Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2017 5:32 AM GMT Updated On
date_range 2017-12-18T11:02:59+05:30കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് കൊടിയേറി; ഫോർട്ട്കൊച്ചിക്ക് ഉത്സവ നാളുകൾ
text_fieldsമട്ടാഞ്ചേരി: മുപ്പത്തിനാലാമത് കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കെ.ജെ. മാക്സി എം.എൽ.എ കാർണിവൽ പതാക ഉയർത്തി. കാർണിവൽ കമ്മിറ്റിയിൽ അംഗങ്ങളായ ക്ലബുകളുടെ ഭാരവാഹികൾ സംഘടനകളുടെ പതാകകൾ ഉയർത്തി. ഇനി പുതുവർഷദിനംവരെ ഫോർട്ട്കൊച്ചിക്ക് ഉത്സവനാളുകളാണ്. ബീച്ച് മോട്ടോർ ബൈക്ക് റേസ്, ഗുസ്തി, ഫുട്ബാൾ, കുറാഷ്, പഞ്ചഗുസ്തി, കയാക്കിങ്, നീന്തൽ, സൈക്ലിങ്, കുട്ടിയും കോലും കളി തുടങ്ങിയ കായിക മത്സരങ്ങളും, മെഹന്തി, രംഗോലി, കോലം വരക്കൽ, ചലച്ചിത്രഗാന മത്സരം, ചിത്രരചന തുടങ്ങിയ കലാ മത്സരങ്ങളും വരും ദിവസങ്ങളിൽ നടക്കും. ഈ മാസം 31ന് അർധ രാത്രി പുതുവർഷ പുലരിയിലേക്ക് കടക്കുന്ന വേളയിലാണ് കടപ്പുറത്ത് നാൽപത് അടി ഉയരത്തിലുള്ള പാപ്പയെ കത്തിക്കുന്നത്. ജനുവരി ഒന്നിന് ഉച്ചക്ക് മൂന്നിന് ഫോർട്ട്കൊച്ചി വെളിയിൽനിന്ന് കാർണിവൽ റാലി ആരംഭിക്കും. റാലി പരേഡ് മൈതാനത്ത് എത്തുമ്പോൾ സമാപന സമ്മേളനത്തോടെ കാർണിവൽ സമാപിക്കും. കൊടി ഉയർത്തൽ ചടങ്ങിൽ സബ് കലക്ടർ ഇമ്പശേഖരൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, കൗൺസിലർമാരായ ഷൈനി മാത്യു, കെ.ജെ. ആൻറണി, സീനത്ത് റഷീദ്, ബെന്നി ഫെർണാണ്ടസ്, ജയന്തി പ്രേംനാഥ്, ഷീബലാൽ, ബിന്ദു ലെവിൻ, ഇന്ത്യൻ ചേംബർ പ്രസിഡൻറ് രാജേഷ് അഗർവാൾ, കാർണിവൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി. ഡി.മജീന്ദ്രൻ, ജനറൽ കൺവീനർ പി.ഇ. വിൽസൺ എന്നിവർ സംസാരിച്ചു. കൊച്ചിൻ കാർണിവലിന് ഫോർട്ട്കൊച്ചി വെളി മൈതാനം തുറന്നു മട്ടാഞ്ചേരി: കായിക പ്രേമികളെ നിരാശരാക്കിക്കൊണ്ട് ഫോർട്ട്കൊച്ചിയിലെ വെളി മൈതാനം കൊച്ചിൻ കാർണിവൽ ആഘോഷത്തിന് മാത്രമായി മേയർ തുറന്നു കൊടുത്തു. ജനുവരി അഞ്ചുവരെയാണ് മൈതാനം വിട്ടുകൊടുത്തത്. ഫിഫ അണ്ടർ 17 ലോകകപ്പിന് പരിശീലനമൈതാനമാക്കി നവീകരിച്ചതാണ് ഇപ്പോൾ കായിക പ്രേമികൾക്ക് വിനയായി മാറിയത്. ഫുട്ബാൾ, ഹോക്കി, സൈക്ലിങ്, അത്ലറ്റിക്സ് എന്നിവയുടെ പരിശീലനത്തിന് ഉപയോഗിച്ചിരുന്ന മൈതാനമാണ് ഫിഫ പരിശീലന ഗ്രൗണ്ടാക്കി െതരഞ്ഞെടുത്തത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പ്രദേശത്തെ നൂറുകണക്കിന് കായിക താരങ്ങളുടെ പരിശീലനത്തെയും കളിയെയും ബാധിച്ചു. ലോകകപ്പ് കഴിഞ്ഞാൽ മൈതാനം പരിശീലനത്തിന് ലഭിക്കുമെന്ന പ്രത്യാശയിലായിരുന്നു കായിക താരങ്ങൾ. എന്നാൽ, ഒന്നര മാസം കഴിഞ്ഞിട്ടും തുറക്കാൻ പോലും കഴിഞ്ഞില്ല. ശനിയാഴ്ച മൈതാനം തുറന്നുകൊടുക്കുമെന്ന വാർത്ത പരന്നതോടെ കായിക പ്രേമികൾ സന്തോഷത്തിലായിരുന്നു. കൊച്ചി കൂട്ടായ്മയുടെ ഭാരവാഹികളായ പ്രസിഡൻറ് ടി.എം. റിഫാസ്, ഇ.ജെ. ഡാനി, ദിലീപ് കുഞ്ഞുട്ടി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പടക്കം പൊട്ടിച്ചും, മധുരം വിളമ്പിയും ആഹ്ലാദം പങ്കിട്ടു. എന്നാൽ, ഗേറ്റ് തുറന്ന് മേയർ നടത്തിയ പ്രസ്താവന നാട്ടുകാരെ തളർത്തി. കാർണിവലിന് വേണ്ടിയാണ് താൽക്കാലികമായി തുറന്നതെന്നും, പ്രദേശത്തെ കായിക താരങ്ങളുടെ പരിശീലന സൗകര്യത്തെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു മേയർ അറിയിച്ചത്. പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണിയും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും, ബി.ജെ.പി. കൗൺസിലർ ശ്യാമള എസ്.പ്രഭു, ഡിവിഷൻ കൗൺസിലർ ഷീബലാൽ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു. മേയറുടെ പ്രസ്താവന കായിക പ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് ഇട വരുത്തിയിരിക്കുന്നത്.
Next Story