Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതമംഗലം താലൂക്ക്...

കോതമംഗലം താലൂക്ക് ആശുപത്രി: ചികിത്സ വേണ്ടത് നടത്തിപ്പുകാര്‍ക്ക്

text_fields
bookmark_border
കോതമംഗലം: കുട്ടമ്പുഴ ഉള്‍പ്പെടെ എട്ട് പഞ്ചായത്തുകളിലെയും നഗരസഭയിലേതടക്കം സാധാരണക്കാരുടെയും ആദിവാസികളുടെയും ഏക ആശ്രയമാണ് കോതമംഗലം താലൂക്കാശുപത്രി. സാമൂഹികാരോഗ്യ കേന്ദ്രം എന്ന പദവിയില്‍നിന്ന് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുള്ളത്ര ജീവനക്കാര്‍പോലുമില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 19 ഡോക്ടര്‍മാരുടെ തസ്തികയാണ് ഉള്ളത്. ആറ് തസ്തിക ഒഴിഞ്ഞു കിടക്കുന്നു. പ്രതിവാര അവധി, വി.ഐ.പി ഡ്യൂട്ടി, കോടതി ഡ്യൂട്ടി, മെഡിക്കല്‍ ബോര്‍ഡുകള്‍ എന്നിവയും കഴിയുമ്പോള്‍ ഒ.പിയില്‍ ഉണ്ടാവുക പരമാവധി മൂന്ന് ഡോക്ടര്‍മാര്‍ മാത്രം. ഒ.പിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ദിവസം 800 മുതല്‍ 1200 വരെ. ഈ മൂന്ന് ഡോക്ടര്‍മാരാണ് മുഴുവന്‍ പേരെയും പരിശോധിക്കുന്നത്. ഇതുകാരണം ഒ.പിയില്‍ വരിനിന്ന് രോഗികള്‍ തളര്‍ന്നുവീഴുന്നത് പതിവാണ്. കാഷ്വാല്‍റ്റിയില്‍ ഒരു ഷിഫ്റ്റില്‍ ആകെ ഉണ്ടാവുക ഒരു ഡോക്ടറും ഒരു നഴ്സുമാണ്. ഒരുദിവസം കാഷ്വാല്‍റ്റിയില്‍ എത്തുന്ന രോഗികളുടെ എണ്ണം 300 മുതല്‍ 350 വരെയാണ്. അമിത ജോലിഭാരം കാരണം ഡ്യൂട്ടി നഴ്സ് മോഹാലസ്യപ്പെട്ട് വീണത് കഴിഞ്ഞ ദിവസമാണ്. ഒ.പിയില്‍ ഡോക്ടര്‍മാരെ കാണാന്‍ താമസം നേരിടുന്നതോടെ രോഗികള്‍ കൂട്ടമായി കാഷ്വാല്‍റ്റിയിലേക്ക് എത്തും. കാഷ്വാല്‍റ്റിയില്‍ മിനിമം മൂന്നു നഴ്സുമാര്‍ എങ്കിലും നിര്‍ബന്ധമായും വേണമെന്നിരിക്കെയാണ് ഒരു നഴ്സ്. പരിചരണം വൈകുന്നതോടെ പലപ്പോഴും രോഗികളുടെ കൂട്ടിരിപ്പുകാരും ജീവനക്കാരുമായി സംഘര്‍ഷവും പതിവാകും. ശരാശരി കിടപ്പുരോഗികളുടെ എണ്ണം നൂറിലധികം മാത്രമായതിനാല്‍ 23 നഴ്സുമാര്‍ മതി എന്നാണ് സൂപ്രണ്ടിന്‍െറ പക്ഷം. അഞ്ച് വാര്‍ഡുകളും കാഷ്വാല്‍റ്റിയും ലേബര്‍റൂമും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് മാത്രം 38 നഴ്സുമാര്‍ വേണം. പകല്‍ മാത്രം പ്രവര്‍ത്തിക്കുന്ന മേജര്‍, മൈനര്‍, കണ്ണ് തിയറ്ററുകള്‍, പാലിയേറ്റിവ്, ഒ.പി, ഡെന്‍റല്‍ വിഭാഗം എന്നിവ ഇതിന് പുറമേയാണ്. 23 നഴ്സുമാരുടെ തസ്തികയാണ് ഇവിടെയുള്ളത് എന്നാല്‍, 18 പേരാണ് ജോലിയിലുള്ളത്. ഒരു ഫിസിഷ്യന്‍ മാത്രമാണ് നിലവിലുള്ളത്. സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടു ഫിസിഷ്യന്‍മാരെ നിയമിച്ച് മെഡിക്കല്‍ ഐ.സി.യു സജ്ജമാക്കിയാല്‍ പകര്‍ച്ചപ്പനി കാരണം രക്തത്തിലെ പ്ളേറ്റ്ലറ്റ് കൗണ്ട് കുറയുന്നവര്‍ക്കുള്ള ചികിത്സ നല്‍കാന്‍ കഴിയും. ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ എത്തുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഗര്‍ഭിണികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വിടുകയാണ് പതിവ്. ആശുപത്രിയില്‍ നിലവില്‍ ജനറല്‍ സര്‍ജനും കണ്ണുരോഗ ചികിത്സകനും ഇല്ല. ആശുപത്രിയിലെ ലാബും ഫാര്‍മസിയും പ്രവര്‍ത്തിക്കുന്നത് മൂന്നുമണി വരെ മാത്രമാണ്. ആധുനിക രീതിയില്‍ സജ്ജീകരിച്ച പുതിയ ഓപറേഷന്‍ തിയറ്റര്‍ എ.സി വെക്കാനുള്ള ഫണ്ടില്ലാത്തതിനാല്‍ തിയറ്ററിലെ വിലകൂടിയ ഉപകരണങ്ങളുടെയെല്ലാം വാറന്‍റി കാലാവധി കഴിഞ്ഞു നശിക്കുകയാണ്. ആംബുലന്‍സുകള്‍ മൂന്നെണ്ണം ഉണ്ടെങ്കിലും ഡ്രൈവര്‍ ഒരാള്‍ മാത്രം. വടാട്ടുപാറ, കുട്ടമ്പുഴ, മാമലക്കണ്ടം, വാളറ എന്നിവിടങ്ങളിലെ ആദിവാസികള്‍ക്ക് ഏക ആശ്രയമായ ആശുപത്രി എന്ന നിലയില്‍ ട്രൈബല്‍ വിഭാഗത്തിനുള്ള കോര്‍പസ് ഫണ്ട് ഉപയോഗപ്പെടുത്തി ആശുപത്രിയെ സ്പെഷാല്‍റ്റി ആശുപത്രിയാക്കി ഉയര്‍ത്താന്‍ കഴിയും. പുതിയ തസ്തികകള്‍ അനുവദിക്കാന്‍ തടസ്സം നേരിടുന്ന സ്ഥിതിക്ക് അത്യാവശ്യമുള്ള ഡോക്ടര്‍മാരെയും നഴ്സുമാരെയും എന്‍.ആര്‍.എച്ച്.എം വഴി നിയമിക്കാം. എന്നാല്‍, ജില്ലക്ക് അനുവദിച്ചിട്ടുള്ള എന്‍.ആര്‍.എച്ച്.എം നിയമനങ്ങളില്‍ ഭൂരിഭാഗവും എറണാകുളം ആശുപത്രിയിലാണ്. ഇത് കടുത്ത വിവേചനമാണെന്നും ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ പറയുന്നു. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുകയാണ് പ്രശ്നപരിഹാരത്തിന് ആദ്യം ചെയ്യേണ്ടത് എന്നാല്‍, നാളിതുവരെയായി താലൂക്ക് ആശുപത്രിയുടെ പാറ്റേണ്‍ ആവശ്യപ്പെട്ട് ഒരു പ്രൊപ്പോസല്‍പോലും സൂപ്രണ്ടുമാര്‍ അയച്ചിട്ടില്ല. സ്വകാര്യ ആശുപത്രികളുടെ താല്‍പര്യം സംരക്ഷിക്കാനായി താലൂക്കാശുപത്രിയുടെ വികസനത്തില്‍ മുനിസിപ്പല്‍ അധികൃതര്‍ മന$പൂര്‍വം ഉപേക്ഷ വരുത്തുകയാണ് എന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ചും അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് ആന്‍റണി ജോണ്‍ എം.എല്‍.എ ചൊവ്വാഴ്ച ആരോഗ്യമന്ത്രിയെ കാണും. ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കാന്‍ ആവശ്യപ്പെട്ട് പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ് ജീവനക്കാരുടെ സംയുക്ത സമരസമിതി. ആശുപത്രി വികസനസമിതിയും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായിനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഈ ആതുരാലയത്തെ രക്ഷിക്കാനാകൂ.
Show Full Article
TAGS:LOCAL NEWS 
Next Story