മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: ജ്യോതി മധുവിനെ ക്രൈംബ്രാഞ്ച് കസ്​റ്റഡിയില്‍ വാങ്ങി

05:41 AM
15/11/2017
മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ജ്യോതി മധുവിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവു ശേഖരണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെ മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാനായിരുന്നു ക്രൈം ബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, കോടതി രണ്ട് ദിവസം അനുവദിച്ചു. കസ്റ്റഡി അപേക്ഷക്കെതിരെ പ്രതിഭാഗം വിവിധ വാദങ്ങൾ ഉന്നയിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. 16 ഓളം പ്രതികള്‍ ഉള്‍പ്പെട്ട കേസാണിത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ബാങ്ക് രേഖകള്‍ ഉൾപ്പെടെ തെളിവുകള്‍ എല്ലാം അന്വേഷണ സംഘത്തി​െൻറ കൈവശമുണ്ട്. 12 ഓളം പ്രാവശ്യം പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. കസ്റ്റഡി ഉത്തരവ് വന്നതിനുശേഷം പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയശേഷം ജ്യോതി മധുവിനെ അന്വേഷണസംഘം താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ എത്തിച്ച് തെളിവ് ശേഖരിച്ചു. 16ന് ഉച്ചയ്ക്ക് 1 മണി വരെയാണ് കസ്റ്റഡി കാലാവധി. ഇതിനുള്ളില്‍ കൂടുതല്‍ പരിശോധന നടക്കുമെന്ന് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ വി. ജോഷി അറിയിച്ചു.
COMMENTS