമരത്തിലും പിന്നീട് വൈക്കം സത്യഗ്രഹ സമരത്തി​െൻറ ഭാഗമായ പ്രക്ഷോഭങ്ങളിലും പി. കൃഷ്ണപിള്ളക്കൊപ്പവും പങ്കെടുത്തതി​െൻറ ആവേശം ചീരമ്മയുടെ സിരകളിലിന്നുമുണ്ട്. കയർത്തൊഴിലാളികളുടെ സമരത്തി​െൻറ ഭാഗമായി തൊണ്ടുതല്ല് മെഷീന്‍ തല്ലിപ്പൊളിച്ച് പൊലീസ് സ്റ്റേഷനില്‍ മൂന്നുദിവസം സത്യഗ്രഹം നടത്തിയതും ഈ വയോധികക്ക് ജ്വലിക്കുന്ന ഓര്‍മയാണ്. വിപ്ലവഗാനം പാടിയും നാടന്‍പാട്ട് പാടിയും ചീരമ്മയുടെ വീട്ടിലാണ് പുന്നപ്ര--വയലാര്‍ സമരകാലത്ത് വാരിക്കുന്തം ഉണ്ടാക്കിയത്. കയർത്തൊഴിലാളിയായിരുന്ന ചീരമ്മ ഇപ്പോഴും സി.പി.എം വയലാര്‍ ലോക്കലിലെ കെ.എന്‍.എസ് ബ്രാഞ്ച് അംഗമാണ്. മകൻ സന്തോഷ്കുമാറിനൊപ്പമാണ് താമസം. -തൗഫീഖ് അസ്‌ലം
Show Full Article
TAGS:LOCAL NEWS 
Next Story