Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമറയുന്നുവോ...

മറയുന്നുവോ പൈതൃകക്കാഴ്​ചകൾ-^ 2

text_fields
bookmark_border
മറയുന്നുവോ പൈതൃകക്കാഴ്ചകൾ-- 2 മൂന്ന് വിദേശ നാഗരികതകൾ കൈവരിച്ച ഇന്ത്യയിലെ ഒരേയൊരു നഗരമാണ് കൊച്ചി. 1503 മുതൽ പോർചുഗീസുകാർ അധിനിവേശശക്തിയായി കൊച്ചിയിലെത്തി ഭരണം സ്ഥാപിച്ചു. 1663ൽ പോർചുഗീസുകാരെ തുരത്തി ഡച്ചുകാരും അവരെ തോൽപിച്ച് 1795 മുതൽ ബ്രിട്ടീഷുകാരും കൊച്ചി ഭരിച്ചു. മൂന്നു ഭരണകാലെത്തയും സംസ്കൃതികൾ കൊച്ചിയുടെ മണ്ണിൽ ഇന്നും ലയിച്ചുകിടപ്പുണ്ട്. അധിനിവേശ കാലത്ത് പണിത കെട്ടിടങ്ങൾ യൂറോപ്യൻ വാസ്തുകലയുടെ നേർക്കാഴ്ചകളാണ്. ഇവ ചരിത്രകുതുകികൾ അടക്കം സഞ്ചാരികളെ ആകർഷിക്കുന്നു. ഫോർട്ടുകൊച്ചിയിലെ പ്രിൻസസ് സ്ട്രീറ്റ് അടക്കം പഴയ യൂറോപ്യൻ തെരുവുകൾ പലതും അതേ പേരുകളിൽ കെട്ടിടങ്ങളുടെ നീണ്ടനിരയോടെ സഞ്ചാരികളുടെ ആകർഷണങ്ങളായി നിലകൊള്ളുന്നു. ഇവയുടെ പഴമക്കും പൈതൃകത്തിനും കോട്ടം തട്ടുംവിധം രൂപഭംഗി മാറ്റരുതെന്ന് പുരാവസ്തു വകുപ്പ് അധികൃതർ കർശന നിർദേശം നൽകിരുന്നെങ്കിലും കച്ചവടതാൽപര്യം കണക്കിലെടുത്ത് ഉന്നതരുടെ പിൻബലത്തോടെ മുഖഭംഗിക്കുതന്നെ മാറ്റംവരുത്തി. കൊച്ചിയുടെ പൈതൃക പെരുമയാണ് ഇത്തരത്തിൽ ഇല്ലാതാകുന്നത്. അധിനിവേശ ശക്തികൾ നിർമിച്ച ലില്ലി സ്ട്രീറ്റ്, ബാസ്റ്റ്യൻസ്ട്രീറ്റ്, പീറ്റർ സെല്ലി സ്ട്രീറ്റ്, ഫോസ് റോഡ്, നേപ്യർ സ്ട്രീറ്റ്, റോസ് സ്ട്രീറ്റ്, കനോസ പിയസ, ക്യുറോസ്ട്രീറ്റ് തുടങ്ങിയ തെരുവുകളിലെ കെട്ടിടങ്ങളുടെ യൂറോപ്യൻ ശൈലിക്ക് രൂപമാറ്റം വരുത്തലും റോഡുകളിലേക്ക് ഇറക്കി ചമയങ്ങളുടെ നിർമാണവും നിർബാധം തുടരുകയാണ്. ഇതിനുപുറമെയാണ് ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നതിൽ അധികൃതരുടെ നിസ്സംഗത. 1503ൽ പോർചുഗീസുകാർ ഭരണസൗകര്യവും രാജ്യസുരക്ഷയും കണക്കിലെടുത്ത് ഫോർട്ടുകൊച്ചി കടപ്പുറത്ത് ഇമ്മാനുവൽ കോട്ട നിർമിച്ചിരുന്നു. പോർചുഗീസുകാരെ യുദ്ധത്തിൽ തോൽപ്പിച്ച ഡച്ചുകാർ കോട്ട തകർത്തെങ്കിലും കൊത്തളങ്ങളിൽ ഒന്ന് തങ്ങളുടെ സൈനിക ആവശ്യങ്ങൾക്കായി നിലനിർത്തി. ഫോർട്ടുകൊച്ചി കടപ്പുറത്തെ വടക്കേപ്രവേശന കവാടത്തോട് ചേർന്ന ബാസ്റ്റ്യൻ ബംഗ്ലാവാണ് ഈ കൊത്തളം. കോമൺവെൽത്തിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിൽ ഒന്നായി ഗണിക്കപ്പെടുന്ന ബംഗ്ലാവ് രണ്ടുവർഷമായി അടഞ്ഞുകിടക്കുകയാണ്. പൈതൃക ചരിത്ര മ്യൂസിയമാക്കി ഉദ്ഘാടനം ചെയ്തതോടെയാണ് ഈ ഗതികേട്. കോടികൾ മുടക്കി നവീകരിച്ച കെട്ടിടം ഉദ്ഘാടനംചെയ്ത് മന്ത്രി മടങ്ങിയതിനു പിന്നാലെ താഴു വീണു. സ്മാരകം കാണാൻ വിദേശികളടക്കം ഒട്ടേറെ സഞ്ചാരികളും ചരിത്രാന്വേഷകരും എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. ജില്ലയുടെ ചരിത്രം വിവരിക്കുന്ന മ്യൂസിയമെന്ന നിലയിലാണ് കോടികൾ ചെലവിട്ട് നവീകരിച്ചത്. ടൂറിസ്റ്റ് സീസൺ ആരംഭിച്ചിട്ടും മ്യൂസിയം തുറന്നിട്ടില്ല. എന്ന് തുറക്കുമെന്ന് അധികൃതർക്കുപോലും നിശ്ചയവുമില്ല. (തുടരും )
Show Full Article
TAGS:LOCAL NEWS 
Next Story