Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:42 AM GMT Updated On
date_range 2017-06-19T14:12:45+05:30നഗരസഭയുടെ ടാങ്കര്‍ ലോറി വഴിയുള്ള കുടിവെള്ള വിതരണം നിലച്ചു; മട്ടാഞ്ചേരി, പള്ളുരുത്തി മേഖലയിൽ പൊതുജനം ദുരിതത്തിൽ
text_fieldsമട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറി വഴി വിതരണം ചെയ്യുന്ന കുടിവെള്ളം നിലച്ചു. പൊതുടാപ്പിലൂടെ കുടിവെള്ളം ലഭിക്കാത്ത ഇടങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള കുടിവെള്ളത്തിെൻറ വിതരണമാണ് നിലച്ചത്. ഇതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മട്ടാഞ്ചേരി, പള്ളുരുത്തി, ഇടക്കൊച്ചി ഭാഗങ്ങളില്‍ ദുരിതമേറി. വ്രതാനുഷ്ഠാന കാലത്ത് കുടിവെള്ളം കിട്ടാതായത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇടക്കൊച്ചി ഇത്തിത്തറ കോളനി, പെരുമ്പടപ്പ് പ്രദേശം, കോണം, പള്ളുരുത്തിയിലെ ചില ഭാഗങ്ങള്‍, മട്ടാഞ്ചേരിയിലെ ചക്കാമാടം, പനയപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലും നഗരത്തിെൻറ വിവിധ പ്രദേശങ്ങളിലും ടാങ്കര്‍ ലോറി കുടിവെള്ളത്തെ ആശ്രയിച്ചാണ് ജനങ്ങൾ കഴിയുന്നത്. എന്നാല്‍, ഇത് പെട്ടെന്ന് നിലച്ചതോടെ ജനപ്രതിനിധികളും വെട്ടിലായി. മൂന്നുദിവസം മുമ്പാണ് കുടിവെള്ള വിതരണം നിര്‍ത്തിവെച്ചത്. കുടിവെള്ളത്തിന് ജനപ്രതിനിധികള്‍ കരാറുകാരെ ബന്ധപ്പെട്ടപ്പോഴാണ് കരാര്‍ പുതുക്കാത്തതിനാല്‍ കുടിവെള്ള വിതരണം നിര്‍ത്തിയതായി അറിയുന്നത്. സര്‍ക്കാറിെൻറ ഉത്തരവുള്ളതുകൊണ്ടാണ് കരാര്‍ പുതുക്കാന്‍ കഴിയാത്തതെന്നാണ് മേയര്‍ പറയുന്നത്. മഴക്കാലമായതിനാൽ വരള്‍ച്ച സമയത്ത് കൊടുത്തിരുന്ന കുടിവെള്ള വിതരണം നിര്‍ത്തിവെക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. വരൾച്ച സമയത്ത് മാത്രമല്ല നഗരസഭ കൊച്ചി നഗരത്തില്‍ കുടിവെള്ളം ടാങ്കര്‍ ലോറിയില്‍ വിതരണം ചെയ്യുന്നത്. മറിച്ച് പൊതു ടാപ്പിലൂടെ കുടിവെള്ളം ലഭ്യമാകാത്തയിടങ്ങളിലും ഇത്തരത്തില്‍ ടാങ്കര്‍ ലോറി വഴി കുടിവെള്ളം വിതരണം ചെയ്തിരുന്നു. സര്‍ക്കാര്‍ ഉത്തരവില്‍ ഇതുസംബന്ധിച്ച് പരാമര്‍ശമില്ലാത്തതിനാലാണ് കരാര്‍ പുതുക്കാതിരുന്നതെന്നാണ് സൂചന. അതേസമയം, സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വരുത്തി ടാങ്കര്‍ ലോറി കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് കൗണ്‍സിലര്‍ ടി.കെ. അഷറഫ് ആവശ്യപ്പെട്ടു. പലയിടങ്ങളിലും കുടിവെള്ളത്തിന് ടാങ്കര്‍ ലോറികളെയാണ് ആശ്രയിക്കുന്നത്. പൊതുടാപ്പിലൂടെ കുടിവെള്ളം വരുന്ന പല മേഖലകളിലും മാലിന്യം കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. ഇതും കുടിക്കാന്‍ ഉപയോഗിക്കാനാകില്ല. ആ സാഹചര്യത്തിലും ഇത്തരത്തില്‍ ടാങ്കര്‍ ലോറി വെള്ളമാണ് ആശ്രയം. ആയതിനാല്‍ അടിയന്തരമായി ടാങ്കര്‍ ലോറി കുടിവെള്ളം പുനരാരംഭിക്കാന്‍ മേയര്‍ നടപടി സ്വീകരിക്കണമെന്നാണ് ജനപ്രതിനിധികൾ ആവശ്യപ്പെടുന്നത്.
Next Story