Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൻഷുറൻസ്​...

ഇൻഷുറൻസ്​ ഒാംബുഡ്​സ്​മാൻ നിയമനം മുടങ്ങി; കെട്ടിക്കിടക്കുന്നത്​ ആയിരക്കണക്കിന്​ പരാതികൾ

text_fields
bookmark_border
കൊച്ചി: ഇൻഷുറൻസ് കമ്പനികൾക്കെതിരായ പരാതികൾ പരിഹരിക്കാനും പോളിസി ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് രൂപവത്കരിച്ച ഇൻഷുറൻസ് ഒാംബുഡ്സ്മാൻ കേന്ദ്രങ്ങൾ നോക്കുകുത്തികളായി. ഒാംബുഡ്സ്മാൻ നിയമനം നടക്കാത്തതിനാൽ മാസങ്ങളായി ആയിരക്കണക്കിന് പരാതികൾ കെട്ടിക്കിടക്കുകയാണ്. പരാതി പരിഹാര സംവിധാനം ഇല്ലാത്തത് മുതലെടുത്ത് ഇൻഷുറൻസ് കമ്പനികൾ ചികിത്സ ചെലവ് അടക്കം ആനുകൂല്യങ്ങൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് നിഷേധിക്കുകയാണ്. രാജ്യത്തെ 17 ഇൻഷുറൻസ് ഒാംബുഡ്സ്മാൻ കേന്ദ്രങ്ങളിൽ കേരളം ഉൾപ്പെടെ 16 ഇടങ്ങളിലും ഒാംബുഡ്സ്മാനില്ല. നോയിഡയിൽ മാത്രമാണുള്ളത്. കൊച്ചിയിലാണ് കേരളത്തിലെ കേന്ദ്രം. ലക്ഷദ്വീപ്, മാഹി എന്നിവയും പോണ്ടിച്ചേരിയുടെ ചില ഭാഗങ്ങളും ഇൗ കേന്ദ്രത്തി​െൻറ അധികാര പരിധിയിലാണ്. കൊച്ചിയിലെ കേന്ദ്രത്തിൽ കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ഒാംബുഡ്സ്മാനില്ല. മാർച്ച് വരെയുള്ള പരാതികൾ ഡൽഹിയിൽനിന്നുള്ള ഒാംബുഡ്സ്മാൻ ഡെപ്യൂേട്ടഷനിലെത്തി തീർപ്പാക്കിയിരുന്നു. അദ്ദേഹം വിരമിച്ചതോടെ അതും നിലച്ചു. ഇതിനുശേഷം ലഭിച്ച 292 പരാതികൾ തീർപ്പാക്കാനായിട്ടില്ല. ഇവയിൽ ഭൂരിഭാഗവും ചികിത്സ ആനുകൂല്യവുമായി ബന്ധപ്പെട്ടവയാണ്. ഒാംബുഡ്സ്മാൻ നിയമന വിജ്ഞാപനത്തിലെ അപാകത ചൂണ്ടിക്കാട്ടി ചിലർ കോടതിയെ സമീപിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഒാംബുഡ്സ്മാ​െൻറ കാലാവധി മൂന്നു വർഷമാണ്. 65 വയസ്സ് അല്ലെങ്കിൽ മൂന്നുവർഷം ഏതാണോ ആദ്യം പൂർത്തിയാകുന്നത് അതായിരുന്നു നേരേത്ത വിരമിക്കൽ മാനദണ്ഡം. വ്യവസ്ഥകൾക്ക് വിധേയമായി പുനർനിയമനത്തിന് അർഹതയുണ്ട്. പുതിയ ചട്ടങ്ങൾ പ്രകാരം വിരമിക്കൽ പ്രായം 70 ആക്കി. എന്നാൽ, നിയമന വിജ്ഞാപനത്തിൽ അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 64 വയസ്സാണ്. 70 വയസ്സ് വരെ ജോലി ചെയ്യാവുന്ന പദവിക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 64 ആയി നിശ്ചയിച്ചതിനെതിരെയാണ് വിരമിച്ച ഒാംബുഡ്സ്മാൻമാർ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ അന്നുണ്ടായിരുന്ന പത്ത് ഒഴിവിലേക്ക് 110 അപേക്ഷ സ്വീകരിച്ച് നടപടി പൂർത്തിയാക്കിയെങ്കിലും വിഷയം കോടതിയിൽ എത്തിയതോടെ അഭിമുഖം നടത്താനായിട്ടില്ല. -- പി.പി. കബീർ--
Show Full Article
TAGS:LOCAL NEWS 
Next Story